![search icon](https://www.reporterlive.com/assets/images/icons/search.png)
കോഴിക്കോട്: ജറുസലേം ആസ്ഥാനമായി പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഇതിനാവശ്യമായ നിലപാട് സ്വീകരിക്കാന്‍ ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങള്‍ മുന്നിട്ടിറങ്ങണം. വില കൊടുത്ത് വാങ്ങാന്‍ ഗസ റിയല്‍ എസ്റ്റേറ്റ് ഭൂമിയല്ല. പലസ്തീന്റെ മണ്ണ് കയ്യടക്കി വെച്ചിരിക്കുന്നവര്‍ തിരിച്ചുനല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള മുസ്‌ലിം ജമാഅത്ത് പദ്ധതി പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ സൗഹാര്‍ദ്ദത്തില്‍ കഴിയുന്ന വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയതയും തീവ്രവാദവും പ്രചരിപ്പിക്കാന്‍ ചിലര്‍ നന്നായി ശ്രമിക്കുന്നുണ്ട്. ഇതിന് ഒത്താശ ചെയ്യുന്നവരെ സമൂഹം അകറ്റി നിര്‍ത്തണം. ഇക്കാര്യത്തില്‍ എല്ലാ ജനവിഭാഗങ്ങളും ജാഗ്രത പാലിക്കണം. തീവ്ര ചിന്താഗതിയിലേക്ക് നയിക്കുന്ന ഒരു നീക്കത്തെയും സമസ്ത അംഗീകരിക്കുന്നില്ല. അതിനെ ശക്തമായി എതിര്‍ക്കുമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
മുസ്‌ലിങ്ങള്‍ വര്‍ഗ്ഗീയതയും പിന്തിരിപ്പന്‍ നിലപാടും പ്രചരിപ്പിക്കുന്നവരാണെന്ന് ചിലര്‍ അധിക്ഷേപിക്കുന്നുണ്ട്. അത് തെറ്റാണ്. ഇസ്‌ലാമിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് മുസ്‌ലിങ്ങള്‍ ജീവിക്കുന്നത്. ഖുര്‍ ആന്‍ പ്രകാരമാണ് ജീവിതം. മുസ്‌ലിം സമുദായത്തെ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചു നീക്കാന്‍ അമേരിക്ക ശ്രമിക്കുന്നു. ഇന്ത്യ രാജ്യത്തെ വൈദേശികരില്‍ നിന്ന് പിടിച്ചെടുക്കുന്നതില്‍ മുസ്‌ലിം സമുദായത്തിന് കാര്യമായ പങ്കുണ്ട്. വാഗണ്‍ ട്രാജഡിയില്‍ മരിച്ച് വീണവരെല്ലാം മുസ്‌ലിങ്ങളായിരുന്നു. മുസ്‌ലിം സമുദായം രാജ്യത്തിന് എല്ലാ കാലത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് സര്‍ക്കാര്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കാന്‍ പോയാല്‍ പോലും മുസ്‌ലിങ്ങള്‍ അവഗണന നേരിടുന്നുണ്ട്.
അങ്ങനെ ഞെരുക്കിയത് കൊണ്ട് സമുദായം ഇസ്‌ലാമിൽ നിന്നും മടങ്ങാൻ പോകുന്നില്ല. ഇസ്‌ലാം സമാധാനത്തിന്റെ മതമാണെന്നും
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
മുസ്‌ലിങ്ങള്‍ സൗഹാര്‍ദത്തിനായാണ് എല്ലാ കാലത്തും പ്രവര്‍ത്തിച്ചത്. മുസ്‌ലിം ഭരണകാലത്ത് പോലും രാജ്യത്ത് അന്യമതസ്തരെ ദ്രോഹിച്ചിട്ടില്ല. മറ്റ് മതസ്ഥര്‍ അവരുടെ വിശ്വാസത്തിനനുസരിച്ച് ജീവിക്കുന്നതിനെ മുസ്‌ലിങ്ങള്‍ എതിര്‍ത്തിട്ടില്ല. മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
എല്ലാം തെറ്റിച്ച് അവസാനം സക്കാത്തും നശിപ്പിക്കാനാണ് നീക്കമമെന്ന് ജമാ അത്തെ ഇസ് ലാമിയുടെ ബൈത്തു സകാത്തിനെ വിമര്‍ശിച്ചു കൊണ്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. സംഘടിത ഫണ്ട് സക്കാത്തിന് ഒരിക്കലും സാധ്യമല്ല. ബൈത്തു സക്കാത്തുകാരെ വിശ്വസിക്കരുത്. അതില്‍പെട്ടു പോകരുത്. നിസ്‌കാരവും നോമ്പും തെറ്റിച്ചവരാണ് ബൈത്തു സക്കാത്തുകാര്‍. സാധുക്കളെയും മുതലാളിമാരെയും കബളിപ്പിച്ചാണ് സംഘടിത സക്കാത്ത് നടപ്പിലാക്കാന്‍ പോകുന്നത്. ആ സംഖ്യ മറ്റു മാര്‍ഗത്തിലേക്ക് ചെലവഴിക്കാനാണ് അവര്‍ നീക്കം നടത്തുന്നതെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
രാജ്യത്ത് ഭരണപക്ഷവും പ്രതിപക്ഷവും പരസ്പര ധാരണയോടെ മുന്നോട്ട് പോകണം. രാജ്യപുരോഗതിക്ക് ഇത് അനിവാര്യമാണ്. പ്രതിപക്ഷം പറയുന്നത് നല്ലതാണെങ്കില്‍ ഭരണപക്ഷം അംഗീകരിക്കാന്‍ തയ്യാറാവണം. മറിച്ചും വേണം. എങ്കിലേ രാജ്യപുരോഗതി ഉണ്ടാകൂവെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: The State of Palestine should be formed; Kanthapuram a p aboobacker musliar