
കൊച്ചി: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഹൈവേ പട്രോൾ വാഹനങ്ങളിലും കൺട്രോൾ റൂം വാഹനങ്ങളിലും മിന്നൽ പരിശോധന നടത്തി വിജിലൻസ്. വിജിലൻസ് സെൻട്രൽ റേഞ്ച് പരിധിയിലുള്ള എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലായിരുന്നു പുലർച്ചെ പരിശോധന നടന്നത്. 13 ഹൈവേ പട്രോൾ വാഹനങ്ങളും 12 കൺട്രോൾ റൂം വാഹനങ്ങളുമാണ് പരിശോധിച്ചത്.
മണ്ണാർക്കാട് ഹൈവേ പട്രോൾ വാഹനത്തിൽ നിന്ന് കണക്കിൽപ്പെടാത്ത 2850 രൂപയാണ് കണ്ടെത്തിയത്. പെരുമ്പാവൂർ കൺട്രോൾ വാഹനത്തിൽ നിന്ന് 2000 രൂപയും മുവാറ്റുപുഴ, കൂത്താട്ടുകുളം, കാലടി മേഖലയിലെ ഹൈവേ പട്രോൾ വാഹനത്തിൽ പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചതായും കണ്ടെത്തിയിരുന്നു. ഹൈവേയിൽ നിന്ന് നീങ്ങിയാണ് ഹൈവേ പട്രോൾ വാഹനം കിടന്നിരുന്നത്. 3 എസ്ഐമാരും ഒരു എഎസ്ഐയും 2 ഗ്രേഡ് സിപിഒമാരും ഡ്രൈവർമാരായ 3 പൊലീസുകാരും ഉൾപ്പെടെ 9 പേരാണ് പിടിക്കപ്പെട്ടിട്ടുള്ള ഈ വാഹനങ്ങളിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്.
സെൻട്രൽ റേഞ്ച് പൊലീസ് സൂപ്രണ്ട് എസ് ശശിധരന്റെ നേതൃത്വത്തിൽ 5 ഡിവൈഎസ്പിമാരും 12 ഇൻസ്പെക്ടർമാരും അറുപതോളം വിജിലൻസ് ഉദ്യോഗസ്ഥരുമായിരുന്നു പരിശോധനയിൽ പങ്കെടുത്തത്.
Content Highlight: Vigilance carried out raid in Highway patrol vehicles, found unaccounted money, drunk police officers