'ആന കുത്തിയപ്പോൾ പട്ടികയും ഓടുമെല്ലാം പൊളിഞ്ഞുവീണു, ഞാൻ അതിന് അകത്ത് പെട്ടു'; പരിക്കേറ്റ സ്ത്രീ

'ഓഫീസിന് മുമ്പിൽ കസേരയിട്ട് ഇരുന്ന ആളുകൾക്കിടയിലേക്ക് ഓടും പട്ടികയും ഇഷ്ടികയുമെല്ലാം വീണു'

dot image

കോഴിക്കോട്: കൊയിലാണ്ടിയിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്ന് പേർ മരിച്ച അപകടത്തിന്റെ നടുക്കുന്ന അനുഭവം വിവരിച്ച് ദൃക്സാക്ഷികൾ. മരിച്ച അമ്മുക്കുട്ടി, ലീല എന്നീ സ്ത്രീകൾക്ക് ആനയുടെ ചവിട്ട് ഏറ്റതായി പരിക്കേറ്റ ഒരു സ്ത്രീ റിപ്പോർട്ടറിനോട് പറഞ്ഞു.
'ഒരു ആന മറ്റേ ആനയെ കുത്തിയതാണ് അപകടത്തിന് കാരണം. കുത്തേറ്റ ആന ദേവസ്വം ഓഫീസിന്റെ ഓടിൽ കുത്തിയപ്പോൾ പട്ടികയും ഓടുമെല്ലാം പൊളിഞ്ഞുവീണു. ഞാൻ അതിന് അകത്ത് വീണു. പിന്നെ എന്താണ് സംഭവിച്ചത് എന്ന് മനസിലായില്ല. ആളുകൾ ഓടുന്നുണ്ടായിരുന്നു. ആർക്കും അനങ്ങാൻ പറ്റിയിരുന്നില്ല. എന്റെ വയ്യാത്ത കാലുമായി ഞാനും ഓടി,' പരിക്കേറ്റ സ്ത്രീ പറഞ്ഞു.

കതിന പൊട്ടിച്ചപ്പോഴാണ് ആന ഇടഞ്ഞത് എന്ന് ദൃക്സാക്ഷിയായ മറ്റൊരു സ്ത്രീയും പറഞ്ഞു. കുറുവങ്ങാട്ട് ശിവക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നതിനായി തിടമ്പ് ഏറ്റിരിക്കുകയായിരുന്നു ആന. ഈ സമയത്താണ് വരവ് വന്നത്, അപ്പോൾ ഭയങ്കരമായിട്ട് കതിന പൊട്ടിച്ചിരുന്നു. വലിയ ശബ്ദമായിരുന്നു ഉണ്ടായത്. പിന്നാലെ ആനകൾ തമ്മിൽ കുത്തി, ദേവസ്വം ഓഫീസിലെ ഓടിന് ആന കുത്തുകയുണ്ടായി. ഓഫീസിന് മുമ്പിൽ കസേരയിട്ട് ഇരുന്ന ആളുകൾക്കിടയിലേക്ക് ഓടും പട്ടികയും ഇഷ്ടികയുമെല്ലാം വീണു. അങ്ങനെയാണ് ആളുകൾക്ക് പരിക്കേറ്റത്, ദൃക്സാക്ഷിയായ സ്ത്രീ പറഞ്ഞു.

30 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്.

ഘോഷയാത്ര ക്ഷേത്ര പരിസരത്ത് എത്തിയപ്പോള്‍ വലിയ രീതിയില്‍ കരിമരുന്ന് പ്രയോഗം നടന്നിരുന്നു. ഇതിനിടെ പീതാംബരൻ എന്ന ആന ഇടഞ്ഞു. ഈ ആന തൊട്ടടുത്ത് നിന്ന ഗോകുൽ എന്ന ആനയെ കുത്തുകയും രണ്ട് ആനകളും കൊമ്പ് കോർക്കുകയും ചെയ്തു. ഇതിന് പിന്നാലെ രണ്ട് ആനകളും ഇടഞ്ഞോടി. ഇതിനിടെ ആളുകള്‍ വീണ് പോകുകയായിരുന്നു. ഉടന്‍ തന്നെ രണ്ട് ആനകളെയും പാപ്പാന്മാര്‍ എത്തി തളച്ചു. പരിക്കേറ്റവരെ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Content Highlights: a wounded women her experiance during elephant attack koyilandy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us