![search icon](https://www.reporterlive.com/assets/images/icons/search.png)
തിരുവനന്തപുരം: സംസ്ഥാനത്തെ വന്യജീവി ആക്രമണങ്ങളിൽ സർക്കാർ നിസംഗത പാലിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വന്യജീവി ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ സർക്കാർ യാതൊരു വിധ നടപടി സ്വീകരിക്കുന്നില്ലെന്നും വിഡി സതീശൻ സെക്രട്ടേറിയറ്റിന് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കവെ തുറന്നടിച്ചു.
ഇടുക്കി പെരുവന്താനത്ത് ഒരു സ്ത്രീയെയും, വയനാട് ബത്തേരി നൂല്‍പുഴയില്‍ ഒരു ചെറുപ്പക്കാരനെയും ആന ചവിട്ടിക്കൊന്നിരിക്കുകയാണ്. ഈ ആഴ്ച മാത്രം മൂന്ന് മരണങ്ങളാണുണ്ടായത്. യുഡിഎഫ് നടത്തിയ മലയോര സമര യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കണം എന്നതായിരുന്നു എന്നും വി ഡി സതീശൻ പറഞ്ഞു.
ബജറ്റില്‍ കൂടുതല്‍ തുക വകവെച്ചിട്ടുണ്ട് എന്നതില്‍ കാര്യമില്ല. കഴിഞ്ഞ തവണ നീക്കിവച്ച തുകയുടെ പകുതി പോലും ചെലവഴിച്ചില്ല എന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. കഴിഞ്ഞ നാലു വര്‍ഷമായി വന്യജീവികളെ പ്രതിരോധിക്കുന്നതിനു വേണ്ടിയുള്ള കിടങ്ങുകളോ, മതിലുകളോ, സൗരോര്‍ജ്ജ വേലികളോ സർക്കാർ നിര്‍മ്മിച്ചില്ല. മലയോരത്തെ ജനങ്ങളെ വിധിക്ക് വിട്ടു കൊടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം എന്നും വിഡി സതീശൻ വിമർശിച്ചു.
content highlights : Opposition leader VD Satheesan blamed the government for wildlife attack