![search icon](https://www.reporterlive.com/assets/images/icons/search.png)
പാലക്കാട്: പകുതി വില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടത് എങ്ങനെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. പ്രധാനമന്ത്രിയെ സന്ദര്‍ശിക്കേണ്ട വ്യക്തികളുടെ ലിസ്റ്റ് ഫൈനലൈസ് ചെയ്ത് അംഗീകരിക്കുന്നത് ബിജെപി സംസ്ഥാന അധ്യക്ഷന്റെ ചുമതലയാണ്. എത്രയോ കാലം പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ സീനിയര്‍ നേതാക്കള്‍ക്ക് പോലും ലഭിക്കാത്ത അവസരം തട്ടിപ്പ് വീരനായ അനന്തു കൃഷ്ണന് എങ്ങനെ ലഭിച്ചുവെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
നേരത്തേയും വിഷയത്തില്‍ പ്രതികരിച്ച് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. പാവപ്പെട്ട ആയിരക്കണക്കിന് സ്ത്രീകളെ അനന്തു കൃഷ്ണനും സംഘവും പറഞ്ഞ് പറ്റിച്ചത് നരേന്ദ്രമോദി സര്‍ക്കാരിന്റെ പദ്ധതി എന്ന പേരിലാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു. മിക്കവാറും എല്ലാ പാരിപാടികളിലും ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നുവെന്നും സന്ദീപ് ആരോപിച്ചിരുന്നു. രാധാകൃഷ്ണനെ സംരക്ഷിക്കാന്‍ സുരേന്ദ്രനും ബിജെപി നേതാക്കളും നടത്തുന്ന നീക്കം ലജ്ജാകരമാണ്. സിഎസ്ആര്‍ ഫണ്ടിന്റെ പേരില്‍ കോടികളുടെ തട്ടിപ്പാണ് അനന്തു കൃഷ്ണന്‍ നടത്തിയതെന്നും സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തിയിരുന്നു.
വിമണ്‍ ഓണ്‍ വീല്‍സ് എന്ന പദ്ധതിയുടെ പേരിലായിരുന്നു അനന്തു കൃഷ്ണന്‍ കോടികളുടെ തട്ടിപ്പ് നടന്നത്. വാഹനത്തിന്റെ പകുതി തുക അടച്ചാല്‍ ബാക്കി പകുതി തുക കേന്ദ്രസര്‍ക്കാര്‍ സഹായമായും വലിയ കമ്പനികളുടേതടക്കം സിഎസ്ആര്‍ ഫണ്ടായി ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം. പണം അടച്ച് 45 ദിവസത്തിനുള്ളില്‍ വാഹനം ലഭ്യമാകുമെന്നും ഇയാള്‍ വാഗ്ദാനം നല്‍കിയിരുന്നു. അനന്തു കൃഷ്ണന്റെ വാക്കുകള്‍ വിശ്വസിച്ച സ്ത്രീകള്‍ ഇയാളുടെ സ്ഥാപനത്തിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കായി പണം അയച്ചു. ടൂവീലറിന് പുറമേ, തയ്യല്‍ മെഷീന്‍, ലാപ് ടോപ്പ് തുടങ്ങിയവയും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് പറഞ്ഞും ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നു. ഇവയുടെ വിതരണോദ്ഘാടനത്തിന് പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും പങ്കെടുപ്പിച്ചിരുന്നു. ഇതിലൂടെ ആളുകളുടെ വിശ്വാസം പിടിച്ചുപറ്റിയായിരുന്നു തട്ടിപ്പ് നടത്തിയത്. പണം നല്‍കി 45 ദിവസങ്ങള്‍ കഴിഞ്ഞിട്ടും വാഹനം ലഭിക്കാതെ വന്നതോടെ പലരും ഇയാളെ നേരിട്ട് സമീപിച്ച് കാര്യങ്ങള്‍ തിരക്കി. ദിവസങ്ങള്‍ക്കുള്ളില്‍ വാഹനം ലഭ്യമാക്കുമെന്നായിരുന്നു ഇയാള്‍ നല്‍കിയ മറുപടി. രണ്ടും മൂന്നും തവണ അന്വേഷിച്ചിട്ടും വാഹനം ലഭിക്കാതെ വന്നതോടെ പലരും പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
Content Highlights- congress leader sandeep varier against k surendran on half money fraud case