
തൃശ്ശൂര്‍: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വിജയിക്കാന്‍ കാരണമായത് യുഡിഎഫിന്റെ വോട്ടുകള്‍ നഷ്ടപ്പെട്ടതിനാലാണെന്ന് പുറത്ത് പറയവെ എല്‍ഡിഎഫ് വോട്ടും നഷ്ടപ്പെട്ടെന്ന് സിപിഐഎം തൃശ്ശൂര്‍ ജില്ലാ സമ്മേളന റിപ്പോര്‍ട്ട്. മുന്‍കാലങ്ങളില്‍ നമുക്ക് വോട്ട് ചെയ്ത് കൊണ്ടിരുന്ന ആളുകളില്‍ വലിയൊരു വിഭാഗം നമുക്കെതിരായി വോട്ട് ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുന്നംകുളത്ത് ആരംഭിച്ച ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ
വോട്ടര്‍പട്ടിക പരിശോധിക്കുന്നതിലും എതിരാളികള്‍ പുതിയതായി ചേര്‍ത്ത വോട്ടര്‍മാരെ മനസ്സിലാക്കി ബിഎല്‍ഒമാരുമായി ബന്ധപ്പെട്ട് അനര്‍ഹമായവരുടെ വോട്ടുകള്‍ ഒഴിവാക്കുന്നതിലും ഒഴിവാക്കുന്നതിലും വലിയ വീഴ്ചയും ജാഗ്രത കുറവുമാണ് നമുക്ക് ഉണ്ടായിട്ടുള്ളത്.
നമ്മള്‍ മുഖേന ചേര്‍ത്തിയ വോട്ടര്‍മാരുടെ വോട്ടുകള്‍ എല്‍ഡിഎഫിന് നമ്മള്‍ ലഭിച്ചിട്ടുണ്ടോ എന്നതും സംശയമാണ്. എന്‍ഡിഎ നവമാധ്യമങ്ങളെയാണ് കൂടുതലായും ഉപയോഗപ്പെടുത്തിയത്.
മുന്‍കാലങ്ങളില്‍ നമുക്ക് വോട്ട് ചെയ്ത് കൊണ്ടിരുന്ന ആളുകളില്‍ വലിയൊരു വിഭാഗം നമുക്കെതിരായി വോട്ട് ചെയ്തിട്ടുണ്ട്. എസ്എന്‍ഡിപി നേതൃത്വവും ബിഡിജെഎസും എന്‍ഡിഎ മുന്നണിയില്‍ സജീവമായതോടുകൂടി ഓരോ തെരഞ്ഞെടുപ്പിലും നമുക്ക് ലഭിച്ചുകൊണ്ടിരുന്ന ഈഴവ വോട്ടില്‍ കുറവുണ്ടായിട്ടുണ്ട്.
ഈ തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി-ബിഡിജെഎസ് നേതൃത്വങ്ങളുടെ എല്‍ഡിഎഫ് വിരുദ്ധ പ്രചരണം വഴി ഈഴവ വോട്ടുകളില്‍ വലിയൊരു വിഭാഗം എന്‍ഡിഎയ്ക്ക് ലഭിച്ചു എന്ന് വേണം വിലയിരുത്തുവാന്‍. സുരേഷ്ഗോപി വ്യക്തി എന്ന നിലയിലും ധാരാളം വോട്ടുകള്‍ സമാഹരിച്ചിട്ടുണ്ട്.
ഈഴവ, പട്ടികജാതി വിഭാഗങ്ങള്‍ പാര്‍ക്കുന്ന പല എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളിലും നമുക്ക് വോട്ട് നഷ്ടമായിട്ടുണ്ട്. പട്ടികജാതി കേന്ദ്രങ്ങളില്‍ എന്‍ഡിഎ വലിയ തോതില്‍ പണവും നല്‍കിയിട്ടുണ്ട്. ക്രൈസ്തവ-മുസ്ലീം ന്യൂനപക്ഷ പ്രീണന നിലപാടുകളാണ് എല്‍ഡിഎഫ് സ്വീകരിച്ച് വരുന്നത് എന്ന പ്രചരണം എന്‍ഡിഎയ്ക്ക് അനുകൂലമായിട്ടുണ്ട് എന്ന് വേണം കരുതുവാന്‍. സുരേഷ്‌ഗോപി ജയിച്ചാല്‍ കേന്ദ്രമന്ത്രിയാകും എന്ന തരത്തിലുള്ള 'മോഡി ഗ്യാരണ്ടി' പ്രചരണവും വോട്ടര്‍മാരെ നല്ല നിലയില്‍ സ്വാധീനിച്ചു. നവമാധ്യമങ്ങളിലൂടെ സുരേഷ് ഗോപിക്ക് അനുകൂലമായി നല്ലൊരു ഇമേജ് സൃഷ്ടിച്ചെടുത്തു.സ്ത്രീ വോട്ടര്‍മാരെയും യുവാക്കളെയും ഇതിലൂടെ നല്ല നിലയില്‍ സ്വാധീനിച്ചു. നവമാധ്യമങ്ങളിലൂടെ ഇവര്‍ നല്‍കിയിരുന്ന സന്ദേശങ്ങള്‍ എല്‍ഡിഎഫിനോട് അനുഭാവം പുലര്‍ത്തിയിരുന്നയവരില്‍ പോലും തെറ്റിദ്ധാരണയ്ക്ക് ഇടയാക്കി.
എല്‍ഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്ന ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും എല്‍ഡിഎഫ് പിന്നിലായി. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ 47 തദ്ദേശ സ്ഥാപനങ്ങളില്‍ ചാവക്കാട് നഗരസഭയില്‍ മാത്രമാണ് എല്‍ഡിഎഫിന് ലീഡ് നിലനിര്‍ത്താനായത്. 8 ഇടത്ത് യൂഡിഎഫും 38 ഇടത്ത് ബിജെപിയും ലീഡ് നേടി. ബിജെപി 693 ബൂത്തുകളില്‍ ഒന്നാം സ്ഥാനത്താണ്. യുഡിഎഫ് 384ബൂത്തു കളിലും എല്‍ഡിഎഫ് 197 ബൂത്തുകളിലുമാണ് ഒന്നാം സ്ഥാനത്തുള്ളത്. നാട്ടികയിലെ ഒരു ബൂത്തില്‍ എല്‍ഡിഎഫും യുഡിഎഫും തുല്യമായി.
Content Highlights: LDF lost votes in Thrissur, BJP got Ezhava votes; CPIM conference report