![search icon](https://www.reporterlive.com/assets/images/icons/search.png)
തൃശൂര്‍: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ നിലപാട് നെറികേടിന്റെ ഭാഗമാണ്. അവരുടെ ഭാഷ നെറികെട്ടതാണ്. ബജറ്റില്‍ കേരളത്തെ അവഗണിച്ച കേന്ദ്ര നിലപാടിന് കേന്ദ്രമന്ത്രിമാര്‍ കൂട്ടുനിന്നുവെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. സിപിഐഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളം എന്നൊരു പേര് പരാമര്‍ശിക്കാത്ത ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തോട് ശത്രുതാപരമായ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. കേന്ദ്രം ഇങ്ങനെ അവഗണിക്കാന്‍ മാത്രം കേരളം എന്ത് കുറ്റം ചെയ്തുവെന്നും മുഖ്യമന്ത്രി ചോദിച്ചു. എയിംസ് ഇല്ലാത്ത ഏക നാടാണ് നമ്മുടെ സംസ്ഥാനം. എയിംസ് അനുവദിക്കണമെന്ന് കേരളം കാലാകാലങ്ങളായി ആവശ്യപ്പെടുന്നു. എന്നാല്‍ ഇതിനോട് അനുകൂല സമീപനമല്ല കേന്ദ്രം സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വിഷയം ഗൗരവത്തോടെ കൈകാര്യം ചെയ്യാത്ത മാധ്യമങ്ങളേയും മുഖ്യമന്ത്രി വിമര്‍ശിച്ചു. വിഷയം മാധ്യമങ്ങള്‍ എത്ര കണ്ട് ശരിയായി അവതരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി ചോദിച്ചു. രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക് നിരക്കാത്ത കാര്യങ്ങളെ തുറന്നു കാണിക്കാന്‍ എന്താണ് പ്രയാസമെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.
സ്വകാര്യ സര്‍വകലാശാല വിഷയത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. സ്വകാര്യ സര്‍വകലാശാലകളില്‍ പൊതു റിസര്‍വേഷന്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ സര്‍വകലാശാലകളില്‍ സാമൂഹ്യ നീതി പ്രതിഫലിക്കും. വിഷയത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. എല്‍ഡിഎഫും സര്‍ക്കാരും ചെയ്യുന്നതിനെ അനാവശ്യമായി വിമര്‍ശിക്കുകയാണ് പ്രതിപക്ഷം. എല്‍ഡിഎഫും സര്‍ക്കാരും ഒരു കാര്യം ചെയ്യുന്നത് സാമൂഹിക നീതി ഉറപ്പാക്കിയിട്ടായിരിക്കും. സ്വകാര്യ സര്‍വകലാശാല തുടങ്ങുന്നത് കച്ചവടത്തിനല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ വരുമാനം മദ്യം മാത്രമാണെന്നുള്ള പ്രചാരണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളില്‍ മദ്യത്തില്‍ നിന്നുള്ള വരുമാനം വന്‍തോതിലുണ്ട്. വസ്തുതകള്‍ തെറ്റായി ചിത്രീകരിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights- pinarayi vijayan against central government on budget