'നഴ്സിം​ഗ് കോളജിലെ റാഗിംഗ് കണ്ണില്ലാത്ത ക്രൂരത, ക്രിമിനലുകൾക്ക് സിപിഐഎം സംരക്ഷണം നൽകരുത്'; വി ഡി സതീശൻ

'രാഷ്ട്രീയ സംഘടനകളുടെ ബലത്തിൽ ലഹരി സംഘങ്ങളിലെ കണ്ണികളായി വിദ്യാർഥികൾ മാറുന്നു'

dot image

കോട്ടയം: ​ഗാന്ധിന​ഗർ നഴ്സിം​ഗ് കോളജിലെ റാഗിംഗ് കണ്ണില്ലാത്ത ക്രൂരതയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഐഎം അനുകൂല സംഘടനയുടെ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലാണ് റാഗിംഗ് നടന്നത്. ക്രിമിനലുകൾക്ക് സിപിഐഎം സംരക്ഷണം നൽകരുതെന്നും വി ഡി സതീശൻ പറഞ്ഞു.

രാഷ്ട്രീയ സംഘടനകളുടെ ബലത്തിൽ ലഹരി സംഘങ്ങളിലെ കണ്ണികളായി വിദ്യാർഥികൾ മാറുന്നുവെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. സംഭവത്തിൽ സർക്കാർ കർശന നടപടി ഉറപ്പ് വരുത്തണം. ഹോസ്റ്റൽ ചുമതലക്കാർക്കും അധ്യാപകർക്കും വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം. ക്രിമിനലുകൾക്ക് സിപിഐഎം രാഷ്ട്രീയ രക്ഷകർതൃത്വം നൽകരുതെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

നഴ്സിം​ഗ് കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിയെ മൂന്നാം വർഷ വിദ്യാ‍ർഥികൾ ചേർന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കോമ്പസ് വെച്ച് ശരീരത്തിൽ കുത്തി മുറവേൽപ്പിക്കുന്നതും അതിന് ശേഷം മുറിവിൽ ലോഷനൊഴിച്ച് വീണ്ടും വേദനിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിന് പുറമെ വിദ്യാർഥിയുടെ സ്വകാര്യ ഭാ​ഗത്ത് ​ഡമ്പൽ വെയ്ക്കുന്നതും വീഡിയോയിൽ കാണാം. വിദ്യാർഥി കരഞ്ഞ് അപേക്ഷിച്ചിട്ടും ഇവർ പ്രവർത്തികൾ തുടരുന്നതായാണ് വീഡിയോ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് നഴ്സിംഗ് കോളേജിലെ ഹോസ്റ്റലില്‍ നിന്ന് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ പ്രതികളെ ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെയും പ്രിന്‍സിപ്പലിൻ്റെയും പരാതിയിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. വിവേക്, രാഹുൽ രാജ്, ജീവ, സാമുവൽ ജോൺ, റിജിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ കോളേജിൽ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.

ഒന്നാം വർഷ വിദ്യാർത്ഥികളായ ആറ് പേരെ പ്രതികൾ മാസങ്ങളോളം ക്രൂരമായി റാ​ഗിം​ഗ് ചെയ്തിരുന്നുവെന്നും നിരന്തരമായി വിദ്യാർത്ഥികളോട് പണം ആവശ്യപ്പെട്ടിരുന്നതായും പരാതിയില്‍ പറയുന്നു. വിദ്യാർത്ഥികളുടെ നഗ്ന ചിത്രങ്ങൾ പകർത്തിയെന്നും പരാതി ഉയർന്നിരുന്നു. റാഗിം​ഗ് ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ബിഎൻഎസ് 118, 308, 351 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കോമ്പസ് ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ ഡമ്പല്‍ തൂക്കുകയും ചെയ്തതായി വിദ്യാർത്ഥികൾ പരാതിയില്‍ പറഞ്ഞിരുന്നു. മൂന്ന് മാസത്തോളം പീഡനങ്ങള്‍ തുടര്‍ന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

Content Highlights: Opposition Leader VD Satheesan on Gandhinagar Nursing College Ragging Case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us