![search icon](https://www.reporterlive.com/assets/images/icons/search.png)
തിരുവനന്തപുരം : തിരുവനന്തപുരം വഞ്ചിയൂരില്‍ വഴി തടഞ്ഞ് സമ്മേളനം നടത്തിയ നടപടിയിലെ കോടതിയലക്ഷ്യ കേസില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകും. വൈകിട്ട് നാലരയ്ക്കാണ് ഡിവിഷന്‍ ബെഞ്ച് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നത്.
വഴി തടഞ്ഞ് പരിപാടി നടത്തിയതിൻ്റെ പേരിൽ സിപിഐഎം നേതാക്കളും സിപിഐ, കോണ്‍ഗ്രസ് നേതാക്കളും തിങ്കളാഴ്ച നേരിട്ട് ഹാജരായിരുന്നു. എന്നാല്‍ ഫെബ്രുവരി പത്തിന് ഹാജരാകുന്നതില്‍ നിന്ന് എംവി ഗോവിന്ദന്‍ ഇളവ് നേടുകയായിരുന്നു. സിപിഐഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കേണ്ട സാഹചര്യത്തിലാണ് ഇളവ് നേടിയത്. ഇളവ് അനുവദിച്ച ഡിവിഷന്‍ ബെഞ്ച് ഇന്ന് പ്രത്യേകം ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
സിപിഐഎം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനത്തിനായാണ് വഞ്ചിയൂരില്‍ ഒരുഭാഗം റോഡ് കെട്ടിയടച്ച് സ്‌റ്റേജ് നിര്‍മ്മിച്ചത്. കൊച്ചി മരട് സ്വദേശിയായ എന്‍ പ്രകാശ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഹൈക്കോടതി നേരത്തെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ സിപിഐഎം നേതാക്കള്‍ക്കെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു.
സെക്രട്ടറിയേറ്റിന് മുന്നില്‍ ജോയിന്റ് കൗണ്‍സില്‍ നടത്തിയ സമരത്തിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പന്ന്യന്‍ രവീന്ദ്രനും ഹാജരായത്. സിപിഐഎം നേതാക്കളായ എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, വികെ പ്രശാന്ത്, വി ജോയ്, കോൺഗ്രസ് നേതാക്കളായ ടി ജെ വിനോദ് എംഎൽഎ, ഡൊമിനിക് പ്രസന്റേഷൻ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരും ഹൈക്കോടതിയിൽ ഹാജരായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരും ഹൈക്കോടതിയിൽ ഹാജരായിരുന്നു.
കൊച്ചി കോര്‍പ്പറേഷന് മുന്നിലെ നടപ്പാത തടഞ്ഞുള്ള സമരത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തത്. വിഷയത്തിൽ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. പൊതുവഴികളും നടപ്പാതകളും പ്രതിഷേധത്തിനുള്ളതല്ലെന്ന് ഹൈക്കോടതി വിമർശിച്ചു. പൊതുജനങ്ങൾക്ക് നടക്കാനുള്ള വഴിയിൽ സ്റ്റേജ് കെട്ടുന്നത് അനുമതിയില്ലാതെയാണ്. രാഷ്ട്രീയ പാർട്ടികൾ പരിപാടി നടത്തേണ്ടത് പൊതുവഴിയിലല്ല.
സ്‌റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡ്. നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും ഹൈക്കോടതി ഓർമിപ്പിച്ചു. സർക്കാർ ഉദ്യോഗസ്ഥരുടെ സത്യവാങ്മൂലത്തിൽ തൃപ്തിയില്ലെന്നും ഹൈക്കോടതി പറഞ്ഞു. നിരുപാധികം മാപ്പപേക്ഷ നൽകിയതുകൊണ്ട് മാത്രമായില്ല. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും വ്യക്തിഗത സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു.
വഞ്ചിയൂരിൽ സിപിഐഎം ഏരിയ സമ്മേളനത്തിന് വേണ്ടിയാണ് വഴി തടഞ്ഞ് സ്റ്റേജ് കെട്ടിയത്. വഞ്ചിയൂർ കോടതിയുടെ സമീപത്താണ് റോഡിൽ വേദി കെട്ടിയത്. സ്കൂൾ വാഹനങ്ങളടക്കം ഗതാഗതക്കുരുക്കിൽപ്പെട്ടതോടെ സംഭവം വിവാദമാവുകയും കേസെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ കൊച്ചിയിലും തിരുവനന്തപുരം സെക്രട്ടറിയേറ്റ് പരിസരത്തും സമരം ചെയ്ത കോൺഗ്രസ്, സിപിഐ നേതാക്കൾക്കെതിരെയും പൊലീസ് നടപടിയെടുക്കുകയായിരുന്നു.
content highlights : Roadblock meeting in Vanjiyur; CPIM state secretary MV Govindan will appear in the court today