
മലപ്പുറം: പകുതിവിലയ്ക്ക് ലാപ്‌ടോപ് നല്‍കാമെന്ന് വിശ്വസിപ്പിച്ച് 21,000 രൂപ തട്ടിയെടുത്തെന്ന കേസില്‍ സർക്കാരിനെയും വിദ്യാഭ്യാസമന്ത്രിയെയും വിമർശിച്ച് നജീബ് കാന്തപുരം എംഎൽഎ. കേരളത്തിൽ ഉടനീളം നടന്ന കോടികളുടെ തട്ടിപ്പിൽ കുറ്റവാളികളെ തേടി പോകാതെ സർക്കാർ ഇരകളായ എൻജിഒകളെ തേടിയാണ് പോകുന്നതെന്ന് നജീബ് കാന്തപുരം പറഞ്ഞു.
'എൻജിഒ പ്രവൃത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടി, സർക്കാരിന് ചെയ്യാൻ കഴിയാത്തത് ആണ് എൻജിഒ ചെയ്യുന്നത്. ഗുരുതരമായ ഇന്റലിജൻസ് വീഴ്ച്ചയാണ് ഉണ്ടായത്' എന്നും നജീബ് കാന്തപുരം പറഞ്ഞു. പണം കൊടുത്തു വഞ്ചിതയാവരെ പോലെ വഞ്ചിക്കപ്പെട്ടവർ ആണ് സന്നദ്ധ സംഘടനകളും. സർക്കാർ കേസ് എടുക്കുന്നത് വഞ്ചിക്കപെട്ട എൻജിഒ കൾക്ക് എതിരെയാണ് എന്നും എംഎൽഎയുടെ രൂക്ഷവിമർശനം. തനിക്ക് എതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും നജീബ് കാന്തപുരം തുറന്നടിച്ചു.വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്ക് എതിരെയും എംഎൽഎ വിമർശനം ഉന്നയിച്ചു. മന്ത്രിയുടെ പ്രസംഗം ഉദ്ധരിച്ചായിരുന്നു വിമർശനം.
'2023 ലെ എൻജിഒ ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത് മന്ത്രി വി ശിവൻകുട്ടിയാണ്. അനന്തു കൃഷ്ണൻ തനിക്ക് നല്ല ബന്ധമുള്ള വ്യക്തിയെന്ന് വി ശിവൻകുട്ടി അന്ന് പറഞ്ഞു.സർക്കാരിന്റെ എല്ലാ പിന്തുണയും ഈ സംഘടനക്ക് ഉണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. മന്ത്രി പറഞ്ഞതിന് ശേഷം 2024 ലാണ് തങ്ങൾ അംഗമാകുന്നത്. തങ്ങൾക്ക് എതിരെയാണോ അതോ ഞങ്ങളെ ഇതിലേക്ക് പ്രോത്സാഹിപ്പിച്ച മന്ത്രിക്ക് എതിരെയാണോ ആദ്യ കേസ് എടുക്കേണ്ട'തെന്നും എംഎൽഎയുടെ ചോദിച്ചു. ഒരു കോടി 80 ലക്ഷം രൂപയാണ് ഫൗണ്ടേഷൻ വഴി കൈമാറിയതിൽ കിട്ടാനുള്ളത്. മന്ത്രിയെ കണ്ടാണ് താൻ പൈസ കൊടുത്തത് എന്നും നജീബ് കാന്തപുരം പറഞ്ഞു.
പകുതി വിലക്ക് കിട്ടിയ വിദ്യാഭ്യാസ കിറ്റ് സൗജന്യമായാണ് വിതരണം ചെയ്തത്. മുദ്ര ഫൗണ്ടേഷനാണ് ഇതിന് പണം ചിലവഴിച്ചത്. സാമ്പത്തിക ഉദ്ദേശ്യമുണ്ടങ്കിൽ അങ്ങനെ ചെയ്യുമോ എന്നും തട്ടിപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നതങ്കിൽ എംഎൽഎ ഓഫീസിൽ വിളിച്ച് അപേക്ഷ നൽകാൻ പറയുമോ എന്നും നജീബ് എംഎൽഎ ചോദിച്ചു. ഒറ്റപ്പാലത്ത് പദ്ധതിക്ക് നേതൃത്വം നൽകിയത് പ്രേം കുമാർ എംഎൽഎയാണ്. സിപിഐഎം പഞ്ചായത്ത് പ്രസിഡന്റുമാരും ഇതിന്റെ ഭാഗമാക്കിയിട്ടുണ്ട്. രണ്ട് സൊസൈറ്റികൾ നടത്തുന്നത് സിപിഎഎമ്മാണ്. ആനന്ദകുമാറിനെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും നജീബ് കാന്തപുരം ചോദിച്ചു.
പോലീസിന്റെ മൂക്കിൻ തുമ്പിലൂടെയാണ് ഭാരവാഹികൾ നടന്നിട്ടും എന്ത് കൊണ്ടാണ് പൊലീസ് അറസ്റ്റ് ചെയ്യാത്തത് എന്നും നജീബ് കാന്തപുരം ചോദിച്ചു. പെരിന്തൽമണ്ണയിൽ പണം നഷ്ടപ്പെട്ടവർക്ക് ആശങ്ക വേണ്ട എന്നും എംഎൽഎ പറഞ്ഞു. എല്ലാവരുടെയും പണം തിരിച്ചു നൽകും. പണം വാങ്ങിയതിന് ഉത്തരവാദിത്വമുണ്ട്. മുദ്രയുടെ ഓഡിറ്റ് റിപ്പോർട്ട് ആർക്ക് വേണേലും പരിശോധിക്കാം. എൻജിഒയ്ക്ക് വേണ്ടിയാണ് എന്ന് പറഞ്ഞു തന്നെയാണ് പണം പിരിച്ചത് എന്നും നജീബ് കാന്തപുരം എംഎൽഎ വ്യക്തമാക്കി. കേരളത്തിലെ എൻജിഒകളെ തകർക്കരുത് എന്നും അവർ പ്രതികളല്ല ഇരകളാണ് എന്നും നജീബ് കാന്തപുരം പറഞ്ഞു.
പുലാമന്തോള്‍ സ്വദേശി അനുപമയുടെ പരാതിയിലാണ് കഴിഞ്ഞദിവസം നജീബ് കാന്തപുരം എംഎല്‍എക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തത്. 2024 സെപ്തംബര്‍ 25 നാണ് എംഎല്‍എയുടെ ഓഫീസിലെത്തി പണം നല്‍കിയത്. 40 ദിവസം കഴിഞ്ഞാല്‍ ലാപ്‌ടോപ് ലഭിക്കുമെന്നാണ് വിശ്വസിപ്പിച്ചത്. എന്നാല്‍ പണമോ ലാപ്‌ടോപോ ലഭിക്കാതെ വന്നതോടെ പരാതി നല്‍കുകയായിരുന്നു. പണം നല്‍കിയപ്പോള്‍ മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ എന്ന പേരിലാണ് രശീതി ലഭിച്ചത്. എംഎല്‍എ ഓഫീസ് ജീവനക്കാരനാണ് അപേക്ഷ വാങ്ങിയതും പണം കൈപ്പറ്റി രശീതി നല്‍കിയതും. നജീബ് കാന്തപുരം എംഎല്‍എ നേതൃത്വം നല്‍കുന്ന പദ്ധതിയാണെന്ന വിശ്വാസത്താലാണ് മുന്‍കൂര്‍ പണം അടച്ചതെന്ന് അനുപമയുടെ പിതാവ് പറയുന്നു
content highlights : Half price fraud; Education Minister said good relationship with Ananthu; Najeeb Kanthapuram against the govt