'എസ് സി-എസ്ടി വിദ്യാർത്ഥികൾ ഫീ അടയ്ക്കാൻ സാധിക്കാതെ അപമാനിക്കപ്പെടുന്നു'; വി ഡി സതീശൻ

'ജനുവരി 22 ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ എസ്ടി വിഭാഗത്തിന്റെ പദ്ധതി വിഹിതം വ്യാപകമായി വെട്ടിക്കുറച്ചു'

dot image

തിരുവനന്തപുരം: എസ് സി, എസ്ടി വിഭാഗത്തിനുളള പദ്ധതി വിഹിതം സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയത് കുട്ടികളുടെ ക്ഷേമ പദ്ധതികളെ ​ഗൗരവമായി ബാധിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കുട്ടികൾ ഹോസ്റ്റലുകളിൽ ഫീസ് നൽകാൻ കഴിയാതെ അപാമാനിക്കപ്പെടുകയാണ്. എസ് സി വിഭാഗത്തിന് 10 ശതമാനവും എസ് ടി വിഭാഗത്തിന് 2 ശതമാനവും പദ്ധതി വിഹിതം നീക്കി വയ്ക്കുകയെന്നത് ഭരണഘടനാപരമായ ബാധ്യതയാണ്. എന്നാൽ ഇത് വെട്ടിച്ചുരുക്കിയത് കുട്ടികളുടെ വിദ്യാഭ്യാസവും പാര്‍പ്പിട പദ്ധതിയും അടക്കമുള്ള ക്ഷേമ പദ്ധതികളെയാണ് ബാധിച്ചതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ മൂന്നു നാല് വര്‍ഷമായി പദ്ധതി അടങ്കലില്‍ വളര്‍ച്ചയില്ലെന്നു വി ഡി സതീശൻ പറഞ്ഞു. മറ്റു പല സംസ്ഥാനങ്ങളും 20 ശതമാനത്തില്‍ അധികം വളര്‍ച്ച നേടുന്ന സാഹചര്യത്തിലാണിത്. പദ്ധതി അടങ്കല്‍ വര്‍ധിക്കാതിരിക്കുമ്പോള്‍ അത് എസ് സി, എസ്ടി വിഭാഗങ്ങളെ ബാധിക്കും. മൂന്ന് നാല് വര്‍ഷമായി ഈ വിഭാഗങ്ങള്‍ക്ക് കിട്ടുന്ന വിഹിതത്തില്‍ വര്‍ധനവുണ്ടാകുന്നില്ല. അതിനിടയിലാണ് നിലവിലുള്ള പദ്ധതി വിഹിതവും വെട്ടിച്ചുരുക്കുന്നത്. എന്നിട്ടും ഒരു വെട്ടിക്കുറവും വരുത്തിയിട്ടില്ലെന്നാണ് മന്ത്രി ആവര്‍ത്തിച്ച് പറയുന്നതെന്നും വി ഡി സതീശൻ വിമർശിച്ചു.

ജനുവരി 22 ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ എസ്ടി വിഭാഗത്തിന്റെ പദ്ധതി വിഹിതം വ്യാപകമായി വെട്ടിക്കുറച്ചെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി. വിഹിതം വെട്ടിക്കുറച്ചിട്ടാണ് മുന്‍ഗണനാക്രമം മാത്രമാണ് മാറ്റിയതെന്ന് മന്ത്രി പറഞ്ഞത്. 240 ലക്ഷമുള്ള പദ്ധതി 200 ലക്ഷമാക്കി കുറച്ചു. ചില പദ്ധതികള്‍ പൂര്‍ണമായും ഒഴിവാക്കി, 25 കോടിയായിരുന്ന പദ്ധതി 20 കോടിയാക്കി, 50 കോടി ഉണ്ടായിരുന്നത് വേണ്ടെന്നു വച്ചു. ഇത്തരത്തില്‍ പദ്ധതികള്‍ വെട്ടിക്കുറയ്ക്കുകയും ഇല്ലാതാക്കുകയും ചെയ്തിരിക്കുകയാണ്. എന്നിട്ടാണ് സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി മന്ത്രി പ്രസംഗിക്കുന്നത്. 502 കോടിയുടെ എസ്ടി പദ്ധതികള്‍ 390 കോടിയായി വെട്ടിച്ചുരുക്കി. 111 കോടി 76 ലക്ഷം രൂപയുടെ പദ്ധതികളാണ് സാമ്പത്തിക വര്‍ഷം അവസാനിരിക്കെ ഈ ജനുവരിയില്‍ സർക്കാർ‌ വെട്ടിച്ചുരുക്കിയത്. എന്നിട്ടാണ് താന്‍ ഒന്നും വെട്ടിയിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ജനുവരി 25 ന് എസ്ടി വകുപ്പുമായി ബന്ധപ്പെട്ട പദ്ധതി വിഹിതവും വെട്ടിക്കുറച്ച് ഉത്തരവിറക്കി. 1370 കോടിയുടെ പദ്ധതികള്‍ 920 കോടിയാക്കി കുറച്ചു. 449 കോടി 89 ലക്ഷം രൂപയാണ് വെട്ടിച്ചുരുക്കിയത്. മന്ത്രിയുടെ ചില ന്യായീകരണങ്ങള്‍ കേട്ടാല്‍ ഞെട്ടിപ്പോകുമെന്നും വി ഡി സതീശൻ പറഞ്ഞു. കിഫ്ബി നിര്‍മ്മിക്കുന്ന റോഡുകളിലൂടെ പട്ടികജാതിക്കാര്‍ പോകുന്നില്ലേയെന്നും ആശുപത്രികളിലും സ്‌കൂളുകളിലും പട്ടികജാതിക്കാര്‍ പോകുന്നില്ലേയെന്നുമാണ് അദ്ദേഹം ചോദിച്ചത്. അങ്ങനെയെങ്കില്‍ എസ്ടിപി പദ്ധതിയും ടിഎസ്പി പദ്ധതിയും ഉണ്ടാകാന്‍ പാടില്ല. എസ് സി വിഭാഗത്തിന് 10 ശതമാനവും എസ്ടി വിഭാഗത്തിന് രണ്ട് ശതമാനവും പദ്ധതി വിഹിതം നീക്കി വയ്ക്കണമെന്നത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. എസ് സി, എസ്ടി വിഭാഗങ്ങള്‍ക്കു വേണ്ടി പ്രത്യേക പദ്ധതികളാണ് വേണ്ടതെന്നും വി ഡി സതീശൻ പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രി നല്‍കിയ മറുപടി അനുസരിച്ച് കിഫ്ബി ചിലവഴിച്ച 30,000 കോടിയോളം തുകയില്‍ 81.06 കോടി മാത്രമാണ് എസ് സി/എസ്ടി വിഭാഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്നതെന്നും വി ഡി സതീശൻ വ്യക്തമാക്കി. ഇത് സഞ്ചിത നിധിയില്‍ നിന്നും കിഫ്ബിയിലേക്ക് മാറ്റിയ പണമാണെന്ന് ഓര്‍ക്കണം. കിഫ്ബി ഇല്ലായിരുന്നെങ്കില്‍ സഞ്ചിത നിധിയില്‍ ആ പണം കിടന്നേനെ. അതില്‍ നിന്നും പത്ത് ശതമാനമായ 3000 കോടി എസ് സി വിഭാഗത്തിന് കിട്ടുമായിരുന്നു. എന്നിട്ടാണ് കിഫ്ബിയില്‍ നിന്നും 81 കോടി രൂപ മാത്രം എസ് സിക്കും എസ്ടിക്കും നല്‍കിയത്. അങ്ങനെയുള്ളവരാണ് അവര്‍ പൊതുവായി പണിത സ്‌കൂളിലും റോഡിലും ആശുപത്രിയിലും കയറിക്കോട്ടെയെന്നു പറയുന്നത് എന്നും വി ഡി സതീശൻ വിമർശിച്ചു.

ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടില്ലാത്ത എസ്ടി വിഭാഗങ്ങള്‍ക്ക് 140 കോടിയാണ് വകയിരുത്തിയത്. സാമ്പത്തിക വര്‍ഷം തീരാറായിട്ടും ഈ വിഹിതത്തില്‍ നിന്നും ചെലവഴിച്ചത് വട്ടപ്പൂജ്യമാണ്. ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. എന്നിട്ടാണ് ഈ വിഷയം കൊണ്ടുവരാന്‍ പാടില്ലെന്നു പറയുന്നത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി എസ് സി വിഭാഗത്തിന് മന്ത്രിയില്ലാത്ത സ്ഥിതിയാണ്. കര്‍ണാടകത്തില്‍ ആഭ്യന്തര മന്ത്രി പട്ടികജാതിക്കാരനാണ്. പിഡബ്ല്യൂഡി മന്ത്രി പട്ടിക വര്‍ഗക്കാരനാണ്. സിവില്‍ സപ്ലൈസ് മന്ത്രിയും പട്ടികജാതിക്കാരനാണ്. ഇതു കൂടാതെ പട്ടികജാതി വകുപ്പിനും മന്ത്രിയുമുണ്ട്. ഇതൊക്കെ പറയുമ്പോള്‍ ശ്രദ്ധിക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.

പട്ടികജാതി വിഭാഗത്തിലെ പെണ്‍കുട്ടികളുടെ കഴിവുകള്‍, വിദ്യാഭ്യാസം, സാമൂഹിക നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള വാത്സല്യനിധിക്ക് പത്ത് കോടി രൂപയായിരുന്നു പദ്ധതി വിഹിതം. ഇതില്‍ ഒരു രൂപ പോലും നല്‍കേണ്ടെന്നതാണ് പുതിയ തീരുമാനം. വാത്സല്യനിധി പദ്ധതിയോട് ധനകാര്യമന്ത്രി കാട്ടിയ വാത്സല്യമാണിത്. വിദേശത്ത് പഠിക്കുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നു. വിംഗ്‌സ് എന്ന പദ്ധതിയെ കുറിച്ച് ധനമന്ത്രി പറഞ്ഞു. എന്നാല്‍ ആ പദ്ധതിക്ക് വകയിരുത്തിയ 2 കോടി രൂപ ഒരു കോടിയായി വെട്ടിക്കുറച്ചെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

2018 മുതല്‍ 21 വരെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പട്ടികജാതി വിഭാഗത്തിലെ 19379 പോസ്റ്റ് മെട്രിക് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടില്ലെന്ന് എ ജിയുടെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. വയനാട് ജില്ലകളില്‍ ഉള്‍പ്പെടെ എത്ര കുട്ടികളാണ് പഠനം അവസാനിപ്പിച്ച് പോകുന്നതെന്ന് സര്‍ക്കാര്‍ അന്വേഷിച്ചിട്ടുണ്ടോ? എല്ലാ മാസവും കൊടുത്തിരുന്ന ഹോസ്റ്റല്‍ ഫീസും ഇ ഗ്രാന്റ്സും വര്‍ഷത്തിലാക്കി. എന്നിട്ടും കൊടുക്കാന്‍ സാധിച്ചില്ല. എത്രയോ പേരാണ് ഹോസ്റ്റലുകളില്‍ ഫീസ് നല്‍കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് അപമാനിക്കപ്പെടുന്നത്. ഇതൊക്കെ നിങ്ങള്‍ അന്വേഷിച്ചിട്ടുണ്ടോ? എന്താണ് നിങ്ങളുടെ മുന്‍ഗണന? നമ്മള്‍ കൊടുക്കുന്ന ഔദാര്യമല്ല. സംവരണത്തിന്റെ ഭാഗമായി അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനു വേണ്ടിയുള്ളതാണ് ഈ പദ്ധതികളെല്ലാം എന്നും വി ഡി സതീശൻ ഓർമ്മിപ്പിച്ചു.

Content Highlights: VD Satheesan Criticized the Government Over Reduce SC-ST Fund

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us