കോണ്‍ഗ്രസ് ഇന്ന് കേവലമൊരു ചാവാലിപ്പോത്ത് മാത്രം, ഡല്‍ഹിയില്‍ സിപിഐഎമ്മും സിപിഐയും മത്സരിക്കരുതായിരുന്നു: ജലീൽ

'സ്വന്തം ദൗര്‍ബല്യം മാലോകര്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ ഇടവന്നു എന്നല്ലാതെ മറ്റൊന്നും അതുകൊണ്ട് സംഭവിച്ചില്ല'

dot image

മലപ്പുറം: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കെ ടി ജലീല്‍. ഡല്‍ഹി ബിജെപിയുടെ കൈക്കുമ്പിളില്‍ വെച്ചുകൊടുത്തതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന് മാത്രമാണെന്ന് കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു. യാഥാര്‍ത്ഥ്യ ബോധമില്ലാത്ത കോണ്‍ഗ്രസ് ഇന്ന് കേവലമൊരു ചാവാലിപ്പോത്ത് മാത്രമാണെന്ന് രാഹുല്‍ ഗാന്ധി തിരിച്ചറിയണമെന്നും കെ ടി ജലീല്‍ പറഞ്ഞു.

സിപിഐഎമ്മും സിപിഐയും ഡല്‍ഹിയില്‍ മത്സരിക്കാന്‍ പാടില്ലായിരുന്നുവെന്നും കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു. സ്വന്തം ദൗര്‍ബല്യം മാലോകര്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ ഇടവന്നു എന്നല്ലാതെ മറ്റൊന്നും അതുകൊണ്ട് സംഭവിച്ചില്ല. ബുദ്ധിശൂന്യമായ പ്രവൃത്തിയായിപ്പോയി ഇരു പാര്‍ട്ടികളുടേതെന്നും എന്നാണ് കെ ടി ജലീലിന്റെ വിമര്‍ശനം.

കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

ഡല്‍ഹി ബി.ജെ.പിക്ക് സമ്മാനിച്ചതാര്?
ഒരു പതിറ്റാണ്ടിലധികം തുടര്‍ച്ചയായി കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനമാണ് ഡല്‍ഹി. അവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എഴുപത് സീറ്റുകളില്‍ മല്‍സരിച്ച കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തിയത് കേവലം ഒരു സീറ്റില്‍ മാത്രം. ഡല്‍ഹി ബി.ജെ.പിയുടെ കൈക്കുമ്പിളില്‍ വെച്ചു കൊടുത്തതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ്സിനു മാത്രമാണ്. പോള്‍ ചെയ്ത വോട്ടില്‍ പകുതി വോട്ട് ബി.ജെ.പി ഭരിക്കുന്ന ഒരിടത്തും അവര്‍ക്ക് കിട്ടിയിട്ടില്ല. പ്രതിപക്ഷ നിരയിലെ അനൈക്യം കൊണ്ടു മാത്രമാണ് ഹിന്ദുത്വ ശക്തികള്‍ കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും അധികാരത്തില്‍ ഇരിക്കുന്നത്.
കോണ്‍ഗ്രസ്സിന് ഇപ്പോഴും യാഥാര്‍ത്ഥ്യ ബോധമില്ല. സ്വന്തം ശക്തിയെ കുറിച്ച് യാതൊരു ബോദ്ധ്യവുമില്ല. 'ന്റെപ്പൂപ്പാക്ക് ഒരാനണ്ടാര്‍ന്നു' എന്ന് ഊറ്റം കൊണ്ടത് കൊണ്ട് ഒരു കാര്യവുമില്ല. ഒരു കാലത്ത് ആനയായിരുന്ന കോണ്‍ഗ്രസ്, ഇന്ന് കേവലമൊരു ചാവാലിപ്പോത്ത് മാത്രമാണെന്ന് രാഹുല്‍ഗാന്ധി തിരിച്ചറിയണം.
സി.പി.എമ്മും സി.പി.ഐയും ഡല്‍ഹിയില്‍ മല്‍സരിക്കാന്‍ പാടില്ലായിരുന്നു. സി.പി.എം രണ്ടു സീറ്റിലും സി.പി.ഐ അഞ്ചു സീറ്റിലുമാണ് മല്‍സരിച്ചതെങ്കില്‍ പോലും. സ്വന്തം ദൗര്‍ബല്യം മാലോകര്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ ഇടവന്നു എന്നല്ലാതെ മറ്റൊന്നും അതുകൊണ്ട് സംഭവിച്ചില്ല. ബുദ്ധിശൂന്യമായ പ്രവൃത്തിയായിപ്പോയി ഇരു പാര്‍ട്ടികളുടേതും.
എന്തൊക്കെ കുറവുകള്‍ ചൂണ്ടിക്കാണിക്കാമെങ്കിലും ആം ആദ്മിക്ക് ഡല്‍ഹിയില്‍ വേരോട്ടമുണ്ട്. തെരഞ്ഞെടുപ്പു ഫലം അതാണ് തെളിയിക്കുന്നത്. 1977-ല്‍ തോറ്റ ഇന്ദിരാഗാന്ധി പൂര്‍വ്വോപരി ശക്തിയോടെ തിരിച്ചുവന്ന പോലെ അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹിയിലും തിരിച്ചു വരും. കുറഞ്ഞ ചെലവില്‍ ഡല്‍ഹി ഭരിച്ച മനുഷ്യനെയാണ് അവര്‍ പുറംകാല് കൊണ്ട് തട്ടിത്തെറിപ്പിച്ചത്. പാവപ്പെട്ടവര്‍ക്ക് വെള്ളവും വെളിച്ചവും ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും സൗജന്യമായി ഉറപ്പു വരുത്തിയ സര്‍ക്കാരിനെയാണ് ഡല്‍ഹിക്കാര്‍ നിഷ്‌കരുണം വലിച്ചെറിഞ്ഞത്.
നരേന്ദ്രമോദിയും അരവിന്ദ് കെജ്രിവാളും ഒരുപോലെയാണെന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ കോണ്‍ഗ്രസ് പ്രചരണ റാലികളില്‍ പ്രസംഗിച്ചത്. കേന്ദ്ര സര്‍ക്കാരിന് കെജ്രിവാളിനെയും സിസോദിയേയും അറസ്റ്റ് ചെയ്ത് ജയിലിലടക്കാനുള്ള വടി നല്‍കിയതും കോണ്‍ഗ്രസ്സാണ്. കോണ്‍ഗ്രസ്സിന്റെ പരാതിയുടെ മേലായിരുന്നു ഈഡിയുടെ അന്വേഷണവും അറസ്റ്റും. ഗൃഹനാഥന്‍ തന്നെ കുടുംബാംഗങ്ങളെ ഒറ്റുകൊടുക്കുന്ന പണിയാണ് ഇന്ത്യാമുന്നണിയുടെ നേതൃസ്ഥാനത്തിരുന്ന് കോണ്‍ഗ്രസ് ചെയ്തത്. അതിനെ കൊടും ചതി എന്നല്ലാതെ മറ്റെന്താണ് പറയുക?
ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരപ്പച്ചയാണെന്ന് തോന്നുക സ്വാഭാവികം. ആ തോന്നലാണ് പലപ്പോഴും ജനങ്ങളെ ചതിക്കുഴിയില്‍ വീഴ്ത്തുക. ഡല്‍ഹി ജനത അരവിന്ദ് കെജ്രിവാള്‍ എന്ന ഭരണകര്‍ത്താവിനോട് കാണിച്ച നന്ദികേടിന് മനമുരുകി പശ്ചാതപിക്കേണ്ടി വരും. തീര്‍ച്ച.

Content Highlights: k t jaleel against congress and cpim over delhi failure

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us