![search icon](https://www.reporterlive.com/assets/images/icons/search.png)
തിരുവനന്തപുരം: പക്ഷപാതരമായി പെരുമാറിയെന്ന് കാട്ടി ചീഫ് സെക്രട്ടറി ശാരദ മുരളീധരന് കത്തയച്ച് എന്‍ പ്രശാന്ത് ഐഎഎസ്. മതാടിസ്ഥാനത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ വ്യവസായ വകുപ്പ് മുന്‍ ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെ സര്‍വീസില്‍ തിരിച്ചെടുത്തുവെന്നും എന്നാല്‍ ഒരു പരാതി പോലുമില്ലാത്ത തന്നെ പുറത്ത് നിര്‍ത്തുന്നുവെന്നും പ്രശാന്ത് ആരോപിച്ചു. ചീഫ് സെക്രട്ടറിക്ക് തന്നെ അയച്ച കത്തിലാണ് പ്രശാന്ത് ഇക്കാര്യങ്ങള്‍ പറയുന്നത്.
അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെ സംരക്ഷിച്ച ചീഫ് സെക്രട്ടറി തനിക്കെതിരെ നടപടിയെടുത്തത് അനീതിയാണെന്നും അച്ചടക്ക നടപടി തുടരാനാണ് തീരുമാനമെങ്കില്‍ തന്റെ ഭാഗം കേള്‍ക്കണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു. താന്‍ പറയുന്നത് റെക്കോര്‍ഡ് ചെയ്യുകയും തത്സമയം സംപ്രേഷണം ചെയ്യുകയും വേണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
'ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയടക്കം ജയതിലകിനും ഗോപാലകൃഷ്ണനുമെതിരെ ഞാന്‍ ഉന്നയിച്ച പരാതികള്‍ അടിസ്ഥാനരഹിതമാണെന്ന് കാട്ടി ചീഫ് സെക്രട്ടറി തള്ളി. ഇരുവര്‍ക്കുമെതിരെ വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും നടപടിയെടുത്തില്ല. മറുവശത്ത്, പരാതി ഇല്ലാതിരുന്നിട്ടും എനിക്കെതിരെ അന്വേഷണം നടത്തി. നീതിപൂര്‍വമായ അന്വേഷണത്തിനു പകരം മുന്‍വിധിയോടെയാണു ചീഫ് സെക്രട്ടറി പ്രവര്‍ത്തിച്ചത്', കത്തില്‍ പറയുന്നു.
ജനുവരി അഞ്ചിന് താന്‍ ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത് കാണുന്നില്ലെന്ന അറിയിപ്പ് ലഭിച്ചെന്നും ഔദ്യോഗികമായി അയച്ച കത്ത് കാണാതാകുന്നത് ആശങ്കാജനകമാണെങ്കിലും അതില്‍ വലിയ അദ്ഭുതമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ മുന്‍പ് മന്ത്രിക്ക് നല്‍കുകയും പിന്നീട് ജയതിലകിനും ഗോപാലകൃഷ്ണനും ലഭിക്കുകയും ചെയ്ത നിര്‍ണായക രേഖകള്‍ കാണാതെപോയിട്ടുണ്ടെന്നും പ്രശാന്ത് പറഞ്ഞു.
താന്‍ കൈമാറുന്ന രേഖകള്‍ തിരഞ്ഞുപിടിച്ച് നീക്കംചെയ്യുകയാണെന്ന് ആരോപിച്ച പ്രശാന്ത് ജയതിലകും ഗോപാലകൃഷ്ണനും സര്‍വീസില്‍ തുടരുകയും സ്വാധീനശക്തികളായി നില്‍ക്കുകയും ചെയ്യുമ്പോള്‍ രേഖകള്‍ കാണാതെ പോയതു യാദൃച്ഛികമല്ലെന്നും വിമര്‍ശിച്ചു. അതുകൊണ്ട് തന്നെ തെളിവ് ഉറപ്പാക്കാന്‍ ഇമെയില്‍ മുഖാന്തരമായിരിക്കും താന്‍ ഇനി മുതല്‍ രേഖകള്‍ കൈമാറുകയെന്നും പ്രശാന്ത് കത്തില്‍ പറയുന്നു. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ഒഴിവാക്കണമെന്നും ചീഫ് സെക്രട്ടറിക്ക അയച്ച കത്തില്‍ പ്രശാന്ത് ആവശ്യപ്പെട്ടു
Content Highlights: N Prasanth IAS writes letter to Chief Secretary