മുണ്ടക്കൈ ചൂരൽമല പുനരധിവാസം; യോ​ഗം വിളിച്ച് മുഖ്യമന്ത്രി

പുനർനിർമാണത്തിനുള്ള കേന്ദ്ര വായ്പ വിനിയോഗം യോ​ഗത്തിൽ ചർച്ചയാകും

dot image

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിൽ യോ​ഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്ച വൈകിട്ട് 5 ന് തിരുവനന്തപുരത്ത് വെച്ചായിരിക്കും യോ​ഗം നടക്കുക. പുനർനിർമാണത്തിനുള്ള കേന്ദ്ര വായ്പ വിനിയോഗം യോ​ഗത്തിൽ ചർച്ചയാകും.

ഈ സാമ്പത്തിക വർഷം പണം ചിലവഴിക്കണമെന്ന നിബന്ധനയിൽ സംസ്ഥാന നിലപാട് തീരുമാനിച്ചേക്കും. സമയം നീട്ടി നൽകണമെന്നുള്ള നിർദേശങ്ങൾ അടക്കം യോ​ഗത്തിൽ പരിഗണിക്കും. പുനരധിവാസ അവലോകനവും യോഗം വിലയിരുത്തും.

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് 529.50 കോടി രൂപയുടെ പലിശ രഹിത വായ്പ കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു. 16 പുനര്‍ നിര്‍മാണ പദ്ധതികള്‍ക്കാണ് കേന്ദ്രസർക്കാർ സഹായം പ്രഖ്യാപിച്ചത്. കെട്ടിട നിർമാണം, സ്കൂൾ നവീകരണം, റോഡ് നിർമാണം, പുഴയുടെ ഒഴുക്ക് ക്രമീകരിക്കൽ എന്നിവയ്ക്ക് പണം ചിലവഴിക്കാം. ടൗൺഷിപ്പിനായും പണം വിനിയോഗിക്കാം. ഈ സാമ്പത്തിക വർഷം നിർമാണം തുടങ്ങണമെന്നാണ് നിബന്ധന. സംസ്ഥാനങ്ങള്‍ക്കുള്ള മൂലധന നിക്ഷേപ സഹായത്തില്‍ ഉള്‍പ്പെടുത്തിയാണ് വായ്പ അനുവദിച്ചിരിക്കുന്നത്. വായ്പയ്ക്ക് പലിശ നല്‍കേണ്ടതില്ല. എന്നാൽ ഈ തുക മാർച്ച് 31നകം ചിലവഴിക്കണം. അതിന് പുറമേ നിശ്ചിത പദ്ധതികൾ പൂർത്തീകരിച്ച് സർട്ടിഫിക്കറ്റ് എന്ന നിർദേശവും കേന്ദ്രധനമന്ത്രാലയത്തിന്റെ ഉത്തരവിലുണ്ട്.

ടൗൺഷിപ്പിൽ പുനരധിവാസത്തിന് പൊതുകെട്ടിടങ്ങളുടെ നിർമാണം, റോഡ് നിർമാണം, പുന്നപ്പുഴ നദിയിൽ എട്ട് കിലോമീറ്റർ ഭാ​ഗത്തെ ഒഴുക്ക് ക്രമീകരിക്കൽ, അ​ഗ്നിശമന നിലയം, മുട്ടിൽ-മേപ്പാടി റോഡ് നവീകരണം എന്നിവയുൾപ്പെടെ 16 പദ്ധതികളാണ് സംസ്ഥാനം മുന്നോട്ടുവെച്ചിരിക്കുന്നത്. ലഭിച്ചിരിക്കുന്ന തുക ചുരുങ്ങിയ സമയം കൊണ്ട് സുപ്രധാന പദ്ധതികൾക്ക് വേണ്ടി വിനിയോ​ഗിക്കണമെന്നും സർട്ടിഫിക്കറ്റ് സമർപ്പിക്കണം എന്നുമുള്ള കേന്ദ്രത്തിന്റെ നിലപാട് അപ്രായോ​ഗികമാണ്.

Content Highlight: Chief Minister Pinarayi Vijayan calls for meet in Mundakkai chooralmala rehabilitation

dot image
To advertise here,contact us
dot image