സ്വകാര്യ സർവകലാശാല; വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണം, വിദ്യാർത്ഥി സംഘടനകളോട് ചർച്ച നടത്തണമെന്ന് എസ്എഫ്ഐ

ബിൽ പാസാക്കും മുൻപ് വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്നും വിദ്യാർത്ഥി സംഘടനകളോട് ചർച്ച നടത്തണം എസ്എഫ്ഐ ആവശ്യമുന്നയിച്ചു

dot image

തിരുവനന്തപുരം :സ്വകാര്യ സർവകലാശാല വിഷയത്തിൽ പ്രതികരണവുമായി എസ്എഫ്ഐ രം​ഗത്ത്. സ്വകാര്യ സർവകലാശാലകളിൽ സാമൂഹികനീതിയും മെറിറ്റും ജനാധിപത്യാവകാശങ്ങളും ഉറപ്പാക്കണമെന്നും ബിൽ പാസാക്കും മുൻപ് വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്നും വിദ്യാർത്ഥി സംഘടനകളോട് ചർച്ച നടത്തണമെന്നും എസ്എഫ്ഐ ആവശ്യമുന്നയിച്ചു. പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ഫീസ് ഇളവ് വേണം എന്നും എസ്എഫ്ഐ തങ്ങളുടെ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

രാജ്യത്തെ വിദ്യാഭ്യാസ മേഖല സ്വകാര്യ കുത്തകകൾക്ക് തുറന്നിട്ട് കൊടുക്കുന്ന സമീപനമാണ് കോൺഗ്രസ് - ബിജെപി സർക്കാരുകൾ സ്വീകരിച്ചതെന്നും എസ്എഫ്ഐ വിമർശിച്ചു. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയും ഉന്നത വിദ്യാഭ്യാസ മേഖലയും സ്വകാര്യവത്കരിക്കാൻ നടത്തിയ നീക്കങ്ങളെ ചെറുത്ത് തോൽപ്പിച്ചത് എസ്എഫ്ഐയുടെ സമരക്കരുത്താണെന്നും എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.

അടച്ചു പൂട്ടേണ്ട മൂവായിരത്തിലധികം സർക്കാർ, എയ്ഡഡ് സ്കൂളുകൾ ഇന്ന് കേരളത്തിൽ മികവിൻ്റെ കേന്ദ്രങ്ങളായി തലയുയർത്തി നിൽക്കുന്നത് എസ്എഫ്ഐയുടെ സമരത്തിൻ്റെ ഫലമായാണ്. യാതൊരു നിയന്ത്രണവുമില്ലാതെ ആരംഭിക്കാനിരുന്ന സ്വാശ്രയ കോളേജുകളിൽ സാമൂഹിക നീതിക്കും മെറിറ്റിനും വേണ്ടി ഐതിഹാസികമായ സമരമാണ് എസ്എഫ്ഐ സംഘടിപ്പിച്ചത്.

അതിനെ തുടർന്നാണ് കേരളത്തിലെ സ്വാശ്രയ കോളേജുകളിൽ റിസർവേഷനും, 50 ശതമാനം മെറിറ്റ് സീറ്റുകളും, ഫീ റഗുലേറ്ററി കമ്മീഷനുകളും യാഥാർത്ഥ്യമായത് എന്നും എസ്എഫ്ഐ വ്യക്തമാക്കി.പൂർണ്ണമായും സ്റ്റേറ്റ് ലിസ്‌റ്റിൽ ഉൾപ്പെട്ടിരുന്ന വിദ്യാഭ്യാസം കൺകറണ്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ്. അന്ന് മുതൽ വിദ്യാഭ്യാസ മേഖലയെ കേന്ദ്രവത്കരിക്കാനുള്ള ശ്രമങ്ങളാണ് മാറി മാറി വന്ന കേന്ദ്ര സർക്കാരുകൾ തുടർന്നത്.

2014ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷം ഇതിന് ആക്കം കൂടി. വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാരുകളുടെ അവകാശം ഓരോന്നോരോന്നായി റദ്ദ് ചെയ്ത് കൊണ്ടിരിക്കുകയാണ്. ദേശീയ വിദ്യാഭ്യാസ നയം 2020, യുജിസി ചട്ടഭേദഗതിയുടെ കരട് എന്നിവ ഇതിനുദാഹരണമാണ് എന്നും എസ്എഫ് ഐ പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിലെ സ്വകാര്യ ഡീംഡ് യൂണിവേഴ്സിറ്റികളിൽ സാമൂഹിക നീതിയോ മെറിറ്റോ, സർക്കാർ നിയന്ത്രണങ്ങളോ, വിദ്യാർത്ഥി - അദ്ധ്യാപക - അനദ്ധ്യാപക സംഘടനാ സ്വാതന്ത്ര്യമോ ഒന്നുമില്ലെന്നും എസ്എഫ്ഐ പറഞ്ഞു.

സാമൂഹിക നീതിയും മെറിറ്റും പോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ജനാധിപത്യ അവകാശങ്ങൾ. സ്വകാര്യ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും, ജീവനക്കാർക്കും സംഘടനാ സ്വാതന്ത്ര്യം ഉറപ്പ് വരുത്താനും വിദ്യാർത്ഥി യൂണിയൻ ഉൾപ്പെടെയുള്ള ജനാധിപത്യ വേദികൾ ഉറപ്പ് വരുത്താനും സംസ്ഥാന സർക്കാർ തയ്യാറാവണം എന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

വിദ്യാർഥികളുടെ ഭാഗത്ത് നിന്ന് ഉയർന്ന് വരുന്ന ആശങ്കകൾ അനുഭാവപൂർവ്വം പരിഗണിച്ചും, വിദ്യാർത്ഥി സംഘടനകളോട് ചർച്ച ചെയ്തും മാത്രമേ സ്വകാര്യ സർവകലാശാല ബിൽ നിയമസഭ പാസാക്കാൻ പാടുള്ളൂ എന്നും സംസ്ഥാന സർക്കാരിനോട് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, പിഎം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

content highlights :Govt to respond to the issue of private universities and address the concerns of students; SFI

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us