'സൈന്‍ സംഘടനയും തട്ടിപ്പിന്റെ ഇര, ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല'; വിശദീകരണവുമായി എ എന്‍ രാധാകൃഷ്ണന്‍

'ആനന്ദകുമാറിനെ പ്രതിക്കൂട്ടില്‍ ആക്കാനില്ല'

dot image

കൊച്ചി: അനന്തു കൃഷ്ണന്‍ പ്രതിയായ സിഎസ്ആര്‍ തട്ടിപ്പ് കേസില്‍ വിശദീകരണവുമായി ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍. സൈന്‍ സംഘടനയും തട്ടിപ്പിന്റെ ഇരയാണെന്നും ജനസേവനത്തിന് വേണ്ടിയാണ് പദ്ധതിയുടെ ഭാഗമായതെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

സൈന്‍ സംഘടന 12 വര്‍ഷമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നു. സേവന പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പല ആളുകളെയും കണ്ടുമുട്ടിയിട്ടുണ്ട്. താന്‍ ഏറെ ബഹുമാനിക്കുന്ന സായി ഗ്രാം ചെയര്‍മാന്‍ ആനന്ദകുമാര്‍ ആണ് പദ്ധതിയുടെ ആശയം പറഞ്ഞത്. നേരത്തേ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ ആനന്തകുമാറും അനന്തു കൃഷ്ണനും പഠനോപകരണങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. മന്ത്രി വി ശിവന്‍കുട്ടി ആണ് ആ പരിപാടി ഉദ്ഘാടനം ചെയ്തത്. എന്‍ജിഒ കോണ്‍ഫെഡറേഷനില്‍ സൈന്‍ സംഘടന അംഗമല്ലെന്നും എ എന്‍ രാധാകൃഷ്ണന്‍ വിശദീകരിച്ചു.

അനന്തു കൃഷ്ണനുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും പദ്ധതിയുടെ പേരില്‍ കൈപ്പറ്റിയിട്ടില്ല. സൈന്‍ വഴി ബുക്ക് ചെയ്ത എല്ലാവരുടെയും കാര്യത്തില്‍ സംഘടനയ്ക്ക് ഉത്തരവാദിത്തമുണ്ട്. കൈ കഴുകി ഓടാന്‍ തയ്യാറല്ല. ആനന്ദകുമാറിനെ പ്രതിക്കൂട്ടില്‍ ആക്കാനില്ല. 20 വര്‍ഷമായി ആനന്ദകുമാറിനെ അറിയാം. പദ്ധതിയെക്കുറിച്ച് ആനന്ദകുമാര്‍ തന്നോട് പറഞ്ഞത് നല്ല ഉദ്ദേശത്തോടെയാണ്. സൈന്‍ സംഘടയ്ക്ക് ഒരുപാട് പണം കിട്ടാന്‍ ഉണ്ട്. എത്ര തുക എന്ന് ഇപ്പോള്‍ പറയാന്‍ ആകില്ല. കരാറിന്റെ അടിസ്ഥാനത്തിലാണ് പണം കൈമാറിയത്. പരാതി നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി.

ഉന്നതരുമായി അടുത്ത ബന്ധമുള്ള അനന്തുവിന് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനുമായും ബന്ധമുണ്ടെന്ന വിവരം പുറത്ത് വന്നിരുന്നു. ഇരുവരുടെയും സാമൂഹ്യ മാധ്യമ അകൗണ്ടുകളിലും സിഎസ്ആറിന്റെ പേരില്‍ നടത്തിയ സേവനങ്ങളുടെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

Content Highlight: sign organization is also a victim of fraud says a n radhakrishnan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us