
കോട്ടയം: ഗാന്ധിനഗര്‍ നഴ്സിംഗ് കോളേജിലെ റാഗിംഗിൽ പ്രിൻസിപ്പലിനും അസിസ്റ്റന്റ് പ്രൊഫസർക്കും സസ്പെൻഷൻ. പ്രിന്‍സിപ്പല്‍ പ്രൊഫ. സുലേഖ എ ടി, അസിസ്റ്റന്റ് വാര്‍ഡന്റെ ചുമതലയുള്ള അസി. പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിര്‍ദേശം നൽകിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് നടപടി
കേസിൽ പരാതിക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. റാഗിംഗിന് കാരണം പിറന്നാള്‍ ആഘോഷത്തിന് പണം നല്‍കാതിരുന്നതാണെന്നാണ് പരാതിക്കാര്‍ നൽകിയിരിക്കുന്ന മൊഴി. ഡിസംബര്‍ 13ന് ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരായ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.
മൂന്ന് മാസത്തിലേറെ നീണ്ട അതിക്രൂരമായ റാഗിംഗാണ് ഗാന്ധിനഗര്‍ നഴ്‌സിംഗ് കോളേജില്‍ നടന്നത്. ഫെബ്രുവരി 9നും സമാന രീതിയില്‍ റാഗിംഗ് നടന്നിരുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം ഹോസ്റ്റല്‍ വാര്‍ഡന്റെ മൊഴിയില്‍ സംശയമുള്ളതായി പൊലീസ് വ്യക്തമാക്കി. രാത്രികാലങ്ങളില്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നില്ലെന്നാണ് വാര്‍ഡന്റെ മൊഴി. ഇയാളെ വീണ്ടും ചോദ്യം ചെയ്‌തേക്കും.
കേസില്‍ ഗാന്ധിനഗര്‍ നഴ്സിംഗ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ സാമുവല്‍ ജോണ്‍, രാഹുല്‍ രാജ്, റിജില്‍, വിവേക്, ജീവ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റാഗിംഗ് നിരോധന നിയമപ്രകാരവും ഭാരതീയ ന്യായ സംഹിത 118, 308, 350 എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ആവശ്യമെങ്കില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. കേസെടുത്തതിന് പിന്നാലെ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Content Highlight: Kottayam Raging case: Principal suspended