
തിരുവനന്തപുരം: അപ്രീക്ഷിതമായി കണ്ണിമാങ്ങ ദേഹത്തുവീഴുന്നു, മന്ത്രി അതെടുത്ത് തൊട്ടടുത്തുള്ള വാസുകി ഐഎഎസിന് സമ്മാനിക്കുന്നു. വി ശിവൻകുട്ടി കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിന്‍റെ പൊരുൾ ഇതാണ്. എന്നാൽ ഈ ചിത്രം ഒരാളുടെ തലവര തന്നെ മാറ്റി. കേരള മീഡിയ അക്കാദമിയിലെ ഫോട്ടോ ജേണലിസം വിദ്യാർത്ഥിനി കൊട്ടാരക്കര സ്വദേശി സുപർണയായിരുന്നു ആ ചിത്രം പകർത്തിയത്. ചിത്രം പകർത്തിയ സുപർണയെ അഭിനന്ദിച്ച് ശിവൻകുട്ടി തന്നെ രംഗത്തെത്തി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വ്യവസായി രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കവേയാണ് ഒരു കണ്ണിമാങ്ങ മന്ത്രിയുടെ ദേഹത്ത് വീണത്. അദ്ദേഹം അത് തൊഴിൽ വകുപ്പ് സെക്രട്ടറി കെ വാസുകി ഐഎഎസിന് സമ്മാനിച്ചു.
ആ നിമിഷത്തെയാണ് സുപർണ എസ് അനിൽ പകർത്തിയത്. സുപർണയെ അഭിനന്ദിച്ചുകൊണ്ടാണ് മന്ത്രി ഈ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
'നിശ്ചയിച്ച ഫ്രെയിമുകൾക്കപ്പുറം ആകസ്മികമായി ലഭിക്കുന്ന നിമിഷങ്ങൾ ഒപ്പിയെടുക്കുമ്പോഴാണ് ഫോട്ടോകൾ കൂടുതൽ മികച്ചതാകുവന്നതെന്നും ഭാവിയിൽ ഇത്തരം നിരവധി ഫോട്ടോകൾ എടുക്കാൻ അവസരം ഉണ്ടാകട്ടെ എന്ന് സുപർണയ്ക്ക് ആശംസിക്കുന്നുവെന്നും വി ശിവൻകുട്ടി കുറിച്ചു.
Content Highlights: v sivankutty about a photo clicked by suparna