നഴ്‌സിംഗ് കോളേജിലെ റാഗിംഗ്:ഹോസ്റ്റൽ വാര്‍ഡന്റെ മൊഴിയിൽ സംശയം; ഇന്ന് തന്നെ വിശദമായ മൊഴി രേഖപ്പെടുത്താന്‍ സാധ്യത

രാത്രികാലങ്ങളില്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നില്ലെന്നാണ് വാര്‍ഡന്റെ മൊഴി

dot image

കോട്ടയം: ഗാന്ധിനഗര്‍ നഴ്‌സിംഗ് കോളേജിലെ ഹോസ്റ്റല്‍ വാര്‍ഡന്റെ മൊഴിയില്‍ പൊലീസിന് സംശയം. വാര്‍ഡന്റെ മൊഴി വിശദമായി രേഖപ്പെടുത്തും. രാത്രികാലങ്ങളില്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നില്ലെന്നാണ് വാര്‍ഡന്റെ മൊഴി. ഇന്ന് തന്നെ ഹോസ്റ്റലില്‍ എത്തി വാര്‍ഡന്റെ മൊഴി രേഖപ്പെടുത്താനാണ് സാധ്യത.

അതേസമയം റാഗിംഗ് കേസില്‍ ഗാന്ധിനഗര്‍ നഴ്‌സിംഗ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ സാമുവല്‍ ജോണ്‍, രാഹുല്‍ രാജ്, റിജില്‍, വിവേക്, ജീവ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റാഗിംഗ് നിരോധന നിയമപ്രകാരവും ബിഎന്‍എസ് 118, 308, 350 എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് പ്രതികള്‍ക്കെതിരെ നിലവില്‍ കേസെടുത്തിരിക്കുന്നത്. ആവശ്യമെങ്കില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലും പ്രതികള്‍ക്കെതിരെ ചുമത്തും.

നഴ്‌സിംഗ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ അതിക്രൂരമായ റാഗിംഗിനാണ് ഇരയായത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കോമ്പസ് വെച്ച് ശരീരത്തില്‍ കുത്തി മുറിവേല്‍പ്പിക്കുന്നതും അതിന് ശേഷം മുറിവില്‍ ലോഷനൊഴിച്ച് വീണ്ടും വേദനിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന് പുറമെ വിദ്യാര്‍ഥിയുടെ സ്വകാര്യ ഭാഗത്ത് ഡമ്പല്‍ വെയ്ക്കുന്നതും വീഡിയോയില്‍ കാണാം. വിദ്യാര്‍ഥി കരഞ്ഞ് അപേക്ഷിച്ചിട്ടും ഇവര്‍ പ്രവര്‍ത്തികള്‍ തുടരുന്നതായാണ് വീഡിയോ സൂചിപ്പിക്കുന്നത്.

Content Highlights: Nursing College ragging case police will questioning hostel Warden

dot image
To advertise here,contact us
dot image