'മുദ്ര'യുടെ വിവരങ്ങൾ പുറത്തുവിട്ടില്ലെങ്കിൽ കള്ളനെന്ന് വിളിക്കും: നജീബ് കാന്തപുരത്തിനെതിരെ ആരോപണവുമായി പി സരിൻ

'പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം നേരിട്ടാണ് തട്ടിപ്പ് നടത്തിയത്'

dot image

കൊച്ചി: പകുതി വില തട്ടിപ്പ് കേസിൽ പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിനെതിരെ ആരോപണവുമായി സിപിഐഎം നേതാവ് പി സരിൻ. അതിസമർഥമായ രീതിയിലാണ് തട്ടിപ്പ് നടന്നത്. പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം നേരിട്ടാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനെ നജീബ് കാന്തപുരം ഏറ്റെടുക്കുകയായിരുന്നു. യുഡിഎഫിന് രക്ഷാകവചം തീർക്കാനാണ് എംഎൽഎ ശ്രമിച്ചതെന്നും പി സരിൻ ആരോപിച്ചു.

തട്ടിപ്പുമായി ബന്ധപ്പെട്ട് എംഎൽഎ നടത്തിയ വാർത്താ സമ്മേളനത്തിൽ കൃത്യമായി മറുപടി പറയാൻ അദ്ദേഹത്തിന് സാധിച്ചില്ല. മുദ്രയുടെ ഓഡിറ്റ് സ്‌റ്റേറ്റ്‌മെന്റ്‌ പുറത്തുവിടണം. മുദ്രയുടെ സുതാര്യത എന്തെന്ന് എംഎൽഎ വ്യക്തമാക്കണം. മുദ്രയുടെ വിവരങ്ങൾ പുറത്തുവിട്ടില്ലെങ്കിൽ എംഎൽഎയെ കള്ളൻ എന്ന് വിളിക്കും. കഴിഞ്ഞ ദിവസം എംഎൽഎക്കെതിരെ തന്റെ ഭാ​ഗത്ത് നിന്നുണ്ടായ മോശമായ പ്രകടനത്തിൽ ക്ഷമ ചോദിക്കുന്നുവെന്നും പി സരിൻ പറഞ്ഞു.

മുദ്രയുടെ മറവിൽ തട്ടിപ്പ് നടത്തിയതിൽ അനന്തു കൃഷ്ണൻ്റെ പേരില്ലെന്നും പി സരിൻ പറഞ്ഞു. എൻജിഒ യുടെ പേരില്ലാതെയാണ് നജീബ് തട്ടിപ്പ് നടത്തിയത്. എന്താണ് ദുരൂഹതയെന്ന് മുസ്‌ലിം ലീഗുകാർ നജീബിനോട് ചോദിക്കണമെന്നും പി സരിൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസവും പി സരിൻ നജീബ് കാന്തപുരം എംഎൽഎക്കെതിരെ ​ഗുരുതര ആരോപണവുമായി രം​ഗത്തെത്തിയിരുന്നു. എംഎൽഎ തന്റെ സംഘടനയിലൂടെ​ ഗുണഭോക്താക്കളെ കണ്ടെത്തി നൽകിയെന്ന് ആരോപിച്ചിരുന്നു. കോർപ്പറേറ്റുകളിൽ നിന്നും ഭീമമായ തുക സ്വീകരിച്ച് കളളപ്പണം വെളുപ്പിക്കുന്നതിനും മുദ്ര ഫൗണ്ടേഷനെ നജീബ് കാന്തപുരം ഉപയോ​ഗിച്ചു. ആരോപണത്തിന് പിന്നാലെ എംഎൽഎ പങ്കെടുത്ത പോസ്റ്ററും പുറത്തുവിട്ടിരുന്നു.

നിലവിൽ പകുതി വില തട്ടിപ്പ് കേസിൽ പുലാമന്തോൾ സ്വദേശിനി അനുപമയുടെ പരാതിയിൽ നജീബ് കാന്തപുരം കേസ് സ്വീകരിച്ചിട്ടുണ്ട്. വഞ്ചന കുറ്റമുൾപ്പെടെയുള്ള വകുപ്പുകൾ ആണ് എംഎൽഎയ്ക്കെതിരെ നിലവിൽ ചുമത്തിയിട്ടുള്ളത്. നജീബ് കാന്തപുരത്തിന്റെ പരാതിയിലും പെരിന്തൽമണ്ണ പൊലീസ് കേസെടുത്തിട്ടുണ്ട്.

പ്രതി അനന്തുകൃഷണനെ ആലുവ പൊലീസ് ക്ലബില്‍ റേഞ്ച് ഡിഐജിയും റൂറല്‍ എസ് പിയും ഒരുമിച്ച് ചോദ്യം ചെയ്തു. 450കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് നിലവിലെ വിലയിരുത്തൽ. പണംതട്ടിയെടുത്ത അക്കൗണ്ടുകൾ കണ്ടെത്താനായിട്ടില്ല. പണം എവിടേയ്ക്കാണ് പോയതെന്ന കാര്യത്തിലും വ്യക്തതയുണ്ടായിട്ടില്ല.

കേസിൽ അറസ്റ്റിലായ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ അക്കൗണ്ടൻ്റ് അടക്കമുള്ള ജീവനക്കാരെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. അനന്തുവിൻ്റെ ജീവനക്കാരിൽ പലരും ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആയ നിലയിലാണ്. പണം ചെലവാക്കിയതുമായി ബന്ധപ്പെട്ട മൊഴികളിൽ വൈരുധ്യമെന്നും അന്വേഷണ സംഘം പറഞ്ഞു. വിവിധ പൊലീസ് സ്റ്റേഷനുകളിൽ അനന്തുവിനെതിരെ കൂടുതൽ പരാതികൾ വരുന്നുണ്ട്.

നാല് കോടിയോളം രൂപയുള്ള അക്കൗണ്ട് മാത്രമാണ് മരവിപ്പിച്ചത്. അനന്തു കൃഷ്ണന്റെ വാഹനങ്ങൾ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നോവ ക്രിസ്റ്റ അടക്കം മൂന്നു കാറുകളാണ് കസ്റ്റഡിയിലെടുത്തത്. ഈ വാഹനങ്ങൾ തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് പൊലീസ് അറിയിച്ചിരുന്നു.

Content Highlight: P Sarin Alleged Against Najeeb Kanthapuram MLA Over Half Price Case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us