![search icon](https://www.reporterlive.com/assets/images/icons/search.png)
കൊച്ചി: കേരളത്തെ ഞെട്ടിച്ച പകുതി വില തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറാണെന്ന പൊലീസ് നിഗമനത്തെ ബലപ്പെടുത്തുന്ന കൂടുതല്‍ ശബ്ദരേഖകള്‍ റിപ്പോര്‍ട്ടറിന്. പകുതി വില തട്ടിപ്പ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത തൊടുപുഴ സ്വദേശി അനന്തകൃഷ്ണനെ പരിചയപ്പെടുത്തിയത് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് ആണെന്ന് ആനന്ദ് കുമാര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും തട്ടിപ്പിന്റെ തുടക്കം മുതല്‍ അനന്തുവിനൊപ്പം ആനന്ദകുമാർ ഉണ്ടായിരുന്നുവെന്ന് വ്യക്തമാകുന്ന ശബ്ദ സന്ദേശങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. അനന്തു കൃഷ്ണന്‍ ആനന്ദകുമാറിന്റെ ബെനാമിയാണെന്ന ആരോപണം നിലനില്‍ക്കെയാണ് ശബ്ദസന്ദേശം പുറത്തുവരുന്നത്.
പകുതി വില തട്ടിപ്പ് ആരോപണങ്ങളുടെ തുടക്കത്തില്‍ പ്രതികരണം തേടിയപ്പോള്‍ എല്ലാം നിഷേധിക്കുന്ന നിലപാടാണ് ആനന്ദകുമാര്‍ സ്വീകരിച്ചത്. റിപ്പോര്‍ട്ടര്‍ ആനന്ദകുമാറിനെ ആദ്യം സമീപിച്ചപ്പോള്‍ പ്രതികരണം ഇങ്ങനെയായിരുന്നു.
'ആദ്യമായി ഏഴോ എട്ടോ വര്‍ഷം മുമ്പ് ലാലി വിന്‍സെന്റും അനന്തു കൃഷ്ണനും കൂടെ ഫണ്ടിന്റെ കാര്യം പറഞ്ഞാണ് ഓഫീസിലേക്ക് വരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള ഫണ്ട് സായി ഗ്രാമത്തിന് വേണ്ടി ചര്‍ച്ച ചെയ്യുന്നതിനായിരുന്നു ഇത്. ലാലി വിന്‍സെന്റ് കേരളത്തിലെ അറിയപ്പെടുന്ന നേതാവ് ആയതിനാല്‍ അനന്തുവിനെ അവരാണ് പരിചയപ്പെടുത്തുന്നത്. അവര്‍ പരിചയപ്പെടുത്തിയതുകൊണ്ടാണ് അനന്തുവിനെ അടുപ്പിക്കുകയും പ്രസ്ഥാനത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നത്'
എന്നാല്‍ ആനന്ദകുമാറിന്റെ വാദം പിന്നീട് ലാലി വിന്‍സെന്റ് റിപ്പോര്‍ട്ടറിലൂടെ തന്നെ തള്ളിയിരുന്നു. അനന്തകൃഷ്ണനാണ് ആനന്തകുമാറിനെ തനിക്ക് പരിചയപ്പെടുത്തിയത് എന്നാണ് ലാലി വിന്‍സെന്റ് വെളിപ്പെടുത്തിയത്.
പാതി വിലയില്‍ സ്‌കൂട്ടറും ഗൃഹോപകരണങ്ങളും ഉള്‍പ്പെടെ വിതരണം ചെയ്യുന്ന പദ്ധതിക്കായി പ്രമോട്ടര്‍മാരേയും കോര്‍ഡിനേറ്റര്‍മാരെയും അടക്കം ഉള്‍പ്പെടുത്തി രൂപീകരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും സംഘടനയുടെ പരിപാടികളിലും ആനന്ദ കുമാര്‍ തുടക്കം മുതല്‍ സജീവമാണെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശവും റിപ്പോര്‍ട്ടറിന് ലഭിച്ചു. സംഘടനയിലെ ചിലര്‍ സമാന്തര പ്രവര്‍ത്തനം നടത്തിയെന്ന് കണ്ടപ്പോള്‍ അവര്‍ക്ക് താക്കീത് എന്ന രീതിയില്‍ അനന്തുകൃഷ്ണന്‍ ഗ്രൂപ്പുകളില്‍ ഭീഷണിസ്വരത്തില്‍ ചില സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇതിന് പിന്നാലെ, കെ എന്‍ ആനന്ദകുമാറും ആ ഗ്രൂപ്പില്‍ സന്ദേശം അയച്ചിട്ടുണ്ട്.
അനന്തുകൃഷ്ണന്‍ അയച്ച സന്ദേശം: രാവിലെ അല്‍പം നല്ല തിരക്കിലാണ്. എല്ലാ ജില്ലയിലേയും കാര്യങ്ങളുടെ അപേഡ്ഷന്‍സ്, രാവിലെ ചില മീറ്റിംഗിലാണ്. ഞാന്‍ ഫോണ്‍ കട്ട് ചെയ്യുമ്പോഴും ചിലയാളുകള്‍ തുടര്‍ച്ചയായി വിളിക്കുമ്പോള്‍ വിളിച്ചിട്ട് കിട്ടാത്ത ഒരു മനുഷ്യനെ വിളിക്കുന്നതുപോലെ എനിക്ക് തോന്നുന്നുണ്ട്. ചില മീറ്റിംഗില്‍ ഞാന്‍ ഇരിക്കുന്നതുകൊണ്ടുകൂടിയാണ് ചില കാര്യങ്ങള്‍ നടക്കുന്നതെന്ന് തോന്നല്‍ ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു.
പിന്നാലെ ആനന്ദകുമാര്‍ അയച്ച സന്ദേശം ഇപ്രകാരമാണ്: ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം മാത്രം ഇതിലുള്ള ആളുകള്‍ വിളിച്ചാല്‍ മതിയെന്ന റൂളിംഗ് നടത്തിയാല്‍ മതിയായിരുന്നു. ഒരുപാട് പേപ്പര്‍വര്‍ക്ക് ഉണ്ട്. അറിയുന്നവര്‍ക്കേ അറിയൂ. നാളെ മുതല്‍ തന്നെ ഇങ്ങനെയൊരു റൂളിംഗ് ഉണ്ടാവണം.
അനന്തുകൃഷ്ണനെ പ്രൊമോട്ടര്‍മാരും കോഓഡിനേറ്റര്‍മാരും നിരന്തരം വിളിക്കുമ്പോഴും ഗ്രൂപ്പില്‍ താക്കീത് സ്വരത്തില്‍ അനന്തുകൃഷ്ണന്‍ സംസാരിക്കുന്നുണ്ട്. അപ്പോഴും ആനന്ദകുമാര്‍ അനന്തുകൃഷ്ണനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തുന്നുണ്ട്. ആ ശബ്ദരേഖ ഇപ്രകാരം ആണ്,
അനന്തുകൃഷ്ണന്‍: സപ്പോര്‍ട്ടിംഗ് ഏജന്റുകളെ ചേര്‍ത്തോ ഇംപ്ലിമെന്റിംഗ് ഏജന്‍സികളെ ചേര്‍ത്തോ ഉണ്ടാക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ ഫോണ്‍ നമ്പറുകള്‍ എടുത്ത് കോണ്‍ഫെഡറേഷന്റെ അനുവാദം ഇല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അംഗീകരിക്കാന്‍ പാടില്ല. എന്‍ജിഒ കോണ്‍ഫെഡറേഷന്റെ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് കോണ്‍ഫെഡറേഷന്‍ ചെയ്യുന്ന അതേ പ്രവര്‍ത്തനത്തിന്റെ സമാന്തര പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കില്ല. അങ്ങനെ ചെയ്യുന്ന സംഘടനകളെ ഒഴിവാക്കാനാണ് സംഘടന തീരുമാനിച്ചിരിക്കുന്നത്.
ആനന്ദകുമാര്‍: രണ്ടാഴ്ച്ചയായി ചില സംഘടനകള്‍ പ്രസ്ഥാനത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. ആ രീതിയിലുള്ള തെറ്റായ പ്രവര്‍ത്തനം അംഗീകരിക്കില്ല. നടപടിയുണ്ടാവും. ഏതെല്ലാം സംഘടനകളാണ് ചെയ്യുന്നതെന്ന് സംസ്ഥാന സെക്രട്ടറി കണ്ടുപിടിക്കുന്നതാണ്. കണ്ടുപിടിച്ചാല്‍ പ്രസ്ഥാനത്തില്‍ നിന്നും മാറ്റും.
സിഎസ്ആര്‍ ഫണ്ട് കിട്ടാന്‍ യാതൊരു യോഗ്യതയുമില്ലാത്ത അനന്തു കൃഷ്ണന് വേണ്ടി ആനന്ദകുമാര്‍ സംഘടനയില്‍ താക്കീത് നല്‍കിയത് എങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്. ഇതിന് പുറമെ ആനന്ദകുമാറിന്റെ സ്വാധീനം കൊണ്ടാണ് പല ജനപ്രതിനിധികളും സംഘടനയുടെ പരിപാടികളില്‍ പങ്കെടുത്തതെന്നതാണ് ഇപ്പോൾ വ്യക്തമാകുന്നത്. സ്കൂട്ടർ വിതരണത്തിനൊക്കെ എല്ലാ പ്രമുഖരും എത്തിയിട്ടുണ്ട്. ഇനി ഉദ്ഘാടനം ചെയ്യാനുള്ള ജില്ലാ ഓഫീസുകൾ അതത് എംഎൽഎമാരെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കണം എന്ന് ആനന്ദകുമാർ നിർദേശിക്കുന്ന ശബ്ദസന്ദേശവും റിപ്പോർട്ടറിന് ലഭിച്ചു.
Content Highlights: Half price scam police doubted Anandakumar as Mastermind reporter TV Livathon