'മന്ത്രി തുല്യനായ ഒരാൾ കേരളം വ്യവസായ സൗഹൃദമല്ലെന്ന് പറഞ്ഞു, ഇതെങ്ങനെ തോന്നുന്നു?'; വിമർശിച്ച് മുഖ്യമന്ത്രി

'നാടിൻ്റെ നേട്ടം അംഗീകരിക്കണം. അത് എൽഡിഎഫിനെ അംഗീകരിക്കുന്നതല്ല എന്ന് മനസിലാക്കണം'

dot image

കോഴിക്കോട്: കേരളം വ്യവസായ സൗഹൃദമല്ല എന്ന പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി തുല്യനായ ഒരാൾ കേരളം വ്യവസായ സൗഹൃദമല്ലെന്ന് പറഞ്ഞു. ഇതൊക്കെ എങ്ങനെയാണ് തോന്നുന്നതെന്ന് ചോദിച്ച മുഖ്യമന്ത്രി നാടിന്റെ നേട്ടങ്ങളെ അം​ഗീകരിക്കണമെന്നും പറഞ്ഞു.

'നമ്മൾ എവിടെയെങ്കിലും ശുപാർശ ചെയ്ത് നേടിയതല്ല. മന്ത്രി തുല്യനായ ഒരാൾ വ്യവസായ സൗഹൃദമല്ല കേരളമെന്ന് പറഞ്ഞു. ഇതെങ്ങനെ തോന്നുന്നു? ബഹുരാഷ്ട്ര കമ്പനികൾ അടക്കം കടന്നു വരുന്നു. സ്റ്റാർട്ടപ്പുകൾ വളരുന്നു. രാജ്യത്തെ വളർച്ചയേക്കാൾ ഇരട്ടിയാണ് കേരളത്തിലേത്. നാടിൻ്റെ നേട്ടം അംഗീകരിക്കണം. അത് എൽഡിഎഫിനെ അംഗീകരിക്കുന്നതല്ല എന്ന് മനസിലാക്കണം', മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ നന്മയ്‌ക്കോ നേട്ടത്തിനോ ഒപ്പം നിൽക്കാൻ ഇവർക്ക് സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ശശി തരൂർ വിഷയത്തിൽ വിവാദങ്ങളുടെ സമയമല്ലെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. കേരളത്തിലേക്ക് നിക്ഷേപകർ വരുന്ന സമയമാണ്. ആ സമയത്ത് കേരളത്തിൽ തമ്മിൽ തല്ലാണെന്ന പ്രതീതി ഉണ്ടാക്കരുത്. വിമർശിക്കുകയല്ല, തങ്ങൾ ഇതിലും നന്നായി പ്രവർത്തിക്കും എന്നാണ് പ്രതിപക്ഷം പറയേണ്ടത്. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ കോൺ​ഗ്രസ് നേതാവും എംപിയുമായ ശശി തരൂർ കേരളത്തിലെ വ്യവസായ മേഖലയെക്കുറിച്ചെഴുതിയ ലേഖനമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. വ്യവസായ മേഖലയിലെ പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചുകൊണ്ടായിരുന്നു ലേഖനം. 2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി അധികമാണെന്ന് ലേഖനത്തില്‍ പറയുന്നു. ഈ ലേഖനത്തെ തള്ളിയായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശശി തരൂർ അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്ന് സതീശൻ പറഞ്ഞിരുന്നു. കേരളം വ്യവസായ സൗഹൃദമല്ലെന്നും ഒരുപാട് മെച്ചപ്പെട്ടുവരേണ്ടതുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു. അതേസമയം വിമർശനങ്ങൾ ഉയർന്നതോടെ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും നല്ലത് കണ്ടാൽ നല്ലതാണെന്ന് തന്നെ പറയുമെന്നും ശശി തരൂർ പ്രതികരിച്ചു.

Content Highlight: Pinarayi vijayan slams VD Satheesan over his remarks against Kerala's industrial development

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us