![search icon](https://www.reporterlive.com/assets/images/icons/search.png)
ഇടുക്കി: കാട്ടാന ആക്രമണത്തിൽ സോഫിയ ഇസ്മയിലിൻ്റെ കുടുംബത്തിന് ധനസഹായമായ 10 ലക്ഷം രൂപം ഇന്ന് കൈമാറും. സോഫിയയുടെ മകൾക്ക് ജോലി നൽകുന്നതിന് ശുപാർശ ചെയ്യുമെന്നും കളക്ടർ അറിയിച്ചു. കാട്ടാന ഭീഷണി നേരിടുന്ന മൂന്ന് കുടുംബങ്ങളെ മാറ്റിപാർപ്പിക്കുമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്. സോഫിയയെ കാട്ടാന ചവിട്ടി കൊന്നതിനെ തുടർന്ന് പ്രതിഷേധിച്ച നാട്ടുകാർക്കാണ് കളക്ടർ ഉറപ്പ് നൽകിയത്. കളക്ടറുടെ ഉറപ്പിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെ പെരുവന്താനത്തിന് സമീപം മതംബ കൊമ്പൻപാറയിലാണ് കാട്ടാന സോഫിയയെ ചവിട്ടി കൊന്നത്. ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. കുളിക്കാനായി വീടിന് സമീപത്തെ അരുവിയിലേക്ക് പോയ സോഫിയെ ആന ചവിട്ടി കൊല്ലുകയായിരുന്നു. ഏറെ നേരമായിട്ടും സോഫിയയെ കാണാത്തതിനെ തുടർന്ന് മകൻ അന്വേഷിച്ച് ചെന്നപ്പോൾ അരുവിക്ക് സമീപം ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവമറിഞ്ഞ് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി. നാട്ടുകാരുടെ നേതൃത്ത്വത്തിൽ പ്രതിഷേധം മണിക്കൂറുകൾ നീണ്ടുനിന്നു. ജില്ലാ കളക്ടർ സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചതിന് ശേഷമാണ് പ്രതിഷേധം അവസാനിച്ചത്. സംഭവസ്ഥലത്ത് നിന്നും മൃതദേഹം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Content Highlights: Woman trampled to death by wild elephant in Idukki autopsy took place today