
കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച ലീലയ്ക്ക് ആനയുടെ ചിവിട്ടേറ്റുവെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോർട്ട്. കെട്ടിടം ദേഹത്ത് വീണാണ് അമ്മു അമ്മയും രാജനും മരിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു.
മരിച്ച ലീലയ്ക്ക് ആനയുടെ ചവിട്ടേറ്റുവെന്ന് ഇൻക്വസ്റ്റ് സാക്ഷി റിപ്പോർട്ടറിനോട് പറഞ്ഞു. ലീലയുടെ കഴുത്തിനാണ് ചവിട്ടേറ്റത്. അവർ രണ്ട് ആനകൾക്കിടയിൽപ്പെട്ടതായി സംശയമുണ്ട്. ലീലയുടെ കാലുകൾക്ക് ഗുരുതര പരിക്കേറ്റിരുന്നുവെന്നും ഇൻക്വസ്റ്റ് സാക്ഷി പറഞ്ഞു.
ഉത്സവത്തിന് ആനകൾ ഇടഞ്ഞതിൽ നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം ഉണ്ടായെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി പറഞ്ഞു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വനം മന്ത്രിക്ക് കൈമാറി. കൂടുതൽ കാര്യങ്ങൾ വനം മന്ത്രി പറയും. വീഴ്ചയില്‍ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അവര്‍ പ്രതികരിച്ചു. എഡിഎമ്മും വനം വകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് കൊടുത്തിട്ടുണ്ട്. പടക്കം പൊട്ടിച്ച സംഭവം, രണ്ട് ആനകളെ എഴുന്നള്ളിപ്പിക്കുമ്പോള്‍ പാലിക്കേണ്ട അകലം ഇതൊക്കെ സംബന്ധിച്ച് റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം.
പടക്കം പൊട്ടിച്ചതില്‍ ക്ഷേത്രത്തിന് പങ്കില്ലെന്നാണ് ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ ഷെനീത് എല്‍ ജി പ്രതികരിച്ചത്. ജനങ്ങളാണ് പടക്കം പൊട്ടിക്കുന്നതെന്നും ഷെനീത് പറഞ്ഞു. ക്ഷേത്ര കോമ്പൗണ്ടിനകത്ത് പടക്കം പൊട്ടിച്ചിട്ടില്ല. ആചാരമായാണ് കതിന പൊട്ടിച്ചത്. ഒരു ചട്ടലംഘനവും ഉണ്ടായിട്ടില്ല. കേസെടുത്താല്‍ നിയമപരമായി നേരിടും. കേസെടുക്കേണ്ട കാര്യമില്ലെന്നും ചെയര്‍മാന്‍ പ്രതികരിച്ചു.
അപകടത്തില്‍ ആളുകള്‍ മരിച്ചതില്‍ ദുഃഖസൂചകമായി നഗരസഭയിലെ ഒൻപത് വാര്‍ഡുകളില്‍ ആചരിക്കുന്ന ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. നഗരസഭയിലെ 17,18 വാര്‍ഡുകളിലും 25 മുതല്‍ 31 വരെയുള്ള വാര്‍ഡുകളിലുമാണ് ഹർത്താൽ. കാക്രട്ട്കുന്ന്, അറുവയല്‍, അണേല കുറുവങ്ങാട്, കണയങ്കോട്, വരകുന്ന്, കുറുവങ്ങാട്, മണമല്‍, കോമത്തകര, കോതമംഗലം എന്നീ വാര്‍ഡുകളിലാണ് ഹര്‍ത്താല്‍.
Content Highlights: A Women Death after Elephant Kick Says by Post Mortem Report in Koyilandy Temple Incedent