തിരുവനന്തപുരം: കേരള ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ആവർത്തനവും വാഗ്ദാനങ്ങളുമാണ് ബജറ്റ്. കോൺക്ലേവുകൾ മാത്രമുള്ള ബജറ്റ് ആണ് നടന്നത്. പാമ്പുകടി ഏൽക്കാതിരിക്കാൻ പാമ്പുകളുടെയും, വന്യജീവി ആക്രമണം കുറയാൻ വന്യജീവികളുടെയും കോൺക്ലേവ് മാത്രമേ ഇനി കൂടാനുള്ളൂവെന്നും അദ്ദേഹം വിമർശിച്ചു.
സംസ്ഥാനം സാമ്പത്തിക ഞെരുക്കം മറികടന്നു എന്നാണ് പറയുന്നത്. പിന്നെ എന്തുകൊണ്ട് സാമൂഹ്യ പെൻഷൻ കൂട്ടിയില്ല എന്ന ചോദ്യം ബാക്കിയാണ്. 50000 കോടി കേന്ദ്രം കൊടുക്കാൻ ഉണ്ടെന്നാണ് മുൻ മന്ത്രി പറയുന്നത്. ഏത് വകയിൽ ആണെന്ന് മാത്രം പറയുന്നില്ലെന്നും കിട്ടേണ്ടത് എല്ലാം കേന്ദ്രത്തിൽ നിന്നും കിട്ടുന്നുണ്ടെന്നും വി മുരളീധരൻ പറഞ്ഞു. 2022 ജൂണിൽ ജിഎസ്ടി നഷ്ട പരിഹാരം നൽകുന്നത് നിർത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നതാണ്. തനത് വരുമാനം കൂട്ടാൻ എന്ത് നടപടി എടുത്തു എന്ന് പറഞ്ഞിട്ടില്ല. സംസ്ഥാനം നൽകേണ്ട കണക്കുകൾ നൽകാൻ അഞ്ചു വർഷമാണ് വൈകിയത്. റവന്യു കമ്മി ഗ്രാന്റ് 52000 കോടി കേരളത്തിന് കിട്ടി. കേന്ദ്രം ഞെരുക്കുന്നു എന്ന പതിവ് പല്ലവിയാണ് കേരള സർക്കാർ ആവർത്തിക്കുന്നത്. വയനാടിന് പണം ഇല്ലാത്തതിന്റെ പേരിൽ തടസ്സം നേരിടില്ല. എന്ന്, എത്രപേർക്ക് ടൗൺഷിപ്പിൽ താമസിക്കാൻ കഴിയുമെന്നാണ് അറിയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രങ്ങളിലേക്കുള്ള അടിസ്ഥാന സൗകര്യ വികസന നീക്കിയിരിപ്പ് ബാലഗോപാൽ, മുഖ്യമന്ത്രി അറിയാതെ ആണ് നടത്തിയത് എന്ന് തോന്നുന്നുവെന്നും വി മുരളീധരൻ പറഞ്ഞു.
രണ്ട് മണിക്കൂറോളമായിരുന്നു ബജറ്റ് അവതരണം നീണ്ടത്. ധനമന്ത്രി കെ എൻ ബാലഗോപാലിൻ്റെ എട്ടാമത് ബജറ്റും രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റുമാണ് പൂർത്തിയായത്. ക്ഷേമ പെൻഷൻ വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. എന്നാൽ ക്ഷേമ പെൻഷൻ്റെ മൂന്ന് മാസത്തെ കുടിശ്ശിക തീർക്കുമെന്ന് ധനകാര്യ മന്ത്രി പ്രഖ്യാപിച്ചു. സാമൂഹ്യക്ഷേമ പെൻഷൻ പദ്ധതിയിലെ അനർഹരെ കണ്ടെത്തും. ഇതിനു വേണ്ടി തദ്ദേശ സ്ഥാപനങ്ങളിൽ സോഷ്യൽ ഓഡിറ്റ് നടത്തുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് 750 കോടി അനുവദിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാർക്ക് പരിഗണനയുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലെ പ്രധാന ഹൈലൈറ്റ്. ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വർഷമുണ്ടാകും. ജീവനക്കാരുടെ ഡിഎ ലോക്കിങ് സിസ്റ്റം ഒഴിവാക്കി. സർവ്വീസ് പെൻഷൻ കുടിശ്ശിക വിതരണം ചെയ്യാൻ 600 കോടിയും പ്രഖ്യാപനങ്ങളിലുണ്ട്. തിരുവനന്തപുരം മെട്രോ, ലൈഫ് പദ്ധതിയിൽ ഒരു ലക്ഷം വീടുകൾ, കാരുണ്യ പദ്ധതിക്ക് 700 കോടി, തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതത്തിലെ വർധന, കൊല്ലത്ത് ഐടി പാർക്ക്, കെ ഹോം പദ്ധതി, ന്യൂനപക്ഷ സ്‌കോളർഷിപ്പിന് 20 കോടി തുടങ്ങിയവയും ബജറ്റിൽ പരിഗണിക്കപ്പെട്ടിട്ടുണ്ട്.
Content Highlight: V Muraleedharan says centre is providing enough for Kerala