![search icon](https://www.reporterlive.com/assets/images/icons/search.png)
തിരുവനന്തപുരം: പൊലീസുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസുകാരിയുടെ അമ്മ രംഗത്ത്. പൊലീസ് ഉദ്യോഗസ്ഥനുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും യുവതി പൊലീസില്‍ മൊഴി നല്‍കി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ ബാലരാമപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ബാലരാമപുരത്ത് രണ്ട് വയസുകാരി കൊല്ലപ്പെട്ടതിന് പിന്നാലെ അമ്മയ്‌ക്കെതിരെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയെന്നായിരുന്നു കേസ്. ഈ കേസുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്തപ്പോഴായിരുന്നു പൊലീസുകാരനുമായുള്ള സാമ്പത്തിക ഇടപാട് യുവതി വെളിപ്പെടുത്തിയത്. പൊലീസുകാരന് ലക്ഷങ്ങള്‍ കൈമാറിയതായി യുവതി വെളിപ്പെടുത്തി. ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായും യുവതി പറഞ്ഞു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിശദമായ അന്വേഷണം നടത്തേണ്ടതിനാല്‍ അതീവ രഹസ്യമായായിരുന്നു പൊലീസിന്റെ നീക്കം.
യുവതിയുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല. ആരോപണങ്ങള്‍ വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. പ്രാഥമിക അന്വേഷണം പൊലീസ് ആരംഭിച്ചു. ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ നിലവില്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാളെ കണ്ടെത്തി വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ആരോപണങ്ങളില്‍ കൃത്യത വരൂ. ഇതിന് പുറമേ യുവതിയേയും പൊലീസ് വിശദമായി ചോദ്യം ചെയ്യും.
Content Highlights- police took case against police man over statement of woman mother of balaramapuram child