![search icon](https://www.reporterlive.com/assets/images/icons/search.png)
കോട്ടയം: ഗാന്ധിനഗര്‍ നഴ്‌സിംഗ് കോളേജിലെ റാഗിംഗ് ക്രൂരതയില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. വിഷയത്തില്‍ സ്വീകരിച്ച നടപടി എന്തെന്ന് 10 ദിവസത്തിനകം മറുപടി നല്‍കണമെന്നും നിര്‍ദേശമുണ്ട്. സഹ്യാദ്രി റൈറ്റ്‌സ് ഫോറം നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടത്.
അതേസമയം നഴ്‌സിംഗ് കോളേജിലെ റാഗിംഗ് ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രതികള്‍ തന്നെ ചിത്രീകരിച്ച വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കോമ്പസ് വെച്ച് ശരീരത്തില്‍ കുത്തി മുറവേല്‍പ്പിക്കുന്നതും അതിന് ശേഷം മുറിവില്‍ ലോഷനൊഴിച്ച് വീണ്ടും വേദനിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന് പുറമെ വിദ്യാര്‍ഥിയുടെ സ്വകാര്യ ഭാഗത്ത് ഡമ്പല്‍ വെയ്ക്കുന്നതും വീഡിയോയില്‍ കാണാം. വിദ്യാര്‍ഥി കരഞ്ഞ് അപേക്ഷിച്ചിട്ടും ഇവര്‍ പ്രവര്‍ത്തികള്‍ തുടരുന്നതായാണ് വീഡിയോ സൂചിപ്പിക്കുന്നത്.
സംഭവത്തില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ നഴ്‌സിംഗ് കോളേജിലെ ഹോസ്റ്റലില്‍ നിന്ന് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ പ്രതികളെ ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെയും പ്രിന്‍സിപ്പലിന്റെയും പരാതിയിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. വിവേക്, രാഹുല്‍ രാജ്, ജീവ, സാമുവല്‍ ജോണ്‍, റിജില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.
Content Highlights: National Women Commission interference in Nursing College case