![search icon](https://www.reporterlive.com/assets/images/icons/search.png)
കോഴിക്കോട്: കോഴിക്കോട് ചേവായൂർ പറമ്പിൽകടവിൽ എടിഎം കവർച്ച നടത്താൻ ശ്രമിച്ച പ്രതിയെ പിടികൂടിയത് പൊലീസിൻ്റെ നിരീക്ഷണ പാടവവും ജാഗ്രതയും. രാത്രി പട്രോളിംഗിനിടെ കണ്ട കാഴ്ചയ്ക്ക് പിന്നിൽ അപകടം ഒളിച്ചിരിക്കുന്നുണ്ടെന്ന് ആ നിമിഷം പൊലീസ് സംഘം മനസ്സിലാക്കിയതാണ് സംഭവത്തിൽ വഴിത്തിരിവായത്. സർവ്വ സന്നാഹങ്ങളോടെയും എടിഎം കൊള്ളയ്‌ക്കെത്തിയ മലപ്പുറം സ്വദേശിക്കുണ്ടായ അശ്രദ്ധയാണ് മോഷണ ശ്രമത്തിനിടെ പ്രതിയെ പിടികൂടാൻ പൊലീസിന് തുണയായത്. താഴ്ന്ന് കിടക്കുന്ന ഷട്ടറിനുള്ളിൽ നിന്നും പുറത്തേയ്ക്ക് വന്ന വെളിച്ചമാണ് പ്രതിയെ കുടുക്കിയത്.
പട്രോളിംഗ് സംഘത്തിൻ്റെ ശ്രദ്ധയിൽ ഷട്ടർ താഴ്ത്തിയ എടിഎമ്മിനുള്ളിലെ വെളിച്ചം ശ്രദ്ധയിൽപ്പെടുകയായിരുന്നു. മൂന്ന് പേരടങ്ങുന്ന പെട്രോളിംഗ് സംഘം ഉടനെ പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. മലപ്പുറം സ്വദേശിയായ വിജേഷ് നാരായണനാണ് പൊലീസിൻ്റെ പിടിയിലായത്. വെളിച്ചത്തെ പെട്രോളിംഗ് സംഘം അവഗണിച്ചിരുന്നെങ്കില്‍ വലിയ എടിഎം കൊള്ള കേരളത്തിൽ നടന്നേനെ.ചേവായൂർ പറമ്പിൽകടവിൽ ഹിറ്റാച്ചി എ ടി എം തകർക്കാനാണ് ശ്രമം നടന്നത്. എടിഎം തകർക്കാനായി കൊണ്ടുവന്ന ആയുധങ്ങളും പൊലീസ് കണ്ടെടുത്തു.
Content Highlight : Accused arrested while attempting to rob Kozhikode ATM