തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ തനിക്കെതിരായ ആരോപണങ്ങൾ തെറ്റെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. അനന്തു കൃഷ്ണനിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ചു. ഈ സമയം വരെ തൻ്റെ പേര് മൊഴിയിൽ ഇല്ലെന്നാണ് പൊലീസ് പറഞ്ഞത്. ഒരു അടിസ്ഥാനവും ഇല്ലാതെയാണ് തനിക്കെതിരെയുള്ള വാർത്തയെന്നും അദ്ദേഹം പ്രതികരിച്ചു. കൈരളി പോലും നൽകാത്ത വാർത്തയാണ് റിപ്പോർട്ടർ നൽകുന്നതെന്നും മാത്യു കുഴൽനാടൻ കുറ്റപ്പെടുത്തി.
പാതിവില തട്ടിപ്പ് കേസിൽ രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്ന് പൊലീസ് കസ്റ്റഡിയിലുള്ള പ്രതി അനന്തു കൃഷ്ണൻ മൊഴി നൽകിയിരുന്നു. എറണാകുളം ജില്ലയിലെ ഒരു എംഎൽ ഏഴ് ലക്ഷം രൂപ, ഇടുക്കി എം പി ഡീൻ കുര്യാക്കോസിന് 45 ലക്ഷം രൂപ, സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിന് 25 ലക്ഷം രൂപ, കോട്ടയം എം പി ഫ്രാൻസിസ് ജോർജിന് 10 ലക്ഷം രൂപ എന്നിങ്ങനെ കൈമാറിയെന്നാണ് അനന്തു കൃഷ്ണൻ പൊലീസിന് മൊഴി നൽകിയത്. മൂവാറ്റുപുഴയിലെ യുവ കോൺഗ്രസ് നേതാവിന് 5 ലക്ഷം രൂപ കൈവായ്പയായി നൽകിയെന്നും മൊഴിയുണ്ട്. ഇന്നലെ നടന്ന തെളിവെടുപ്പിന് ശേഷമായിരുന്നു അനന്തു കൃഷ്ണൻ പൊലീസിന് നിർണ്ണായക മൊഴി നൽകിയത്.
മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് പണം ബാങ്കിലേയ്ക്ക് നൽകാമെന്ന് പറഞ്ഞെങ്കിലും പണമായി കൈമാറിയാൽ മതിയെന്ന് അദ്ദേഹം ആവശ്യപ്പെട്ടെന്നും അനന്തു കൃഷ്ണൻ മൊഴി നൽകിയിരുന്നു. ഇടുക്കി എംഎൽഎ ഡീൻ കുര്യാക്കോസിന് കൈമാറിയ 45 ലക്ഷം രൂപയിൽ 15 ലക്ഷം തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്കും ബാക്കി 30 ലക്ഷം രൂപ വ്യക്തിപരമായും കൈമാറിയെന്നാണ് മൊഴി. സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിന് 25 ലക്ഷം രൂപ കൈമാറിയെന്നും മൊഴിയിൽ പറയുന്നു. തങ്കമണി സർവീസ് സഹകരണ ബാങ്കിലേയ്ക്ക് പണം അയച്ചുവെന്നാണ് മൊഴി. അവിടേയ്ക്ക് അയച്ചാൽ മറ്റാരുടെയെങ്കിലും പേരിൽ മാറ്റിയെടുക്കാമെന്ന് സി വി വർഗീസ് പറഞ്ഞുവെന്നും മൊഴിയിലുണ്ട്.
എന്നാൽ അനന്തു കൃഷ്ണനിൽ നിന്നും പണം കൈപ്പറ്റിയെന്ന ആരോപണം സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസും കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനും നിഷേധിച്ചിരിരക്കുകയാണ്. റിപ്പോർട്ടറിൻ്റെ മോർണിംഗ് ഷോയായ കോഫി വിത്ത് അരുണിൽ സംസാരിക്കവെ ഇരുവരും ആരോപണം നിഷേധിച്ചിരുന്നു. അനന്തു കൃഷ്ണനുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്നായിരുന്നു നേതാക്കളുടെ പ്രതികരണം.
Content Highlights: mathew kuzhalnadan rejects the controversies against him on half price scam