![search icon](https://www.reporterlive.com/assets/images/icons/search.png)
കോഴിക്കോട്: പാതി വില തട്ടിപ്പ് കേസില്‍ സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറിന് കുരുക്ക് മുറുകുന്നു. കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി അനന്തു കൃഷ്ണനെ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷനിലേക്ക് കൊണ്ടുവന്നത് ആനന്ദകുമാറാണെന്ന് ഭാരവാഹികള്‍. നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മോഹനന്‍ കോട്ടൂരാണ് ഇക്കാര്യം റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തിയത്. പകുതി വില തട്ടിപ്പിന്റെ സൂത്രധാരന്‍ ആനന്ദകുമാറാണെന്ന നിഗമനം ശക്തമാകുന്നതിനിടെ റിപ്പോർട്ടർ മെഗാ ലൈവാത്തോണിലായിരുന്നു മോഹനൻ കോട്ടൂരിൻ്റെ ളിപ്പെടുത്തല്‍.
'അനന്തു കൃഷ്ണനെ സംഘടനയിലേക്ക് കൊണ്ടുവന്നത് ആനന്ദകുമാര്‍ ആണ്. ഞങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതും സെക്രട്ടറിയായി നിയമിക്കുന്നതും ആനന്ദകുമാറാണ്. കോഴിക്കോട് ജില്ലയിലെ 11 സംഘടനകള്‍ ഇതിന്റെ ഭാഗമാകാന്‍ അപേക്ഷ നല്‍കിയിരുന്നു. പകുതി വില തട്ടിപ്പുമായി ഉയര്‍ന്ന പരാതികള്‍ അറിയിക്കാന്‍ ആനന്ദകുമാര്‍ സാറിനെ കാണാന്‍ തിരുവനന്തപുരത്തെ വീട്ടില്‍ പോയിരുന്നു. കേള്‍ക്കാന്‍ തയ്യാറായില്ല', മോഹനന്‍ കോട്ടൂര്‍ പറഞ്ഞു. തനിക്ക് നേരെ വരുന്ന ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നാണ് അദ്ദേഹം പ്രതികരിച്ചതെന്നും മോഹനന്‍ കോട്ടൂര്‍ കൂട്ടിച്ചേർത്തു.
ആളുകള്‍ക്ക് പണം തിരിച്ചുകൊടുക്കാനുള്ള ബാധ്യത സന്നദ്ധ സംഘടനകള്‍ക്കാണ്. തട്ടിപ്പില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മോഹനന്‍ പ്രതികരിച്ചു. അനന്തു കൃഷ്ണന്‍ ആനന്ദകുമാറിന്റെ ബെനാമിയാണെന്ന ആരോപണം ബലപ്പെടുത്തുന്നതാണ് മോഹനന്റെ പ്രതികരണം.
കോണ്‍ഗ്രസ് നേതാവും കേസിലെ പ്രതിയുമായ ലാലി വിന്‍സെന്റാണ് അനന്തകൃഷ്ണനെ പരിചയപ്പെടുത്തിയതെന്നായിരുന്നു ആനന്ദകുമാര്‍ പറഞ്ഞത്. ഇത് ലാലി നിഷേധിക്കുകയും ചെയ്തിരുന്നു. പാതി വിലയില്‍ സ്‌കൂട്ടറും ഗൃഹോപകരണങ്ങളും ഉള്‍പ്പെടെ വിതരണം ചെയ്യുന്ന പദ്ധതിക്കായി പ്രമോട്ടര്‍മാരേയും കോര്‍ഡിനേറ്റര്‍മാരെയും അടക്കം ഉള്‍പ്പെടുത്തി രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പുകളിലും സംഘടനയുടെ പരിപാടികളിലും ആനന്ദ കുമാര്‍ തുടക്കം മുതല്‍ സജീവമാണെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശവും റിപ്പോര്‍ട്ടറിന് ലഭിച്ചു.
Content Highlights: Half Price Case Anand Kumar brought Ananthu Krishna to the organization said mohanan kotur