പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ A.M.M.A; പത്രസമ്മേളനത്തിലെ പരാമർശങ്ങൾക്കെതിരെ വിമർശനം

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻ്റിനെ അഭിസംബോധന ചെയ്തു കൊണ്ടാണ് A.M.M.A കത്ത് തയ്യാറാക്കിയിരിക്കുന്നത്

dot image

കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ A.M.M.A രംഗത്ത്. നിർമ്മാതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിലെ പരാമർശങ്ങൾക്കെതിരെയാണ് A.M.M.A രംഗത്ത് വന്നിരിക്കുന്നത്. 500ലധികം അംഗങ്ങളുള്ള A.M.M.Aയെ മോശമായി പരാമർശിച്ചതിലും പ്രതിഷേധം. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻ്റിനെ അഭിസംബോധന ചെയ്തു കൊണ്ടാണ് A.M.M.A കത്ത് തയ്യാറാക്കിയിരിക്കുന്നത്.

'പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ ചിലർ വാർത്താ സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ ഞങ്ങളുടെ സംഘടനയിലെ അംഗങ്ങൾക്ക് വിഷമം ഉണ്ടാക്കിയെന്ന് കത്തിൽ പറയുന്നു. അഞ്ഞൂറിലധികം അംഗങ്ങളുള്ള, നല്ല രീതിയിൽ നടന്നുവരുന്ന മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയെ വളരെ മോശമായ രീതിയിൽ പരാമർശിച്ചതിൽ ഞങ്ങൾക്കുള്ള പ്രതിഷേധം അറിയിക്കട്ടെ. ധാർമ്മികമായ ചില തീരുമാനങ്ങളെ മുൻനിർത്തി നിലവിലുണ്ടായിരുന്ന ഭരണ സമിതി പിരിച്ച് വിട്ട് അതേ ഭരണസമിതി തന്നെ ഒരു അഡ്ഹോക്ക് കമ്മറ്റിയായി അടുത്ത ജനറൽ ബോഡി മീറ്റിങ് വരെ പ്രവർത്തിക്കുക എന്നത് സംഘടനാ പ്രവർത്തന പരിചയം ഉള്ളവരോട് പ്രത്യേകം മനസ്സിലാക്കിത്തരേണ്ട ആവശ്യമില്ലല്ലോ', എന്ന് കത്തിൽ പറയുന്നു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി സഹകരിച്ച് ഷോ നടത്തിയ കാര്യവും കത്തിൽ A.M.M.A ഓർമ്മിപ്പിക്കുന്നുണ്ട്. ഈ തരത്തിൽ നല്ല നിലയിൽ പ്രവർത്തിച്ച് വരുന്ന A.M.M.A സംഘടനയെ നാഥനില്ലാ കളരി എന്നെല്ലാം വിശേഷിപ്പിക്കാൻ തോന്നിയ അപക്വബുദ്ധിയെ ഞങ്ങൾ അപലപിക്കുന്നുവെന്നും കത്തിൽ ചൂണ്ടിക്കാണിച്ചുണ്ട്.

പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കേണ്ടതും മേലിൽ അനൌചിത്യപരമായ പ്രസ്താവനകൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്ന് ഉറപ്പ് തരേണ്ടതും സംഘടനയുടെ പ്രസിഡൻ്റ് എന്ന നിലയിൽ ധാർമ്മികമായ ഉത്തരവാദിത്വമാണെന്നും കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മലയാള സിനിമയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സഹോദര സംഘടനകൾ തമ്മിൽ സംഘടനാപരമായ ഐക്യം ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും A.M.M.Aകത്തിൽ ചൂണ്ടികാണിച്ചിട്ടുണ്ട്. A.M.M.Aയുടെ അഡ്ഹോക്ക് കമ്മിറ്റിയ്ക്ക് വേണ്ടിയാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്.

Content Highlights: A.M.M.A Against Kerala Filim Producers Association

dot image
To advertise here,contact us
dot image