കൊച്ചി: പകുതിവിലയ്ക്ക് ലാപ്‌ടോപ് നല്‍കാമെന്ന് വിശ്വസിപ്പിച്ച് 21,000 രൂപ തട്ടിയെടുത്തെന്ന പരാതിയിലെ കേസില്‍ പ്രതികരിച്ച് നജീബ് കാന്തപുരം എംഎല്‍എ. ഒരു കേസ് കൊണ്ടും തന്റെ മുന്നിലെ വലിയ ഉത്തരവാദ നിര്‍വഹണത്തില്‍ നിന്നും പിറകോട്ട് പോകില്ലെന്നും തനിക്കൊരു സ്വപ്‌നമുണ്ടെന്നും നജീബ് കാന്തപുരം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് നജീബ് കാന്തപുരത്തിന്റെ പ്രതികരണം.
'എനിക്കൊരു സ്വപ്നമുണ്ട്.
പെരിന്തല്‍മണ്ണയിലെ ഏറ്റവും ദുര്‍ബലനായ മനുഷ്യനും അന്തസ്സോടെ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയുന്ന ഒരു ദിവസം. ആ സ്വപ്നം സഫലമാകും വരെ ഞാന്‍ ഈ എനര്‍ജിയോടെ തന്നെ നിങ്ങളുടെ മുന്നിലുണ്ടാവും.
ഒരു കേസ് കൊണ്ടും ഞാന്‍ ആ വലിയ ഉത്തരവാദിത്ത നിര്‍വ്വഹണത്തില്‍ നിന്ന് പിറകോട്ട് പോവില്ല. ഒരു എതിരാളിയും അത് കിനാവു കാണേണ്ട..' നജീബ് കാന്തപുരം പ്രതികരിച്ചു.
പുലാമന്തോള്‍ സ്വദേശി അനുപമയുടെ പരാതിയിലാണ് കഴിഞ്ഞദിവസം നജീബ് കാന്തപുരം എംഎല്‍എക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തത്. 2024 സെപ്തംബര്‍ 25 നാണ് എംഎല്‍എയുടെ ഓഫീസിലെത്തി പണം നല്‍കിയത്. 40 ദിവസം കഴിഞ്ഞാല്‍ ലാപ്‌ടോപ് ലഭിക്കുമെന്നാണ് വിശ്വസിപ്പിച്ചത്. എന്നാല്‍ പണമോ ലാപ്‌ടോപോ ലഭിക്കാതെ വന്നതോടെ പരാതി നല്‍കുകയായിരുന്നു. പണം നല്‍കിയപ്പോള്‍ മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ എന്ന പേരിലാണ് രശീതി ലഭിച്ചത്. എംഎല്‍എ ഓഫീസ് ജീവനക്കാരനാണ് അപേക്ഷ വാങ്ങിയതും പണം കൈപ്പറ്റി രശീതി നല്‍കിയതും. നജീബ് കാന്തപുരം എംഎല്‍എ നേതൃത്വം നല്‍കുന്ന പദ്ധതിയാണെന്ന വിശ്വാസത്താലാണ് മുന്‍കൂര്‍ പണം അടച്ചതെന്ന് അനുപമയുടെ പിതാവ് പറയുന്നു.
Content Highlights: Najeeb Kanthapuram MLA Reaction over Half Price Scam