![search icon](https://www.reporterlive.com/assets/images/icons/search.png)
കൊച്ചി: വിമാനത്താവളത്തിൽ മാലിന്യ കുഴിയിൽ വീണ് മരിച്ച മൂന്ന് വയസുകാരന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി. കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. രാവിലെ വിമാനത്തിൽ മൃതദേഹം സ്വദേശമായ രാജസ്ഥാനിലേക്ക് കൊണ്ടു പോകും.
വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു വിമാനത്താവളത്തിലെ കഫേയ്ക്ക് പുറത്തുള്ള മാലിന്യക്കുഴിയിൽ വീണ് മൂന്ന് വയസുകാരനായറിഥാൻ ജജു മരണപ്പെടുന്നത്. മൂന്നാറിൽ വിനോദയാത്രയ്ക്കെത്തിയ ഏഴംഗ സംഘത്തിലായിരുന്നു റിഥാൻ. ആഭ്യന്തര ടെർമിനലിൽ നിന്ന് പുറത്തെത്തി ടൂർ ഏജൻസിക്കായി കാത്തിരിക്കുന്നതിനിടെയാണു ഭക്ഷണം കഴിക്കാനായി സമീപത്തെ കഫറ്റീരിയയിലേക്ക് കുടുംബം കയറിയത്. ഇതിനിടെയായിരുന്നു അപകടം. 4 വയസുകാരനായ സഹോദരനൊപ്പം കളിക്കുന്നതിനിടെയാണു റിഥാൻ കുഴിയിലേക്ക് വീഴുന്നത്. കുട്ടിയെ കാണാതായതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുട്ടി മാലിന്യക്കുഴിയിൽ വീണതായി കണ്ടെത്തിയത്. ഉടനെ പുറത്തെത്തിച്ചെങ്കിലും ശ്വാസ തടസം മൂലം കുട്ടി മരണപ്പെടുകയായിരുന്നു.
പുറത്തെത്തിച്ചയുടൻ കുട്ടി ഛർദിച്ചതായും ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്. കൃത്യമായി മൂടാതെയാണ് മാലിന്യക്കുഴിയുണ്ടായിരുന്നത്. കുഴിയുണ്ടെന്ന് തെളിയിക്കാൻ പാകത്തിന് സൂചനകളും പ്രദേശത്ത് ഉണ്ടായിരുന്നില്ല. മാലിന്യക്കുഴിയുടെ ഒരു വശത്തു കെട്ടിടവും മറ്റു മൂന്നു വശങ്ങളിലും ബൊഗേൻവില്ല ചെടികൾ കൊണ്ടുള്ള വേലിയുമാണ് ഉണ്ടായിരുന്നത് എന്ന് സിയാൽ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നുണ്ട്. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാതിരുന്ന സ്ഥലത്താണ് കുഴിയുണ്ടായതെന്നും സിയാൽ കൂട്ടിച്ചേർത്തു.
അതേസമയം സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പ്രാഥമിക അന്വേഷണം പൂർത്തിയായിട്ടുണ്ടെന്നും ആലുവ ഡിവൈഎസ്പി ടി ആർ രാജേഷ് അറിയിച്ചു.
Content Highlight: Three year old death in Cochin airport: Postmortem over, family to leave tomorrow