എംഎല്‍എമാരും മന്ത്രിമാരും വഞ്ചിക്കപ്പെട്ട സ്‌കാമില്‍ എന്ത് കൊണ്ട് നജീബിനെ മാത്രം വേട്ടയാടുന്നു?; എംഎസ്എഫ്

നജീബ് കാന്തപുരത്തിന്റെ പരാതിയിലും പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തിട്ടുണ്ട്.

dot image

മലപ്പുറം: പകുതി വില തട്ടിപ്പ് കേസില്‍ ആരോപണ വിധേയനാക്കപ്പെട്ട നജീബ് കാന്തപുരം എംഎല്‍എക്ക് പിന്തുണ പ്രഖ്യാപിച്ച് എംഎസ്എഫ്. പെരിന്തല്‍മണ്ണ പൊലീസ് ആണ് നജീബ് കാന്തപുരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുലാമന്തോള്‍ സ്വദേശിനി അനുപമയുടെ പരാതിയിലാണ് നടപടി. വഞ്ചന കുറ്റമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ആണ് എംഎല്‍എയ്‌ക്കെതിരെ നിലവില്‍ ചുമത്തിയിട്ടുള്ളത്. നജീബ് കാന്തപുരത്തിന്റെ പരാതിയിലും പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തിട്ടുണ്ട്.

എംഎസ്എഫ് ജനറല്‍ സെക്രട്ടറി സി കെ നജാഫ്, പ്രധാനമന്ത്രി മുതല്‍ വാര്‍ഡ് മെമ്പര്‍മാര്‍ വരെയുള്ള ചിത്രങ്ങളും ഒട്ടുമിക്ക എം എല്‍ എമാരും മന്ത്രിമാരും വഞ്ചിപ്പിക്കപ്പെട്ട ഒരു സ്‌കാമില്‍ എന്ത് കൊണ്ട് നജീബ് കാന്തപുരം മാത്രം വേട്ടയാടപ്പെടുന്നുവെന്ന് ചോദിച്ചു.

സി കെ നജാഫിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

പ്രധാനമന്ത്രി മുതൽ വാർഡ് മെമ്പർമാർ വരെയുള്ള ചിത്രങ്ങളും ഒട്ടുമിക്ക എം എൽ എമാരും മന്ത്രിമാരും വഞ്ചിപ്പിക്കപ്പെട്ട ഒരു സ്കാമിൽ എന്ത് കൊണ്ട് നജീബ് കാന്തപുരം മാത്രം വേട്ടയാടപ്പെടുന്നു ?

ഒരു എം എൽ എ എന്ന നിലയിലെ പരിമിതമായ ഫണ്ടിനാൽ ഒന്നും സാധ്യമല്ല എന്ന പതിവ് പല്ലവിക്ക് അപ്പുറത്ത് ജനകീയ ഫണ്ട് സമാഹരണത്തോട് കൂടി ആവശ്യക്കാർക്ക് കൂടെ നിന്ന നജീബ് തുടക്കക്കാരായ എം എൽ എമാർക്കിടയിൽ ഒരു റോൾ മോഡലാവുകയായിരുന്നു. പന്ത്രണ്ട് കോടിയോളം രൂപ ചിലവാക്കി കേരളത്തിൽ സർക്കാർ സംവിധാനങ്ങൾക്ക് പോലും സാധ്യമാവാത്ത ക്രിയ എന്ന IAS അക്കാദമിയും, ആയിരത്തിലധികം വരുന്ന നിയോജകമണ്ഡലത്തിലെ ആശാവർക്കറും അംഗൻവാടി ടീച്ചറും അടക്കമുള്ളവർക്ക് എം എൽ എ ഹെൽത്ത് കാർഡും, എണ്ണൂറ് സ്ത്രീകൾക്ക് തയ്യൽ പരിശീലനവും, 320 സദ്ഗ്രാമങ്ങൾക്കായി ആരോഗ്യ വിദ്യാഭ്യാസ പദ്ധതിയും വിഭാവനം ചെയ്ത, LSS മുതൽ IAS വരെയുള്ള മത്സര പരീക്ഷകൾക്ക് നിയോജകമണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികളേയും ഒരുക്കിയ ഒരു എം എൽ എയെ നിങ്ങൾക്ക് ഇവിടെ വേറെ കാണിക്കാൻ കഴിയുമോ ?

ഇനി മുദ്രാ ഫൗണ്ടേഷനെ പറ്റി,

പകുതി വിലയിൽ 762 തയ്യൽ മെഷീനും, 19 വനിതകൾക്ക് സ്കൂട്ടറും 234 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പും 182 കർഷകർക്ക് ജൈവ വളവും 5 പേർക്ക് വാട്ടർ പ്യൂരിഫറും, 380 വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റും ലഭ്യമാക്കിയ നജീബിൻ്റെ പദ്ധതികൾ നാടിന് കരുത്തായിട്ടേ ഉള്ളൂ.

സ്വപ്നങ്ങൾക്ക് ചിറക് വിരിച്ചിട്ടേ ഉള്ളൂ.

മലയാളി വഞ്ചിക്കപ്പെട്ട ഈ സ്കാമിൽ ഒരു എം എൽ എ മാത്രമല്ല, കേരളത്തിലെ മുഖ്യമന്ത്രി തൊട്ട് എല്ലാവരും നിസ്സഹായരായി നിന്നു പോയ ഈ സ്കാമിൽ ഒരു ജനകീയ എം എൽ എയെ രാഷ്ട്രീയമായി വേട്ടയാടുന്നതിൻ്റെ ഔചിത്യം എന്താണ് ?

നാട് മുഴുവൻ തട്ടിപ്പ് ഈ ടീം നടത്തുമ്പോൾ നിങ്ങളുടെ സ്പെഷൽ ബ്രാഞ്ചും ഏജൻസികളും എവിടെയായിരുന്നു.

നിങ്ങളുടെ ഏജൻസികൾ പരാജയപ്പെട്ടിടത്താണ് മലയാളി വഞ്ചിക്കപ്പെട്ടത്.

അവിടെയാണ് മുഖ്യമന്ത്രി പോലും തട്ടിപ്പുകാർക്ക് പ്രചാരണ ഉപാധിയായത്.

വേട്ടയാടപ്പെട്ട മലയാളിക്കൊപ്പം നന്മയ്ക്കായ് നിലകൊണ്ട ഒരു എം എൽ എയെ പൂട്ടാൻ നടക്കുന്നതിന് പകരം, ചതിക്കപ്പെട്ട നജീബിൻ്റെ പരാതിയിൽ അന്വേഷണം നടത്തി നിങ്ങൾ നീതി വാങ്ങിച്ച് കൊടുക്കുകയാണ് വേണ്ടത്.

ഗ്രാമോത്സവത്തിലൂടെ പെരിന്തൽമണ്ണയുടെ ജന മനസ് കീഴടക്കിയ എം എൽ എയെ ഡി വൈ എഫ് ഐ ക്കാരൻ്റെ സെലക്ടീവ് പ്രതികരണം കൊണ്ടൊന്നും തൊടാനാവില്ല.

നജീബ് കാന്തപുരം എന്നും വൈറൽ എം എൽ എയാണ്. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ആ ചെറിയ മനുഷ്യനാണ് ( കുള്ളൻ ) വലിയ ലോകം പെരിന്തൽമണ്ണയിൽ തീർത്തത്.

Content Highlights: MSF declared support for Najeeb Kanthapuram MLA

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us