![search icon](https://www.reporterlive.com/assets/images/icons/search.png)
തിരുവനന്തപുരം: രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാകട്ടെ എന്ന് ആശംസിച്ച സ്വാഗത പ്രാസംഗികന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊടും ചതിയായിപ്പോയെന്നും ഒരു പാർട്ടിക്ക് തന്നെ ക്ഷീണമുണ്ടാക്കുന്ന ബോംബാണ് പൊട്ടിച്ചതെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. തിരുവനന്തപുരത്ത് നോർക്ക സംഘടിപ്പിച്ച വ്യവസായി രവി പിളളയെ ആദരിക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ മറുപടി.
ചടങ്ങിൽ ഡോ. ജി രാജ്മോഹനായിരുന്നു സ്വാഗത പ്രാസംഗികൻ. കേരള രാഷ്ട്രീയത്തിലെ ഒരിക്കലും അവഗണിക്കാൻ പറ്റാത്ത നേതാവാണ് രമേശ് ചെന്നിത്തല. അടുത്ത മുഖ്യമന്ത്രിയായി ചെന്നിത്തല വരട്ടെ എന്ന് ഞാൻ ആശംസിക്കുകയാണ്. വി ഡി സതീശൻ സാറ് പോയോ…, ഇത് രാഷ്ട്രീയ ചർച്ചകൾക്കുളള വേദിയൊന്നുമല്ല. സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുന്ന ചാലകശക്തിയാണ് രമേശ് ചെന്നിത്തല എന്നും ജി രാജ്മോഹൻ പറഞ്ഞു. സ്വാഗത പ്രാസംഗികന്റെ ആശംസ വേദിയിലാകെ ചിരി പടർത്തി.
ഉദ്ഘാടകനായി എത്തിയ മുഖ്യമന്ത്രി രാജ്മോഹന് മറുപടി നൽകുകയും ചെയ്തു. സ്വാഗത പ്രാസംഗികനുളള മുഖ്യമന്ത്രിയുടെ മറുപടി സദസ്സിലാകെ ചിരിപടർത്തി. സ്വാഗത പ്രാസംഗികനെ പറ്റി ഒരു വാക്ക് പറഞ്ഞില്ലെങ്കിൽ അത് മോശമായിപ്പോകുമെന്ന് തോന്നുന്നു. അദ്ദേഹം രാഷ്ട്രീയം പറയുന്നില്ലെന്ന് പറഞ്ഞു. പക്ഷേ, ഒരു പാർട്ടിക്ക് അകത്ത് വലിയ പ്രശ്നങ്ങളുണ്ടാക്കുന്ന ബോംബാണ് അദ്ദേഹം പൊട്ടിച്ചത്. ഞാൻ ആ പാർട്ടിക്കാരൻ അല്ലെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ?, ഇങ്ങനെയൊരു കൊടുംചതി ചെയ്യാൻ പാടില്ലായിരുന്നു എന്നാണ് എനിക്ക് അദ്ദേഹത്തോട് സ്നേഹപൂർവം ഉപദേശിക്കാനുളളത്, എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ടാഗോർ തിയറ്ററിൽ സംഘടിപ്പിച്ച 'രവിപ്രഭ' സ്നേഹ സംഗമം എന്ന പേരിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബഹ്റൈൻ രാജാവിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ മെഡൽ ഓഫ് എഫിഷ്യൻസി (ഫസ്റ്റ് ക്ലാസ്) നൽകി ആദരിച്ചതിനാണ് പ്രമുഖ പ്രവാസി വ്യവസായിയും നോർക്ക റൂട്ട്സ് ഡയറക്ടർ ബോർഡ് അംഗവുമായ ഡോ. ബി രവി പിള്ളയെ കേരളം ആദരിച്ചത്.
ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള മുഖ്യാതിഥിയായി, നടൻ മോഹൻ ലാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ബഹ്റൈൻ മന്ത്രി ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഡോ. ബി രവിപിള്ളയുടെ 'രവിയുഗം' എന്ന ആത്മകഥയുടെ കവർ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ടാഗോർ തിയറ്റർ വളപ്പിൽ രവിപ്രഭ ഫോട്ടോ എക്സിബിഷൻ, പെയിന്റിങ് മത്സര വിജയികളുടെ പെയിന്റിങ് പ്രദർശനം എന്നിവയും ഉണ്ടായിരുന്നു.
Content Highlights: Pinarayi Vijayan Respond Ramesh Chennithala CM Wish on Ravi Prabha Sneha Sangamam