
ചിന്നക്കനാൽ: മൂന്നാറിൽ റോഡ് തടഞ്ഞ് പടയപ്പ. കന്നിമലയിൽ ബൈക്ക് യാത്രക്കാരേയും പടയപ്പ ആക്രമച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കന്നിമല സ്വദേശി ബാലദണ്ഡൻ, വിഗനേഷ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. മൂപ്പത് മിനിറ്റോളമാണ് പടയപ്പ റോഡ് തടഞ്ഞത്. പിന്നാലെ ആനയെ കാട്ടിലേക്ക് തുരത്തി.
കഴിഞ്ഞ ദിവസവും മൂന്നാറിൽ പടയപ്പയുടെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞദിവസം രാത്രി മുഴുവനും മറയൂർ–മൂന്നാർ റോഡിൽ പടയപ്പ വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്തു. വ്യാഴാഴ്ച രാത്രി 10 മുതൽ കടുകുമുടി എട്ടാംമൈൽ ഭാഗത്താണ് പടയപ്പ വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്തത്. മറയൂരിൽ നിന്ന് തണ്ണിമത്തനുമായി പോയ പിക്കപ്പ് തടഞ്ഞ് തണ്ണിമത്തൻ എടുത്തു തിന്നു.
മൂന്നാറിൽ നിന്ന് മറയൂർ വഴി ഉദുമൽപേട്ടയ്ക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസിന് പിന്നിലേക്കും പടയപ്പ പാഞ്ഞടുത്തു. തുമ്പിക്കൈ ഉയർത്തി ബസിനെ മുട്ടിയുരുമിയെങ്കിലും അൽപസമയത്തിനകം ശാന്തനായി മടങ്ങി. രാത്രി ഒട്ടേറെ വാഹനങ്ങളാണ് പടയപ്പക്ക് മുന്നിൽപ്പെട്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. നിലവിൽ മദപ്പാടിലാണ് പടയപ്പ.
Content Highlight: Padayappa attack again in Munnar, two injured