അതിമോഹം വന്നിട്ടല്ലേ ഇതൊക്കെ ചെയ്തത്; പണം നഷ്ടപ്പെട്ട വീട്ടമ്മയോട് മന്ത്രി കെ കൃഷ്ണന്‍കുട്ടി

തന്റെ ഓഫീസില്‍ വെച്ച് പണപിരിവ് നടത്തിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും മന്ത്രി

dot image

പാലക്കാട്: പകുതി വില തട്ടിപ്പിന് ഇരയായ വീട്ടമ്മയോട് കയര്‍ത്ത് മന്ത്രി കെ കൃഷ്ണന്‍കുട്ടി. മന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് തങ്ങള്‍ പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്തവര്‍ക്ക് പണം നല്‍കിയതെന്നും മന്ത്രി ഇടപെട്ട് പണം തിരികെ വാങ്ങിതരണമെന്നും റിപ്പോർട്ടറിലൂടെ ആവശ്യപ്പെട്ട പരാതിക്കാരിയോടാണ് മന്ത്രി കയര്‍ത്തത്. അതിമോഹം വന്നിട്ടല്ലേ ഇതൊക്കെ ചെയ്തതെന്ന് മന്ത്രി പരാതിക്കാരിയോട് ചോദിച്ചു. റിപ്പോർട്ടറിൽ പരാതിക്കാരി വിവരങ്ങൾ പറഞ്ഞപ്പോഴാണ് ആ സമയം ലൈനിലുണ്ടായിരുന്ന മന്ത്രി വീട്ടമ്മയോട് പ്രതികരിച്ചത്.

മന്ത്രി ഇടപെട്ട് പണം തിരികെ വാങ്ങിത്തരണമെന്ന് പറഞ്ഞപ്പോള്‍, 'നിങ്ങള്‍ പൊലീസില്‍ പരാതി പറയൂ. എന്നോട് പറഞ്ഞിട്ടല്ലല്ലോ ഇടപാട് നടത്തിയത്. അതിമോഹം വന്നിട്ടല്ലേ ഇതൊക്കെ ചെയ്തത്. അതൊന്നും പറയണ്ട. വെറുതെ കിട്ടുന്നുവെന്ന് പറഞ്ഞപ്പോള്‍ പോയതല്ലേ. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്', എന്നാണ് മന്ത്രി പറഞ്ഞത്. തന്റെ ഓഫീസില്‍ വെച്ച് പണപിരിവ് നടത്തിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് ചിറ്റൂര്‍ മണ്ഡലത്തിലെ പണം നഷ്ടമായ വീട്ടമ്മമാരാണ് ജെഡിഎസ് പഞ്ചായത്ത് അംഗമായ പ്രീതി രാജന് മന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് പണം കൈമാറിയതെന്ന് ആരോപിച്ചത്. സീഡ് സൊസൈറ്റിയുടെ ചിറ്റൂര്‍ കോര്‍ഡിനേറ്ററാണ് പ്രീതി രാജന്‍. സര്‍ക്കാര്‍ പദ്ധതിയെന്ന പേരിലാണ് പണപ്പിരിവ് നടത്തിയതെന്നും തട്ടിപ്പില്‍ മന്ത്രിയുടെ പി എയ്ക്കും പങ്കുണ്ടെന്നും പരാതിക്കാര്‍ ആരോപിച്ചിരുന്നു. ഇതും മന്ത്രി നിഷേധിച്ചു.

'പിഎയ്ക്ക് ഇതില്‍ യാതൊരു പങ്കുമില്ല. പണപിരിവ് നടത്തിയോ എന്ന് അറിയില്ല. വഞ്ചന നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണം. കള്ളത്തരത്തിന് ജീവിതത്തില്‍ കൂട്ടുനില്‍ക്കില്ല. പണം കിട്ടണമെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ എന്തുചെയ്യാനാണ്. മന്ത്രിയുടെ ഓഫീസില്‍ എത്രയോ പേര്‍ വരുന്നതാണ്. കള്ളന്മാരും നാട്ടുകാരുമെല്ലാ അതിലുണ്ടാവില്ലേ', എന്നും മന്ത്രി ചോദിച്ചു.

Content Highlights: Half Price Scam happend due to ambitious, Minister K Krishnankutty to housewife who lost money

dot image
To advertise here,contact us
dot image