![search icon](https://www.reporterlive.com/assets/images/icons/search.png)
കൊച്ചി: പാലാരിവട്ടത്ത് ട്രാൻസ് ജെൻഡർ യുവതിക്ക് ക്രൂര മർദ്ദനമേറ്റ സംഭവത്തിൽ റിപ്പോർട്ട് തേടി മന്ത്രി ആർ ബിന്ദു. ട്രാൻസ് മനുഷ്യരെ എന്തും ചെയ്യാമെന്ന് ആരും ധരിക്കേണ്ടായെന്നും അവർക്കെതിരെ അന്യായമായ അതിക്രമങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും മുതിരുന്നവർക്കെതിരെ കർശനനടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ
ട്രാൻസ്ജെൻഡേഴ്സ് ആക്ട് പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ടെന്നും നിയമപരമായി നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തെ പറ്റി അന്വേഷിക്കാനും അടിയന്തിര റിപ്പോർട്ട് നൽകുവാനും സാമൂഹ്യനീതി വകുപ്പു ഡയറക്ടർക്കും,ജില്ലാ സാമൂഹ്യനീതി ഓഫീസർക്കും മന്ത്രി അടിയന്തിര നിർദേശം നൽകിയിട്ടുണ്ട്.
കാക്കനാട് താമസിക്കുന്ന ഏയ്ഞ്ചൽ എന്ന യുവതിക്കാണ് കഴിഞ്ഞ ദിവസം മർദ്ദനമേറ്റത്. കമ്പി വടിയുമായി എത്തിയ യുവാവ് ആണ് ഏയ്ഞ്ചലിനെ നടുറോഡിലിട്ട് മർദ്ദിച്ചത്. തീർത്തുകളയുമെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. ആ സമയത്ത് അവിടെ ഉണ്ടായിരുന്നവർ തടഞ്ഞതോടെ അക്രമി പിന്മാറുകയായിരുന്നു.
വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. പാലാരിവട്ടത്ത് താമസിക്കുന്ന ബന്ധുവിനെ കണ്ട ശേഷം തിരികെ പോവാനായി സുഹൃത്തിനെ കാത്തിരിക്കുകയായിരുന്നു ഏയ്ഞ്ചൽ. ഇതിനിടെ കമ്പി വടിയുമായി എത്തിയ യുവാവ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ യുവതിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്.
content highlight- 'Don't think trans people can do anything'; Minister seeks report on incident of attack on transgender