![search icon](https://www.reporterlive.com/assets/images/icons/search.png)
കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനുമായി പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. ഭൂമി വാങ്ങി കൂട്ടിയ ഇടുക്കിയിലെ അഞ്ച് സ്ഥലങ്ങളിലാണ് ഇന്ന് തെളിവെടുപ്പ് നടത്തിയത്. ഇടുക്കി ജില്ലയിലെ ശങ്കരപ്പിള്ളി, കോളപ്ര, കുടയത്തൂര്‍ എന്നിവിടങ്ങളിലാണ് തെളിവെടുപ്പിന് എത്തിച്ചത്. കോളപ്ര രണ്ട് ഇടങ്ങളിലായി അനന്തു കൃഷ്ണന്‍ ഭൂമി വാങ്ങി കൂട്ടിയിരുന്നു. കുടയത്തൂരിലെ അഞ്ചാമത്തെ സ്ഥലം സിനിമകളുടെ സ്ഥിരം ലൊക്കേഷനുമാണ്. ഈരാറ്റുപേട്ടയില്‍ വാങ്ങിയ സ്ഥലത്താണ് ആദ്യം എത്തിച്ചത്. സ്ഥലത്ത് പ്രതിഷേധവുമായി നാട്ടുകാര്‍ എത്തി. ഇടുക്കിയിലും ഈരാറ്റുപേട്ടയിലുമായി അഞ്ച് ഇടങ്ങളില്‍ ഭൂമി വാങ്ങിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
സ്വദേശമായ തൊടുപുഴയിലെ ഓഫീസും വീടും പരിസരവും അനന്തു കൃഷ്ണന്‍ പൊലീസിന് കാണിച്ചു കൊടുത്തു. നാളെ കൊച്ചിയിലെ ഓഫീസിലും ഫ്‌ലാറ്റിലും തെളിവെടുപ്പ് നടത്തിയേക്കും. എറണാകുളം റെയിഞ്ച് ഡിഐജിയും ആലുവ റൂറല്‍ സ്പിയും ചേര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ നിര്‍ണായക വിവരങ്ങള്‍ അനന്തു നല്‍കിയിരുന്നു. തിരുവനന്തപുരത്തെ സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദ കുമാറിന് കഴിഞ്ഞവര്‍ഷം രണ്ടു കോടി രൂപ കൈമാറി. ഇതെന്തിനെന്ന് അനന്തു വ്യക്തമാക്കിയിട്ടില്ല. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന് 46 ലക്ഷം രൂപ നല്‍കിയതിന്റെ ഇടപാട് രേഖകളും അന്വേഷണ സംഘത്തിന് കിട്ടി.
ഇടുക്കിയിലെയും എറണാകുളത്തെയും പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കി എന്നും തെരഞ്ഞെടുപ്പ് കാലത്ത് അവരുടെ ഓഫീസ് സ്റ്റാഫുകള്‍ക്കാണ് പണം കൈമാറിയതെന്നും അനന്തു ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. പലര്‍ക്കും സഹകരണ ബാങ്കിലെ അക്കൗണ്ടുകളില്‍ പണം ഇട്ടു നല്‍കിയെന്നും മൊഴിയുണ്ട്. ഉന്നത നേതാക്കളുടെ പേര് വിവരങ്ങള്‍ അനന്തു തുറന്നു പറഞ്ഞിട്ടില്ല. പണം കൈമാറ്റം ശരിവയ്ക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകളും ശബ്ദ സന്ദേശങ്ങളും പോലീസ് പരിശോധിച്ചു. തിരിമറി നടത്തിയിട്ടില്ല എന്നും സമാഹരിച്ച പണം ആദ്യഘട്ടത്തില്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ ഉപയോഗിച്ചു എന്നുമാണ് അനന്തു ആവര്‍ത്തിക്കുന്നത്. അനന്തു സംസ്ഥാന വ്യാപകമായി വിതരണം ചെയ്ത ഉത്പന്നങ്ങളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ബിനാമി അക്കൗണ്ടുകളിലേക്ക് പണം പോയിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കും. അനന്തുവിന്റെ സ്ഥാപനത്തിലെ ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യും.
Content Highlights: Half price scam police taking evidence with anandu krishnan