
തിരുവനന്തപുരം: പകുതി വില തട്ടിപ്പ് കേസിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ളവർക്ക് പണം നൽകിയിട്ടുണ്ടെന്ന് പ്രതി അനന്തു കൃഷ്ണൻ. തെളിവെടുപ്പിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അനന്തു. അനന്തു കൃഷ്ണന്റെ കലൂരിലെ വീട്ടിലെത്തി നടത്തിയ തെളിവെടുപ്പിനിടെയായിരുന്നു പ്രതികരണം.
ആർക്കെല്ലാമാണ് പണം നൽകിയതെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. എഎൻ രാധാകൃഷ്ണൻ പണം വാങ്ങിയിട്ടില്ല. കെ എൻ ആനന്ദകുമാറിന് പണം നൽകിയിട്ടുണ്ടെന്നും അനന്തു കൃഷ്ണൻ പറഞ്ഞു. കേസിൽ തന്നെ കുടുക്കിയതാണെന്നും അനന്തു കൃഷ്ണൻ പറഞ്ഞു. മൂവാറ്റുപുഴ പൊലീസിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പനമ്പിള്ളിനഗറിലെ സോഷ്യൽ ബീ വെൻച്വേഴ്സ് ഓഫീസിൽ എത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു.
അതേസമയം പകുതി വില തട്ടിപ്പിൽ ജസ്റ്റിസ് സി എൻ രാമചന്ദ്രനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇമ്പ്‌ളിമെന്‍റിംഗ് ഏജൻസിയായ അങ്ങാടിപ്പുറം കെഎസ്എസിന്റെ പ്രസിഡന്റ് നൽകിയ പരാതിയിലാണ് കേസ്. പെരിന്തൽമണ്ണ പൊലീസാണ് കേസെടുത്തത്. കേസിൽ മൂന്നാം പ്രതിയാണ് സിഎൻ രാമചന്ദ്രൻ. അതേസമയം കേസ് അന്വേഷിക്കാൻ ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
Content Highlight: Half price scam: Anandu Krishnan says has given money to many political leaders