![search icon](https://www.reporterlive.com/assets/images/icons/search.png)
കൊച്ചി: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അപ്പീല്‍ ഹൈക്കോടതി വിധിപറയാന്‍ മാറ്റി. നവീന്‍ ബാബുവിൻ്റെ ഭാര്യ കെ മഞ്ജുഷ നല്‍കിയ അപ്പീലില്‍ വാദം കേട്ട ശേഷമാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. വിഷയത്തില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യം എന്താണെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. സിബിഐ അന്വേഷണത്തിന് വിടാനുള്ള മതിയായ കാരണങ്ങളില്ല. എസ്ഐടിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്ഷേപമില്ലല്ലോയെന്നും നിലവിലെ അന്വേഷണത്തില്‍ പിഴവുകളില്ലല്ലോയെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.
സിബിഐ ഉള്‍പ്പടെയുള്ള എല്ലാ അന്വേഷണ ഏജന്‍സികളും സര്‍ക്കാരുകളുടെ കീഴിലാണെന്നും ഹൈക്കോടതി പറഞ്ഞു. എസ്ഐടി അന്വേഷണം പൂര്‍ത്തിയായ ശേഷവും സിബിഐ അന്വേഷണം ആകാമല്ലോയെന്നും ഹൈക്കോടതി ചോദിച്ചു. സിബിഐ അന്വേഷണമില്ലെങ്കില്‍ ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്‍പ്പിക്കണമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ചിലെ ഉന്നത ഉദ്യോഗസ്ഥനെ അന്വേഷണ ചുമതലയില്‍ നിയോഗിക്കണമെന്നുമായിരുന്നു കുടുംബത്തിന്റെ വാദം. നിലവില്‍ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും എസ്ഐടിയെ മാറ്റേണ്ടതില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
Content Highlights: Naveen Babu death appeal demanding CBI probe was adjourned for adjudication