![search icon](https://www.reporterlive.com/assets/images/icons/search.png)
മലപ്പുറം : പാതിവില തട്ടിപ്പ് കേസിൽ നജീബ് കാന്തപുരത്തിന് എതിരായ പരാതി പിൻവലിച്ച് പരാതിക്കാരിയായ പുലാമന്തോൾ സ്വദേശിനി. പരാതിക്കാരിക്ക് എംഎൽഎയുടെ നേതൃത്വത്തിലുള്ള മുദ്ര ഫൗണ്ടേഷൻ പണം തിരിച്ചു നൽകിയതിനെ തുടർന്നാണ് പരാതി പിൻവലിച്ചത്. തുടർനടപടികൾക്ക് താല്പര്യമില്ലെന്ന് പരാതിക്കാരി സ്റ്റേഷനിലെത്തി എഴുതി നൽകുകയായിരുന്നു.
ഫെബ്രുവരി ഏഴാം തീയതിയാണ് പകുതി വില തട്ടിപ്പ് കേസില്‍ നജീബ് കാന്തപുരം എംഎൽഎക്ക് എതിരെ പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വഞ്ചന കുറ്റമുൾപ്പെടെയുള്ള വകുപ്പുകൾ ആണ് എംഎൽഎയ്ക്കെതിരെ ചുമത്തിയിരുന്നത്. നജീബ് കാന്തപുരത്തിന്റെ പരാതിയിലും പെരിന്തൽമണ്ണ പൊലീസ് കേസെടുത്തിട്ടുണ്ട്. 2024 സെപ്തംബര്‍ 25 നാണ് എംഎല്‍എയുടെ ഓഫീസിലെത്തി പണം നല്‍കിയത്. 40 ദിവസം കഴിഞ്ഞാല്‍ ലാപ്ടോപ് ലഭിക്കുമെന്നാണ് വിശ്വസിപ്പിച്ചത്. എന്നാല്‍ പണമോ ലാപ്ടോപോ ലഭിക്കാതെ വന്നതോടെ പരാതി നല്‍കുകയായിരുന്നു.
പണം നല്‍കിയപ്പോള്‍ മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ എന്ന പേരിലാണ് രശീതി ലഭിച്ചത്. എംഎല്‍എ ഓഫീസ് ജീവനക്കാരനാണ് അപേക്ഷ വാങ്ങിയതും പണം കൈപ്പറ്റി രശീതി നല്‍കിയതും. നജീബ് കാന്തപുരം എംഎല്‍എ നേതൃത്വം നല്‍കുന്ന പദ്ധതിയാണെന്ന വിശ്വാസത്താലാണ് മുന്‍കൂര്‍ പണം അടച്ചതെന്ന് അനുപമയുടെ പിതാവ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
അതേ സമയം നാഷണല്‍ എന്‍ജിഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷനല്‍ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു ഇടുക്കി സ്വദേശി അനന്തു കൃഷ്ണന്റെ തട്ടിപ്പ്. തുടർന്ന് ഇരുചക്രവാഹങ്ങൾക്ക് നിങ്ങൾ പകുതി തുക നൽകിയാൽ, ബാക്കി തുക ബഹുരാഷ്ട്രകമ്പനികളുടെ സിഎസ്ആർ ഫണ്ടിൽ നിന്ന് ലഭിക്കുമെന്നും ജനങ്ങളോട് ഇയാൾ പറഞ്ഞു. ആദ്യം അനന്തു പഠനോപകരണങ്ങൾ വിതരണം ചെയ്തും തെയ്യൽ മെഷീനുകൾ വിതരണം ചെയ്തും വിശ്വാസം നേടിയെടുക്കുകയായിരുന്നു. ഇവയുടെ വിതരണോദ്ഘാടനത്തിന് പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും പങ്കെടുപ്പിച്ചിരുന്നു.
സ്വന്തം പേരില്‍ വിവിധ കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്. എന്നാല്‍, ഇതുവരെ ഒരു കമ്പനിയില്‍ നിന്നും സിഎസ്ആര്‍ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ അനന്തു പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അനന്തുവിന്റെ ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിച്ചു അതിൽ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് മാത്രം 400 കോടി രൂപയെത്തിയിട്ടുണ്ട്. എറണാകുളത്ത് നിന്ന് 700 കോടി തട്ടിയെടുത്തെന്നാണ് നിലവിൽ പൊലീസിന്റെ വിലയിരുത്തല്‍.
നിരവധി രാഷ്ട്രീയ നേതാക്കളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. ബിജെപി നേതാവ് എഎൻ രാധാകൃഷ്ണനും കോൺഗ്രസ് വനിതാ നേതാവ് ലാലി വിൻസെൻ്റുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. പ്രധാനമന്ത്രിയുടെ ഒപ്പം നിൽക്കുന്ന ചിത്രം വരെ ആളുകളുടെ വിശ്വാസം നേടിയെടുക്കാൻ പ്രതി ഉപയോഗിച്ചിട്ടുണ്ട്. കെ ടി ജലീൽ, വി ഡി സതീശൻ, എം കെ രാഘവൻ, ഹൈബി ഈഡൻ തുടങ്ങിയ നിരവധി രാഷ്ട്രീയനേതാക്കളുമായി ഇയാൾ വേദി പങ്കിട്ടിട്ടിട്ടുമുണ്ട്. ഇവയുടെ ചിത്രങ്ങളും മാറ്റുമെല്ലാമാണ് ഇയാൾ തന്റെ വിശ്വാസ്യതയ്ക്കായി ഉപയോഗിച്ചിരുന്നത്.
പ്രധാന രാഷ്ട്രീയപാർട്ടികൾക്കും അനന്തു പണം നൽകിയിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് വേണ്ടി രണ്ടരലക്ഷം രൂപ സിപിഐഎമ്മിന് അനന്തു നൽകി. മൂലമറ്റം ഏരിയാ കമ്മിറ്റിക്ക് വേണ്ടിയായിരുന്നു പണം നല്‍കിയത്. മുഖ്യമന്ത്രിയുടെ നവകേരള സദസിനും അനന്തു പണം നൽകിയിരുന്നുവെന്നും ആരോപണമുണ്ട്. തട്ടിപ്പ് നടത്താൻ അനന്തുകൃഷ്ണൻ അഞ്ച് കമ്പനികളാണ് രജിസ്റ്റർ ചെയ്തിരുന്നത്. പ്രൊഫഷണൽ സർവീസസ് ഇന്നവേഷൻ കൊറാസോൺ, കളമശേരിയിലെ ഗ്രാസ് റൂട്ട് ഇന്നവേഷൻ, കടവന്ത്രയിലെ സോഷ്യൽബീ വെഞ്ചേഴ്സ് എൽഎൽപി എന്നീ സ്ഥാപനങ്ങൾ വഴിയും അനന്തു പണം തട്ടിയതായി കണ്ടെത്തിയിരുന്നു.
content highlights : Half-price scam; Complaint against Najeeb Kanthapuram withdrawn