![search icon](https://www.reporterlive.com/assets/images/icons/search.png)
പത്തനംതിട്ട: തനിക്ക് കാന്‍സര്‍ വരാനുള്ള കാരണം അല്‍ഫാമാണെന്നുള്ള സംശയം പ്രകടിപ്പിക്കുകയാണ് നടന്‍ സുധീര്‍ സുകുമാരന്‍. തന്റെ രോഗത്തിനുള്ള കാരണം എന്താണെന്ന് ഒരുപാട് ആലോചിച്ചെന്നും ഒടുവില്‍ അല്‍ഫാമില്‍ എത്തിനില്‍ക്കുകയായിരുന്നുവെന്നും സുധീര്‍ പറഞ്ഞു. തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ചിലെ കാന്‍സര്‍ ദിന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സുധീര്‍ ഇക്കാര്യം പറഞ്ഞത്.
അല്‍ഫാമിന്റെ കരിഞ്ഞ ഭാഗം തനിക്ക് ഏറെ ഇഷ്ടമായിരുന്നുവെന്ന് സുധീര്‍ പറഞ്ഞു. അത് ഒരുപാട് കഴിച്ചിരുന്നു. ഒപ്പം പച്ചക്കറികള്‍ കഴിച്ചിരുന്നില്ല. ഇതാവാം രോഗത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്. റെഡ്മീറ്റ് ഏറെക്കുറേ ഒഴിവാക്കി. അല്‍ഫാം പോലെയുള്ള ആഹാരം കഴിക്കുന്നതിനൊപ്പം പച്ചക്കറികള്‍ കൂടി കഴിക്കാന്‍ യുവാക്കള്‍ ശ്രദ്ധിക്കണമെന്നും സുധീര്‍ പറഞ്ഞു.
2021ലായിരുന്നു തനിക്ക് മലാശയ കാന്‍സര്‍ സ്ഥിരീകരിക്കുന്നതെന്ന് സുധീർ പറയുന്നു. തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനിടെ മാരകമായ രക്തസ്രാവമുണ്ടാകുകയായിരുന്നു. മുന്‍പും രക്തസ്രാവമുണ്ടായതിനാല്‍ പൈല്‍സ് ആണെന്ന് കരുതി അവഗണിച്ചു. ഇതിന് പിന്നാലെയാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായെന്നും നടൻ പറഞ്ഞു.
ശസ്ത്രക്രിയ കഴിഞ്ഞ് മുപ്പതാം ദിവസം തെലുങ്ക് സിനിമയുടെ സംഘട്ടന രംഗ ചിത്രീകരണത്തില്‍ പങ്കെടുത്തുവെന്നും സുധീര്‍ പറഞ്ഞു. ഷൂട്ടിംഗിനിടെ പലവട്ടം തുന്നലിലൂടെ ചോര പൊടിഞ്ഞു. ഡോക്ടര്‍മാര്‍ അടക്കം നല്‍കിയ പിന്തുണയിലൂടെ കാന്‍സറിനെ അതിജീവിച്ചു. കൃത്യമായ വ്യായാമം ചെയ്തിരുന്ന, ആരോഗ്യം നോക്കിയിരുന്ന തനിക്ക് കാന്‍സര്‍ വന്നു. എല്ലാവരും ആരോഗ്യത്തെ ജാഗ്രതയോടെ നിരീക്ഷിക്കേണ്ടതാണെന്നും താരം പറഞ്ഞു.
Content Highlights- Alfaham behind the reason for cancer says actor sudheer sukumaran