കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ മാലിന്യക്കുഴിയിൽ വീണ് കുട്ടി മരിച്ച സംഭവത്തിൽ വിശദീകരണവുമായി സിയാൽ. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായതെന്നാണ് സിയാലിന്റെ പ്രതികരണം. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും തുടർ നടപടികൾക്ക് കുടുംബത്തോടൊപ്പം നിൽക്കുമെന്നും സിയാൽ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ആഭ്യന്തര ടെർമിലനിൽ പുറത്തുള്ള അന്നാ സാറ കഫേയുടെ പിൻഭാഗത്ത്പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത ഭാഗത്താണ് അപകടം ഉണ്ടായതെന്ന് സിയാൽ പുറത്തുവിട്ട പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഒരു വശം കെട്ടിടവും മറ്റ് മൂന്ന് വശം ബൊഗെയ്ൻ വില്ല ചെടികൊണ്ടുള്ള വേലിയുമാണ്. കഫേയിലെത്തിയ സംഘം കുട്ടിയെ കാണാനില്ലെന്ന വിവരം ഏറെ വൈകിയാണ് അറിഞ്ഞത്. തുടർന്ന് സിയാൽ സെക്യൂരിറ്റി വിഭാഗത്തിന്റെ സിസിടിവി പരിശോധിക്കുകയും കുട്ടി മാലിന്യകുഴിയിൽ വീണതാണെന്ന് കണ്ടെത്തുകയുമായിരുന്നു. ഉടനെ കുട്ടിയെ പുറത്തെടുത്ത് പ്രാഥമിക ചികിത്സ നൽകുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും മരണം സംഭവിച്ചിരുന്നുവെന്നും പത്രക്കുറിപ്പിൽ പറയുന്നുണ്ട്.
അതേസമയം മരിച്ച രാജസ്ഥാൻ സ്വദേശി മൂന്ന് വയസുകാരൻ റിഥാന്റെ പോസ്റ്റുമോർട്ടം കളമശേരി മെഡിക്കൽ കോളേജിൽനടക്കും. രാത്രിയും പോസ്റ്റുമോർട്ടത്തിന് അനുമതി നൽകിയിട്ടുണ്ട്. കുട്ടിയുടെ മരണത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നത് അന്വേഷിക്കുമെന്ന് ആലുവ ഡിവൈഎസ്പി ടി ആർ രാജേഷ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Content Highlight: 3-Year-Old Dies After Falling Into Garbage Pit Near Kochi Airport; CIAL responds