
തിരുവനന്തപുരം: കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ദ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിൽ എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ വളർച്ചയെ ശശി തരൂർ പ്രശംസിച്ചത്. 2024-ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാർട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാൾ അഞ്ചിരട്ടി അധികമാണെന്ന് ലേഖനത്തിൽ പറയുന്നു. പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ ‘ചെയ്ഞ്ചിംഗ് കേരള; ലംബറിങ് ജമ്പോ റ്റു എ ലൈത് ടൈഗർ’ എന്ന തലക്കെട്ടിലാണ് ലേഖനമുള്ളത്. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ 28–ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഒന്നാം സ്ഥാനത്തേക്കെത്തിയതിനെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നു.
''സിംഗപ്പൂരിലോ അമേരിക്കയിലോ ഒരു ബിസിനസ് തുടങ്ങാൻ മൂന്ന് ദിവസം എടുക്കുമ്പോൾ, ഇന്ത്യയിൽ ശരാശരി 114 ദിവസം എടുക്കും. കേരളത്തിൽ 236 ദിവസവും. എന്നാൽ രണ്ടാഴ്ച മുമ്പ് "രണ്ട് മിനിറ്റിനുള്ളിൽ" ഒരു ബിസിനസ് തുടങ്ങാൻ കഴിയുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചു. കേരളത്തെക്കുറിച്ച് നമ്മളെല്ലാവരും കേട്ടതും കരുതിയതുമായ കാര്യങ്ങളിൽ നിന്നുള്ള സ്വാഗതാർഹമായ മാറ്റമാണിത്'', ശശി തരൂർ കുറിച്ചു.
സംരംഭങ്ങൾക്ക് ഏകജാലകത്തിലൂടെ അനുമതികൾ ലഭിക്കുമെന്ന് മാത്രമല്ല അത് കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടാണ് സംഭവിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു. രാജീവ് ചൂണ്ടിക്കാണിച്ചതുപോലെ, ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ കേരളം 28-ാം സ്ഥാനത്ത് നിന്ന് ഒന്നാമതെത്തിയിട്ടുണ്ട്. എഐ, ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ, മെഷീൻ ലേണിംഗ് എന്നിവയുൾപ്പെടെ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സംസ്ഥാനം ഒരു പുതിയ വ്യവസായ നയം നടപ്പാക്കിയിട്ടുണ്ട്. ‘ഇയർ ഓഫ് എന്റർപ്രൈസസ്’ ഉദ്യമത്തിലൂടെ 2,90,000 എംഎസ്എംഇകൾ സ്ഥാപിക്കപ്പെട്ടുവെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.
സ്ത്രീ, ട്രാൻസ്‌ജെൻഡർ സംരംഭകർക്ക് കൃത്യമായ പിന്തുണ നൽകിയിട്ടുണ്ടെന്നും ശശി തരൂർ പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാട് ബിസിനസിന്റെ കാര്യത്തിൽ ചെകുത്താന്റെ കളിസ്ഥലമാണ് എന്ന് താൻ മുൻപ് പറയാറുണ്ടായിരുന്നു. അതിൽ മാറ്റം വന്നെങ്കിൽ അത് ആഘോഷിക്കേണ്ടതാണെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. ഇന്ത്യയുടെ സംരംഭക ആവാസവ്യവസ്ഥ വികസിക്കുമ്പോൾ, സാമ്പത്തിക നവീകരണത്തിന്റെയും സുസ്ഥിര വളർച്ചയുടെയും മാതൃകയായി കേരളം വേറിട്ടുനിൽക്കാൻ തുടങ്ങിയിരിക്കുന്നു. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും തരൂർ പറഞ്ഞു.
Content Highlights: shashi tharoor about Kerala's economic innovation and sustainable growth