![search icon](https://www.reporterlive.com/assets/images/icons/search.png)
കൊച്ചി: കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റാണ് അനന്തു കൃഷ്ണനെ തനിക്ക് പരിചയപ്പെടുത്തിയതെന്ന ആനന്ദകുമാറിന്റെ ആരോപണം തള്ളി ലാലി വിന്‍സെന്റ്. അനന്തു കൃഷ്ണന്‍ വഴിയാണ് താന്‍ ആനന്ദകുമാറിനെ പരിചയപ്പെട്ടതെന്ന് ലാലി വിന്‍സെന്റ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
മൂന്ന് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആനന്ദകുമാറിനെ പരിചയപ്പെട്ടതെന്നാണ് ഓര്‍മ. ഭാരത് ടൂറിസ്റ്റ് ഹോമിൽ നടന്ന പരിപാടിയില്‍ വെച്ചാണ് പരിചയപ്പെട്ടത്. അനന്തുകൃഷ്ണനെ മകനെപ്പോലെ കൊണ്ടുനടന്നയാളാണ് ആനന്ദകുമാര്‍. കള്ളമാണ് ആനന്ദകുമാര്‍ തന്നെപ്പറ്റി പറഞ്ഞതെന്നും ലാലി വിന്‍സെന്റ് പറഞ്ഞു. എന്നാല്‍ തന്റെ ഓഫീസിലേക്ക് അനന്ദുകൃഷ്ണനെ കൊണ്ടുവന്നത് ലാലി വിന്‍സെന്റ് ആണെന്നും അപ്പോഴാണ് അനന്ദുവിനെ പരിചയപ്പെട്ടതെന്നും ആനന്ദകുമാര്‍ പറയുന്നത്.
അതേസമയം പകുതിവില തട്ടിപ്പിൻ്റെ മുഖ്യസൂത്രധാരന്‍ സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദ കുമാറെന്ന നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ആനന്ദ കുമാറിന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തല്‍. എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ചുമതലയില്‍ നിന്ന് ആനന്ദകുമാര്‍ ഒഴിഞ്ഞ സാഹചര്യവും പരിശോധിക്കുന്നുണ്ട്.
പിടിയിലായ അനന്തുകൃഷ്ണന്‍ ആനന്ദകുമാറിന്റെ ബിനാമി ആണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കേസില്‍ അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണനായുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുക. അഞ്ച് ദിവസത്തേക്കുള്ള കസ്റ്റഡി അപേക്ഷയാണ് നല്‍കിയത്. 1000 കോടിയിലധികം രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കസ്റ്റഡിയില്‍ വാങ്ങിയതിന് ശേഷം അനന്തുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.
തട്ടിയ പണം എവിടെ നിക്ഷേപിച്ചെന്ന് കണ്ടെത്തണം. തട്ടിപ്പില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. നാല് കോടിയോളം രൂപയുള്ള അക്കൗണ്ട് മാത്രമാണ് മരവിപ്പിച്ചത്. കേസ് ഉടന്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും. അതേ സമയം, അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നോവ ക്രിസ്റ്റ അടക്കം മൂന്നു കാറുകളാണ് കസ്റ്റഡിയിലെടുത്തത്. ഈ വാഹനങ്ങള്‍ തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് പൊലീസ് പറയുന്നു. അനന്തു കൃഷ്ണന്റെ അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
Content Highlight: laly vincent agaianst kn ananthakumar