![search icon](https://www.reporterlive.com/assets/images/icons/search.png)
തിരുവനന്തപുരം: വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടികളുടെ മരണത്തില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി എംബി രാജേഷ്. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.
എംബി രാജേഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
അവരുടെ 'അമ്മ'യെക്കുറിച്ച്
ഒട്ടും സന്തോഷത്തോടെയല്ല ഈ കുറിപ്പെഴുതുന്നത്. പലവട്ടം ആലോചിച്ച ശേഷമാണ് ഇതെഴുതാമെന്ന് തീരുമാനിച്ചത്. ചില സത്യങ്ങൾ പറയേണ്ടപ്പോൾ പറയണമല്ലോ.
2017 ലാണ് രണ്ട് കൊച്ചു പെൺകുട്ടികൾ വാളയാറിൽ ക്രൂരമായ ലൈംഗിക ചൂഷണത്തിനിരയായി ഒന്നിന് പിറകെ ഒന്നായി ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്. അന്ന് ഞാൻ പാലക്കാട് എം പിയാണ്. 2019 ൽ വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു. അന്നൊന്നും ഉയർന്നുവരാത്ത ക്രൂരമായ ആരോപണം 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഉയർന്നുവന്നു. അന്നത്തെ ബിജെപി ജില്ലാ പ്രസിഡണ്ട് ഇ കൃഷ്ണദാസാണ് വാളയാറിലെ കുട്ടികളുടെ മരണത്തിന് കാരണക്കാരായ കൊടും ക്രിമിനലുകളെ രക്ഷപ്പെടുത്തിയത് ഞാനും നിതിൻ കണിച്ചേരിയുമാണ് എന്ന അതിക്രൂരമായ ആരോപണം ഉന്നയിക്കുന്നത്. തൊട്ടുപിന്നാലെ ദീർഘകാലമായി കമ്യൂണിസ്റ്റ് വിരുദ്ധ ലഹരിക്കടിമയായി ടെലിവിഷൻ ചാനലുകളിലെ സ്ഥിരം അധമഭാഷണക്കാരനായ ഒരു വക്കീൽ വേഷധാരി ഏഷ്യാനെറ്റിലൂടെ ഈ ആരോപണം ആവർത്തിച്ചു. അതിനെതിരെ ഞാൻ നൽകിയ ക്രിമിനൽ അപകീർത്തിക്കേസ് ഒറ്റപ്പാലം ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നാല് വർഷമായി നടന്നുവരികയാണ്.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഞാൻ തൃത്താലയിൽ സ്ഥാനാർത്ഥിയായതോടെ അവിടത്തെ യു ഡി എഫ് സ്ഥാനാർഥി തന്നെ എനിക്കെതിരായ വ്യക്തിഹത്യക്ക് നേതൃത്വം കൊടുത്തു. യു ഡി എഫ് സ്ഥാനാർത്ഥിയുടെ ഫോട്ടോ വെച്ച് പുറത്തിറക്കിയ ഒരു പോസ്റ്റർ കമന്റ് ബോക്സിൽ പോസ്റ്റ് ചെയ്യുന്നു. അതിലെ വാചകങ്ങൾ ഇപ്രകാരമാണ്- "വാളയാറിൽ പ്രതികൾക്ക് വേണ്ടി പ്രവർത്തിച്ചവനെയല്ല, നീതിക്കുവേണ്ടി ശബ്ദമുയർത്തിയവനെയാണ് തൃത്താലക്കാവശ്യം". തൂങ്ങിനിൽക്കുന്ന രണ്ട് കുഞ്ഞുടുപ്പുകളുടെ ചിത്രം പതിച്ച ആയിരക്കണക്കിന് പോസ്റ്റർ മണ്ഡലത്തിലുടനീളം പതിച്ചു. പോളിംഗ് ദിവസം ബൂത്തുകളുടെയെല്ലാം പരിസരങ്ങളിൽ ചുവന്ന മഷി തൂവിയ വെള്ള കുഞ്ഞുടുപ്പുകൾ കൊണ്ടുള്ള തോരണങ്ങൾ പ്രത്യക്ഷപ്പെട്ടു. തീർന്നില്ല, മുഖ്യമന്ത്രിക്കെതിരെ യു ഡി എഫ് മത്സരിപ്പിച്ച വാളയാറമ്മ പിന്നെ കേന്ദ്രീകരിച്ചത് തൃത്താലയിലായിരുന്നു. വിഷം തീണ്ടിയ മനസ്സിനുടമയായ കാളകൂടകണ്ഠനും യു ഡി എഫ് നേതാക്കളും ആ ''അമ്മ"യെ തൃത്താലയിലാകെ കൊണ്ടുനടന്നു. നൂറുകണക്കിന് കേന്ദ്രങ്ങളിൽ പൊതുയോഗങ്ങളിൽ പങ്കെടുപ്പിച്ചു. അത്തരമൊരു പൊതുയോഗത്തിന്റെ വീഡിയോയാണിവിടെ പങ്കുവെച്ചത്. അതിലവർ പറയുകയാണ്, "2017 ജനുവരി 13 ന് എന്റെ മൂത്ത മോൾ കൊല്ലപ്പെട്ട അന്ന് ഞങ്ങൾ ചൂണ്ടിക്കാണിച്ച പ്രതികളെ പോലീസ് വൈകുന്നേരം ഏഴു മണിയാകുമ്പോൾ അറസ്റ്റ് ചെയ്തുകൊണ്ട് പോവുകയും രാത്രി ഒരു മണിയാവുമ്പോ അവിടത്തെ ലോക്കൽ നേതാക്കൾ ജാമ്യത്തിലിറക്കിക്കൊണ്ടുവരികയും ചെയ്തപ്പോൾ അന്ന് ഞങ്ങൾ ചൂണ്ടിക്കാണിച്ച പ്രതികളെ രക്ഷപ്പെടുത്താൻ വിളിച്ചുപറഞ്ഞത് ഇന്ന് ഈ മണ്ഡലത്തിൽ മത്‌സരിക്കാൻ വരുന്ന എം ബി രാജേഷാണെന്ന് എനിക്ക് വ്യക്തമായിട്ട് അറിയാമായിരുന്നു".
ജീവിതത്തിൽ ഏറ്റവും മുറിവേറ്റ നാളുകൾ അതായിരുന്നു. തൃത്താലയിലെ ജനങ്ങളോടുള്ള ഏറ്റവും വലിയ കടപ്പാട് ആ ക്രൂരമായ വ്യക്തിഹത്യക്ക് അവർ പുല്ലുവില കല്പിച്ചില്ല എന്നതാണ്. രണ്ട് പെൺകുട്ടികളുടെ അച്ഛനായ ഒരാൾ എന്നതുകൊണ്ട് കൂടിയാണ് ഒരു രാഷ്ട്രീയ ആക്രമണമെന്നതിനപ്പുറം വ്യക്തിപരമായ മുറിവായി അത് മാറിയത്. ആരോപണങ്ങൾ വ്യാജമാണെന്നറിഞ്ഞിട്ടും സംഘി-കോൺഗ്രസ്-ലീഗ് ഹാൻഡിലുകളിൽ നിന്ന് സൈബറിടത്തിൽ സംഘടിതമായ ആക്രമണം തുടർന്നു. ഇതിനെല്ലാം പ്രധാന കാരണക്കാരനെന്ന നിലയിലാണ് കമ്യൂണിസ്റ്റ് വിരുദ്ധ വക്കാലത്തെടുത്തയാൾക്കെതിരെ കേസ് നൽകിയത്. ഈ പ്രശ്നത്തിൽ വ്യക്തിപരമായ ആക്രമണത്തിന്റെ ഞെട്ടിപ്പിക്കുന്ന മറ്റൊരനുഭവം കൂടിയുണ്ട്. തത്കാലം അതിപ്പോൾ പങ്കുവെക്കുന്നില്ല. എന്തും ചെയ്യാൻ മടിയില്ലാത്തവരാണിവർ എന്ന് സ്വന്തം അനുഭവത്തിൽ നിന്ന് ബോധ്യപ്പെട്ടിട്ടുണ്ട് എന്ന് മാത്രം പറയാം.
എനിക്കെതിരായ വ്യക്തിപരമായ ആരോപണം പക്ഷേ, ഒരു മുഖ്യധാരാ മാധ്യമവും നൽകുകയോ ഏറ്റുപിടിക്കുകയോ ചെയ്തില്ല എന്ന് പറയാതിരുന്നാൽ സത്യസന്ധമാവില്ല. പക്ഷേ മാധ്യമങ്ങൾ മുഖ്യമന്ത്രിയോടും ഇടതുപക്ഷത്തോടും ആ മാന്യത കാണിച്ചില്ല എന്നും പറയാതെവയ്യ. വാളയാറമ്മയെ വലതുപക്ഷത്തിനൊപ്പം മഹത്വവൽക്കരിച്ച് ഇടതുപക്ഷം ആ അമ്മയോട് ചെയ്ത 'അനീതി'കളെക്കുറിച്ച് അവർ മാസങ്ങൾ വെണ്ടയ്ക്ക നിരത്തി. ദീർഘദീർഘമായി ഉപന്യസിച്ചു. മുഖപ്രസംഗങ്ങളിൽ രോഷംകൊണ്ടു. മാസങ്ങളോളം ചാനലുകളിൽ പ്രൈം ടൈമിൽ മത്സരിച്ച് വട്ടത്തിലും നീളത്തിലുമിരുന്ന് അന്തമില്ലാത്ത ചർച്ചകൾ നടത്തി. കാളകൂടകണ്ഠന്മാർ വിഷം വമിക്കുന്ന നുണകൾ ഞങ്ങൾക്കെതിരെ ടൺ കണക്കിന് ചൊരിഞ്ഞു. ഇടതുപക്ഷത്തെക്കുറിച്ച് അവമതിപ്പുണ്ടാക്കുക എന്ന ദൗത്യം വലതുപക്ഷത്തിനായി നിർവഹിച്ചു. കേരളത്തിലെ വലതുപക്ഷത്തിന്റെ ''അമ്മ" മാധ്യമങ്ങൾക്ക് നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളുടെയെല്ലാം അമ്മയായി മാറി.
ഇപ്പോൾ സി ബി ഐ സമർപ്പിച്ച കുറ്റപത്രത്തിലൂടെ സത്യം പുറത്തുവന്നിരിക്കുന്നു. 'ദി ഹിന്ദു' മാത്രമാണ് പ്രാധാന്യത്തോടെ അത് റിപ്പോർട്ട് ചെയ്തതായി കണ്ടത്. ഇവരെല്ലാം ചേർന്ന് മഹത്വവത്കരിക്കുകയും നാടാകെ ഞങ്ങൾക്കെതിരെ എഴുന്നള്ളിച്ചു നടക്കുകയും ചെയ്ത ഈ ''അമ്മ" പ്രായപൂർത്തിയാവാത്ത സ്വന്തം മകളെ ലൈംഗികചൂഷണം നടത്താൻ സഹായം ചെയ്തു, സ്വന്തം കണ്മുന്നിലിട്ടും കുട്ടികളെ ദുരുപയോഗിക്കാൻ കൂട്ടുനിന്നു എന്നിങ്ങനെയുള്ള ചോര മരവിപ്പിക്കുന്ന ക്രൂരതകളാണ് സി ബി ഐ കുറ്റപത്രത്തിൽ പറയുന്നത്! അതായത് കുറ്റവാളികൾ ചെയ്ത അതേ കുറ്റത്തിന് വാളയാർ കുട്ടികളുടെ അമ്മയും വിചാരണ ചെയ്യപ്പെടും. ആ സ്ത്രീയെ വിധിക്കാൻ ഞാൻ ആളല്ല, കോടതി വിധിക്കട്ടെ.
ആദ്യം മാധ്യമങ്ങളോടാണ് ചോദ്യം. എന്തേ ഈ സ്തോഭജനകമായ വാർത്ത നിങ്ങൾ കൂട്ടത്തോടെ തമസ്കരിച്ചു? എന്തേ പൊടുന്നനെ നിങ്ങൾ ഒന്നടങ്കം നിശ്ശബ്ദരായി? എന്തേ തലക്കെട്ടുകളും പ്രൈംടൈം ചർച്ചകളും കവർ സ്റ്റോറികളും ഇല്ലാത്തത്? ലജ്ജകൊണ്ട്? അതോ കുറ്റബോധം? മറുപടി പറയാൻ നിങ്ങൾക്ക് ഉത്തരവാദിത്വമുണ്ട്. പറയുമോ? (പത്രസമ്മേളനങ്ങളിൽ മാധ്യമവിമർശനം നടത്തുമ്പോൾ ഇനിയിപ്പോ ഇയാളുടെ മാധ്യമ ക്‌ളാസ് കേൾക്കണമല്ലോ എന്ന് മുറുമുറുക്കുന്നവർ അറിയുക, നിങ്ങൾ ഞങ്ങളോട് ചെയ്യുന്ന അന്യായങ്ങളെക്കുറിച്ച് മാത്രമാണ് പറയുന്നത്. അത് ഇനിയും പറയേണ്ടിവരും).
വലതുപക്ഷത്തെക്കുറിച്ച് എന്ത് പറയാൻ. കൊടും നുണകളുടെ രാഷ്ട്രീയ സന്തതികളായ അവർ അവർക്കർഹരായ ''അമ്മ"മാരെ കണ്ടെത്തുന്നു. ആയമ്മമാരെ അവർ വാഴ്ത്തിക്കൊണ്ടിരിക്കട്ടെ. ആ "മാതൃസ്വരൂപ"ങ്ങളുടെ മുന്നിൽ കൈകൂപ്പിനിൽക്കാൻ അർഹർ വലതുപക്ഷം തന്നെയാണ്.
വാൽക്കഷ്ണം: ഇക്കൂട്ടർ ഇതിനൊന്നും ഒരക്ഷരം മറുപടി പറയില്ല. ചത്ത പാമ്പിനെപ്പോലെ പതുങ്ങിക്കിടക്കും. അടുത്ത കൊടും നുണയുമായി ഞങ്ങളെ ആഞ്ഞുകൊത്താനുള്ള തക്കം പാർത്ത്.
(ഇതോടൊപ്പം കമന്റ് ബോക്സിൽ പങ്കുവെച്ച വീഡിയോയും യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററും കൂടി കാണുക)