![search icon](https://www.reporterlive.com/assets/images/icons/search.png)
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച കെ-ഹോംസ് പദ്ധതി ആദ്യ ഘട്ടത്തില്‍ കോവളം, കുമരകം, മൂന്നാര്‍, ഫോര്‍ട്ട്കൊച്ചി എന്നീ ടൂറിസം കേന്ദ്രങ്ങളില്‍ നടപ്പാക്കാന്‍ തീരുമാനിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. 2024 ല്‍ 2,22,46,989 സഞ്ചാരികള്‍ കേരളത്തിലെത്തിയതായും അദ്ദേഹം നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മറുപടി നല്‍കി.
ആതിഥേയ ശൃംഖലയുടെ വിപുലീകരണത്തിലൂടെ കേരള ടൂറിസത്തിന് പുതിയ മാനങ്ങള്‍ കൈവരിക്കാനാകുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ബജറ്റില്‍ കെ-ഹോംസ് പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിന്റെ ഭാഗമായി നാല് കേന്ദ്രങ്ങള്‍ക്കും പത്ത് കി.മി ചുറ്റളവിലാണ് കെ-ഹോംസ് പദ്ധതി പ്രാരംഭമായി നടപ്പാക്കുന്നത്. ആള്‍ത്താമസമില്ലാത്ത നല്ല സൗകര്യങ്ങളുള്ള വീടുകളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. നിലവാരമുളള താമസം, രുചികരമായ നാടന്‍ ഭക്ഷണം എന്നിവയെല്ലാം ഇതിന്റെ ആകര്‍ഷണങ്ങളാകും. കെ-ഹോംസിനു മാത്രമായി പ്രത്യേക ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്താനും ആലോചനയുണ്ടെന്ന് മന്ത്രി പറഞ്ഞു.
വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കേരളം ഓരോ വര്‍ഷവും റെക്കോര്‍ഡ് തിരുത്തുകയാണെന്ന് മന്ത്രി പറഞ്ഞു. ഏതാണ്ട് രണ്ടാകാല്‍ കോടിയ്ക്കടുത്ത് സഞ്ചാരികള്‍ 2024 ല്‍ കേരളത്തിലെത്തി. കൊവിഡ് കാലത്തിനു മുമ്പുള്ള കണക്കിനേക്കാള്‍ 21 ശതമാനത്തിന്റെ വര്‍ധനവാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മലബാറിലെ ടൂറിസം കേന്ദ്രങ്ങള്‍ക്ക് നല്‍കിയ പ്രാധാന്യവും ഈ നേട്ടത്തിന് പിന്നിലുണ്ടെന്ന് മന്ത്രി അറിയിച്ചു.
ടൂറിസം മേഖലയില്‍ വനിതാ പ്രാതിനിധ്യമുറപ്പിക്കാനായി സ്ത്രീസംരംഭകരെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 17631 സ്ത്രീകള്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി വഴി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോംസ്റ്റേ, ഡ്രൈവര്‍, ടൂറിസം സംരംഭകര്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീസൗഹൃദ ടൂറിസം പദ്ധതികള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ മൂന്നാറില്‍ ആഗോള വനിതാ ടൂറിസം ഉച്ചകോടി സംഘടിപ്പിച്ചു. ഇതിന്റ തുടര്‍പ്രവര്‍ത്തനങ്ങളും ആലോചനയിലാണെന്നും മന്ത്രി പറഞ്ഞു.
ടൂറിസം മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ നൂതനസാങ്കേതികവിദ്യ സമന്വയിപ്പിക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളുടെ വിവരങ്ങള്‍, സ്മാര്‍ട്ട് വിശ്രമകേന്ദ്രങ്ങള്‍, ഡിജിറ്റല്‍ പ്ലാറ്റഫോമുകള്‍ വഴി ടൂറിസം പ്രചാരണം തുടങ്ങി വിവിധ പദ്ധതികള്‍ കെഎസ് യുഎമ്മുമായി ചേര്‍ന്ന് നടപ്പാക്കാനൊരുങ്ങുകയാണ്. ടൂറിസം മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ ഡിസൈന്‍ പോളിസി നടപ്പാക്കും. ടൂറിസം കേന്ദ്രങ്ങളെ പരിസ്ഥിതി സൗഹൃദമാക്കാന്‍ ഇതുവഴി സാധിക്കും. ഡെസ്റ്റിനേഷന്‍ ഡ്യൂപ്പ് ആണ് ഇന്ന് ലോകത്ത് കണ്ടുവരുന്ന പുതിയ ട്രെന്‍ഡ്. തിരക്കേറിയ സ്ഥലങ്ങളിലേക്ക് പോകാന്‍ താല്പര്യപ്പെടാതെ തിരക്കില്ലാത്ത ഏകാന്തതയുള്ള കേന്ദ്രങ്ങള്‍ക്കാണ് പലരും മുന്‍ഗണന നല്‍കുന്നത്. ഇത്തരം അറിയപ്പെടാത്ത ടൂറിസം സാധ്യതകള്‍ കണ്ടെത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഡെസ്റ്റിനേഷന്‍ ചലഞ്ച് ടൂറിസം വകുപ്പ് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി 40 കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു . ഇവിടങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ ഡിസൈന്‍ പോളിസി നടപ്പില്‍ വരുത്തും.
അനുഭവവേദ്യ ടൂറിസത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി വഴി പരിശീലന പരിപാടികളും മറ്റും നടത്തിവരികയാണ്. ഓരോ ടൂറിസം കേന്ദ്രങ്ങളുടെ വികസനം, പരിപാലനം, ബ്രാന്‍ഡിങ് എന്നിവയ്ക്കായി കലാലയങ്ങള്‍ കേന്ദ്രീകരിച്ച ടൂറിസം ക്ലബ്ബുകളെ ഉള്‍പ്പെടുത്തുന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഗൈഡുകളാകാന്‍ വേണ്ടി വിവിധ ഭാഷകളില്‍ പ്രാവിണ്യം നേടാനുള്ള അവസരമൊരുക്കും. ഇതിനു പുറമെ അതത് പ്രദേശത്തെ യുവജനങ്ങളെ സംഘടിപ്പിച്ച് പ്രാദേശിക ടൂറിസം ക്ലബ്ബുകളും രൂപീകരിച്ചു കഴിഞ്ഞു. പ്രാദേശിക സേവനദാതാവായ ഓട്ടോ ഡ്രൈവര്‍മാര്‍, ടാക്സി ഡ്രൈവര്‍മാര്‍, മറ്റ് സേവനങ്ങള്‍ നല്‍കുന്നവര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാണ് ടൂറിസം ക്ലബ്ബുകളുടെ പ്രവര്‍ത്തനം.
കാര്‍ഷിക ടൂറിസം അഞ്ച് വിഭാഗങ്ങളിലാക്കി പദ്ധതി നടപ്പാക്കി വരുന്നു. 952 സംഘങ്ങള്‍ക്ക് ആര്‍ടി മിഷന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി. 452 യൂണിറ്റുകള്‍ മികച്ച നിലയില്‍ പ്രവര്‍ത്തനം നടത്തുന്നു. ഇതില്‍ 103 യൂണിറ്റുകള്‍ പാര്‍ട്ടി മിഷന്റെ വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. പൈതൃക ടൂറിസത്തില്‍ എല്ലാ ജില്ലകളിലെയും സാധ്യതകള്‍ ഉപയോഗപ്പെടുത്തും വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ഹെറിറ്റേജ് വാക്ക് അടക്കമുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ്.
Content Highlights: In 2024, 2,22,46,989 tourists came to Kerala