'ശരൺ ചന്ദ്രനെ പാർട്ടി സംരക്ഷിക്കില്ല; കാപ്പാക്കേസ് ചുമത്തി നാടുകടത്തല്‍ അതിന് തെളിവ്': രാജു എബ്രഹാം

'കേസിന്റെ കാര്യങ്ങള്‍ ശരണ്‍ ചന്ദ്രന്‍ തന്നെ നോക്കും. കേസില്‍ പാര്‍ട്ടി ഇടപെടില്ല'

dot image

പത്തനംതിട്ട: ബിജെപിയില്‍ നിന്ന് സിപിഐഎമ്മിലെത്തിയ ശരണ്‍ ചന്ദ്രനെ കാപ്പാക്കേസില്‍ നാടുകടത്തുന്നത് പാര്‍ട്ടിയിലേക്ക് വരുന്നതിന് മുൻപുള്ള കേസുകള്‍ പ്രകാരമെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. ശരണ്‍ ചന്ദ്രനെ പാര്‍ട്ടി സംരക്ഷിക്കില്ല. അതിന് തെളിവാണ് കാപ്പാക്കേസ് ചുമത്തി നാടുകടത്തല്‍. കേസിന്റെ കാര്യങ്ങള്‍ ശരണ്‍ ചന്ദ്രന്‍ തന്നെ നോക്കും. കേസില്‍ പാര്‍ട്ടി ഇടപെടില്ലെന്നും രാജു എബ്രഹാം പറഞ്ഞു.

കേസുകള്‍ ഇല്ലാതാകും എന്ന് കരുതി ആരും സിപിഐഎമ്മിലേക്ക് വരേണ്ടതില്ലെന്നും രാജു എബ്രഹാം പറഞ്ഞു. പാര്‍ട്ടിയിലേക്ക് വന്നതിനുശേഷം ശരണ്‍ ചന്ദ്രനെതിരെ കേസുകള്‍ ഉണ്ടോ എന്ന് അറിയില്ല. പാര്‍ട്ടിയിലേക്ക് ആര് വന്നാലും സ്വീകരിക്കും. പാര്‍ട്ടി അംഗത്വം ലഭിക്കുന്നവരെ മാത്രം പാര്‍ട്ടി നിരീക്ഷിക്കും. അണികളെ എല്ലാവരെയും നിരീക്ഷിക്കാന്‍ കഴിയില്ലെന്നും രാജു എബ്രഹാം വ്യക്തമാക്കി.

ശരണ്‍ ചന്ദ്രനെതിരെ കാപ്പാക്കേസ് ചുമത്തി നാടുകടത്താന്‍ ഡിഐജി ഉത്തരവിറക്കിയിരുന്നു. ഒരു വര്‍ഷത്തേക്ക് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്നായിരുന്നു ഉത്തരവ്. ശരണ്‍ ചന്ദ്രനെ സിപിഐഎം ജില്ലാ നേതൃത്വം മാലയിട്ട് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത് വിവാദമായിരുന്നു. അന്നത്തെ സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും മന്ത്രി വീണാ ജോര്‍ജും ചേര്‍ന്നായിരുന്നു ശരണ്‍ ചന്ദ്രനെ മാലയിട്ട് സ്വീകരിച്ചത്. ശരണ്‍ ചന്ദ്രനോടൊപ്പം നാല്‍പതിലധികം പേരും സിപിഐഎമ്മിലേക്ക് ചേര്‍ന്നിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ശരണ്‍ ചന്ദ്രനെ സിപിഐഎമ്മിലേക്ക് സ്വീകരിച്ചത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

Content Highlights- Cpim district secretary raju abraham on saran chandran kaapa case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us