![search icon](https://www.reporterlive.com/assets/images/icons/search.png)
തിരുവനന്തപുരം: പത്തനംതിട്ടയിൽ പ്രമുഖ വ്യവസായി എംഎ യൂസഫലിയുടെ പേരിൽ ജോലി തട്ടിപ്പ്. 30000 രൂപ പ്രതിമാസം ശമ്പളം വാഗ്ദാനം ചെയ്തുള്ള ജോലിയെക്കുറിച്ച് ഫേസ്ബുക്കിലാണ് പരസ്യം പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് തട്ടിപ്പിന് ഇരയായതെന്നാണ് സൂചന.
തട്ടിപ്പിന് പിന്നിൽ ആരാണെന്നത് കണ്ടെത്താനായിട്ടില്ല. മാരാമൺ സ്വദേശിയായ ഷാജി സൈമൺ എന്നയാളാണ് തട്ടിപ്പ് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്.
ഫേസ്ബുക്കിൽ എംഎ യുസഫലിയുടെ ചിത്രം ഉൾപ്പെടെ ചേർത്താണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്ററിനോടൊപ്പം ഒരു ലിങ്കും പങ്കുവെച്ചിരുന്നു. ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ വാട്സ്ആപ്പ് അക്കൗണ്ടിലേക്കാണ് പോയത്. പോസ്റ്ററിനൊപ്പം ഒരു ഫോൺ നമ്പറും നൽകിയിരുന്നു. ജോലിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങളറിയാൻ ലഭിച്ച ഫോൺ നമ്പറിൽ ഷാജി ബന്ധപ്പെട്ടു. ഹിന്ദിയിലായിരുന്നു സംഭാഷണം. നടരാജ് പെൻസിൽ കമ്പനിയിലേക്കാണ് ജോലി ഒഴിവെന്നും താത്പര്യമുണ്ടോ എന്ന് ചോദിച്ചുവെന്നും ഷാജി പറയുന്നു. താത്പര്യമുണ്ടെങ്കിൽ രജിസ്ട്രേഷൻ ഫീസായി 750രൂപ അടയ്ക്കണമെന്നും നിർദേശം ഉണ്ടായിരുന്നു. ഇതിന് ശേഷം പണമടയ്ക്കേണ്ട അക്കൗണ്ട് നമ്പർ വാട്സ്ആപ്പിൽ സന്ദേശമായി അയക്കുകയുമായരിരുന്നു. ഗൂഗിൾ പേ വഴി പണം യുവാവ് നൽകുകയും ചെയ്തു. ഇതിന് ശേഷമാണ് സംഭവം തട്ടിപ്പായിരുന്നുവെന്ന് വ്യക്തമായതെന്നും ഷാജി പറയുന്നു.
പരാതി നൽകിയ വിവരം അറിഞ്ഞതോടെ പോസ്റ്റ് പങ്കുവെച്ച ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. സംഭവം ബന്ധപ്പെട്ട അധികാരികളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും യുസഫലിയുടെ ചിത്രം കണ്ടതിനാലാണ് ജോലിക്കായി അപേക്ഷിക്കാൻ തയ്യാറായതെന്നും ഷാജി പറഞ്ഞു.
Content Highlight: Job acam with pictures of M A Yusuff Ali, Man raises complaint